Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബാംഗ്ലൂരിന് ഇത്തവണയും കിരീടമില്ല, പൊരുതിവീണു- കൊല്‍ക്കത്ത മുന്നോട്ട്

1

ഷാര്‍ജ: ഐപിഎല്ലില്‍ കിരീടമില്ലാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടുമൊരു സീസണ്‍ കൂടി അവസാനിപ്പിച്ചു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അവസാന സീസണ്‍ കളിച്ച ആര്‍സിബി എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനോടു തോല്‍ക്കുകയായിരുന്നു. ആവേശകരമായ മല്‍സത്തില്‍ നാലു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഇതോടെ അവര്‍ ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടുകയും ചെയ്തു. ബുധനാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് കെകെആറിന്റെ എതിരാളികള്‍. ഈ കളിയില്‍ ജയിക്കുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും.

എലിമിനേറ്ററില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള കോലിയുടെ തീരുമാനം പാളുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 138 റണ്‍സാണ് ബാംഗ്ലൂരിനു നേടാനായത്. മറുപടിയില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു കെകെആര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 29 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ടോപ്‌സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ (26), സുനില്‍ നരെയ്ന്‍ (26), നിതീഷ് റാണ (23) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. രാഹുല്‍ ത്രിപാഠി (6), ദിനേശ് കാര്‍ത്തിക് (10) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനും (5*) ഷാക്വിബുല്‍ ഹസനും (9*) ചേര്‍ന്ന് കെകെആറിന്റെ ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

2

നേരത്തേ ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ആര്‍സിബിക്കു കെകെആറിന്റെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ മുട്ടിടിക്കുകയായിരുന്നു. ഏഴു വിക്കറ്റിനു 138 റണ്‍സാണ് ബാംഗ്ലൂരിനു നേടാനായത്. ബാംഗ്ലൂര്‍ നിരയില്‍ ആരും അര്‍ധസെഞ്ച്വറി തികച്ചില്ല. 40 റണ്‍സ് പോലും ആരും കടന്നില്ലെന്നതും എടുത്തു പറയേണ്ടതാണ്. 39 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ രകോലിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 33 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് അദ്ദേഹം ആര്‍സിബിയുടെ അമരക്കാരനായത്. ദേവ്ദത്ത് പടിക്കല്‍ (21), ഗ്ലെന്‍ മാക്‌സ്വെല്‍ (15), എബി ഡിവില്ലിയേഴ്‌സ് (13), ഷഹബാസ് അഹമ്മദ് (13), ശ്രീകര്‍ ഭരത് (9), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (9), ഹര്‍ഷല്‍ പട്ടേല്‍ (8*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നാലു വിക്കറ്റുകളെടുത്ത വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു വിക്കറ്റുകള്‍ കൊയ്തത്. ആര്‍സിബി ബാറ്റിങ് നിരയിലെ ഏറ്റവും മികച്ച താരങ്ങളായ കോലി, മാക്‌സ്വെല്‍, എബിഡി എന്നിവരുടെ വിക്കറ്റുകള്‍ നരെയ്ന്‍ പോക്കറ്റിലാക്കി. ശ്രീകര്‍ ഭരതാണ് നാലാമത്തെ ഇര. ലോക്കി ഫെര്‍ഗൂസനു രണ്ടു വിക്കറ്റ് ലഭിച്ചു.

3

ഭേദപ്പെട്ട തുടക്കമായിരുന്നു ആര്‍സിബിയുടേത്. ഓപ്പണിങ് വിക്കറ്റില്‍ കോലി- ദേവ്ദത്ത് സഖ്യം 49 റണ്‍സെടുത്തിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ ഫെര്‍ഗൂസന്റെ ബൗളിങില്‍ ദേവ്ദത്ത് ബൗള്‍ഡായതോടെ ആര്‍സിബിയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. പിന്നീട് നരെയ്ന്‍ ബൗള്‍ ചെയ്യാനെത്തിയതോടെ ആര്‍സിബിക്കു താളം നഷ്ടപ്പെട്ടു. മികച്ച ഫോമിലുള്ള ശ്രീകര്‍ ഭരതിനെ നരെയ്‌ന്റെ ബൗളിങില്‍ വെങ്കടേഷ് അയ്യര്‍ പിടികൂടി (രണ്ടിന് 69).

മൂന്നാം വിക്കറ്റില്‍ കോലി- മാക്‌സ്വെല്‍ സഖ്യം 19 റണ്‍സുമായി ടീമിനെ കരകയറ്റവെ നരെയ്ന്‍ വീണ്ടും അവര്‍ക്കു പ്രഹരമേല്‍പ്പിച്ചു. 39റണ്‍സെടുത്തു നില്‍ക്കെ കോലിയെ അദ്ദേഹം ക്ലീന്‍ബൗള്‍ഡാക്കി (മൂന്നിന് 88). മാക്‌സി-എബിഡി ജോടിയിലായിരുന്നു ഇതോടെ ആര്‍സിബിയുടെ മുഴുവന്‍ പ്രതീക്ഷയും. പക്ഷെ സ്ഥിരം ശൈലിയില്‍ റണ്ണെടുക്കാന്‍ രണ്ടു പേരും വിഷമിച്ചു. നാലാം വിക്കറ്റില്‍ 14 റണ്‍സ് മാത്രമേ ജോടിക്കു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. എബിഡിയെ ബൗള്‍ഡാക്കി നരെയ്ന്‍ ആര്‍സിബിയെ കൂടുതല്‍ വിഷമത്തിലാക്കി (നാലിന് 102). 10 റണ്‍സ് കൂടി എടുക്കുന്നതിനിടെ മാക്‌സിയും മടങ്ങിയതോടെ ആര്‍സിബിയുടെ നില കൂടുതല്‍ മോശമായി. നരെയ്‌ന്റെ ബൗളിങില്‍ ഫെര്‍ഗൂസനാണ് മാക്‌സിയുടെ ക്യാച്ചെടുത്തത്.

ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഈ കളിയിലും നിലനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ആര്‍സിബി ഐപിഎല്ലിന്റെ പ്ലേഓഫ് കളിച്ചത്. കഴിഞ്ഞ സീസണിലും അവര്‍ പ്ലേഓഫിലുണ്ടായിരുന്നെങ്കിലും ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഈ സീസണില്‍ തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു ബാംഗ്ലൂര്‍. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ അവര്‍ക്കായിരുന്നു. രണ്ടാംസ്ഥാനക്കാരായ ചെന്നൈയ്ക്കും ബാംഗ്ലൂരിനും 18 പോയിന്റ് വീതമാണുണ്ടായിരുന്നത്. നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി മൂന്നാമതാവുകയായിരുന്നു.

കൊല്‍ക്കത്തയുടെ കാര്യമെടുത്താല്‍ അവസാനദിനത്തിലെ അവസാനത്തെ മല്‍സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടന്നത്. കെകെആറിനും അഞ്ചാംസ്ഥാനക്കാരും നിലവിലെ ചാംപ്യന്‍മാരുമായ മുംബൈ ഇന്ത്യന്‍സിനും 14 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ മുംബൈയെ പിന്തള്ളി കെകെആര്‍ പ്ലേഓഫിലേക്കു മുന്നേറുകയായിരുന്നു. ഈ സീസില്‍ കൊല്‍ക്കത്ത പ്ലേഓഫിലുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇന്ത്യയിലെ ആദ്യപാദ മല്‍സരങ്ങള്‍ നിര്‍ത്തി വയ്ക്കുമ്പോള്‍ ഏഴാമതായിരുന്നു അവര്‍. ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രമേ അവര്‍ ജയിച്ചിരുന്നുള്ളൂ. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത ശക്തായ തിരിച്ചുവരവ് നടത്തി. ശേഷിച്ച ഏഴു കളിലളില്‍ അഞ്ചിലും ജയിച്ച് അവര്‍ പ്ലേഓഫ് ടിക്കറ്റ് പിടിച്ചുവാങ്ങുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടന്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്വിബുല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, October 11, 2021, 23:24 [IST]
Other articles published on Oct 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+