ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഡെത്ത് ഓവറില്‍ കളി മുംബൈക്ക് അനുകൂലമാക്കുന്നതില്‍ ബുംറയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ് ബാറ്റ്സ്മാനെ റണ്‍സെടുക്കുന്നതില്‍ നിന്ന് തടയുന്നതില്‍ നിലവിലെ ഏറ്റവും മികച്ചവന്‍ ബുംറയാണ്. കെകെആറിനെതിരായ മത്സരത്തില്‍ നിര്‍ണ്ണായകമായ 19ാം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സാണ് വിട്ടുകൊടുത്തത്.
നിലവിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ബുംറയെങ്കിലും നോബോളിന്റെ കണക്കിലും ബുംറ കേമനാണ്. 2017 മുതല്‍ ഐപിഎല്ലില്‍ കൂടുതല്‍ നോബോളെറിഞ്ഞ താരമെന്ന റെക്കോഡിനുടമ ബുംറയാണ്. 15 നോബോളുകളാണ് ഇക്കാലയളവില്‍ ബുംറ എറിഞ്ഞത്. കെകെആറിനെതിരായ മത്സരത്തിലും ബുംറ ഒരു നോബോള്‍ എറിഞ്ഞു. മുംബൈ നിരയില്‍ കെകെആറിനെതിരായ മത്സരത്തില്‍ നോബോള്‍ എറിഞ്ഞ ഏക താരവും ബുംറയാണ്.
94 ഐപിഎല്ലില്‍ നിന്നായി 111 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. കെകെആറിനെതിരേ നാല് ഓവറില്‍ 28 റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയതെങ്കിലും വിക്കറ്റ് നേടാനായില്ല. ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഇതുവരെ ബുംറക്ക് സാധിച്ചിട്ടില്ല. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.4 ആണ് ബുംറയുടെ ഐപിഎല്‍ ഇക്കോണമി.
നോബോള്‍ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് അങ്കിത് രജപുതാണ്. അവസാന സീസണില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി കളിച്ച താരം നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചതോടെ താരത്തെ ഒഴിവാക്കിയിരുന്നു. ഇത്തവണ ആരും അങ്കിതിനെ വാങ്ങിയിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമാവാന്‍ അങ്കിതിന് സാധിച്ചിട്ടില്ല.
ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ഏഴ് നോബോളുകളാണ് ഈ കാലയളവില്‍ താരം എറിഞ്ഞത്. ഒരു സ്പിന്‍ ബൗളര്‍ ഇത്രയും നോബോള്‍ എറിയുന്നു എന്നതാണ് കൗതുകകരം. ആര്‍സിബിയുടെ വിശ്വസ്തനായ സ്പിന്നറാണ് ചഹാല്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒട്ടും പിശുക്കുകാട്ടാറില്ല.
ആര്‍സിബി പേസര്‍ നവദീപ് സൈനിയും ഏഴ് നോബോളുകള്‍ ഇക്കാലയളവില്‍ എറിഞ്ഞിട്ടുണ്ട്. മികച്ച വേഗമുള്ള സൈനി അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ ആദ്യ മത്സരത്തില്‍ ആര്‍സിബിയുടെ പ്ലേയിങ് 11ല്‍ സൈനിക്ക് അവസരം ലഭിച്ചിരുന്നില്ല. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് സൈനി ഇത്തവണ ഐപിഎല്ലിനെത്തിയത്.