
യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന്റെ മൂന്നു പ്രമുഖ താരങ്ങള്‍ പിന്‍മാറി. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോണി ബെയര്‍സ്‌റ്റോ, മധ്യനിര ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍, ഫാ്സ്റ്റ് ബൗളര്‍ ക്രിസ് വോക്‌സ് എന്നിവരാണ് ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നു ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ബെയര്‍സ്‌റ്റോയെങ്കില്‍ മലാന്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയും വോക്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയുമാണ് കളിക്കുന്നത്. ഇവരില്‍ ബെയര്‍സറ്റോയുടെ പിന്‍മാറ്റമാവും ഏറ്റവും വലിയ ആഘാമാവുക. കാരണം എസ്ആര്‍എച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ മലാനും വോക്‌സും അവരുടെ ഫ്രാഞ്ചൈസികളിലെ അവിഭാജ്യഘടകങ്ങളല്ല.

ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്ന മൂന്നു പേരും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യന്‍ ക്യാംപിലെ കൊവിഡ് ഭീതി കാരണം റദ്ദാക്കിയിരുന്നു. ടീം ഫിസിയോക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ അവസാന ടെസ്റ്റില്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിലെയും ബയോ ബബ്‌ളും തുടര്‍ച്ചയായ ഷെഡ്യൂളുകളും കാരണം ഇതിനകം പല വിദേശ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവര്‍ ഇതിനകം തന്നെ യുഎഇയിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുണ്ടാവില്ലെന്നുറപ്പായിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം കാരണം സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്നും അനിശ്ചിത കാലത്തേക്കു ബ്രേക്കെടുത്തതാണെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബട്‌ലര്‍ പിന്‍മാറിയത്. ഇരുവരും രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്. രാജസ്ഥാന്റെ തന്നെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നേരത്തേ തന്നെ പരിക്കേറ്റു പുറത്താണ്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ മോയിന്‍ അലി, സാം കറെന്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ എന്നിവരാണ് രണ്ടാംഘട്ടത്തില്‍ കളിക്കുമെന്നുറപ്പുള്ള ഇംഗ്ലണ്ട് കളിക്കാര്‍.
വാര്‍ണര്‍ക്കു നേട്ടമാവും
ബെയര്‍സ്‌റ്റോ യുഎഇയിലെ രണ്ടാംഘട്ടത്തില്‍ നിന്നു മാറിനില്‍ക്കുകയാണെങ്കില്‍ അതു ഏറ്റവുമധികം നേട്ടമാവുക സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ നായകനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡേവിഡ് വാര്‍ണര്‍ക്കായിരിക്കും. കാരണം ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ബാറ്റിങിലും ഫ്‌ളോപ്പായതോടെ വാര്‍ണര്‍ക്കു നായകസ്ഥാനത്തോടൊപ്പം ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു. ഇന്ത്യയില്‍ കളിച്ച അവസാന ലീഗ് മല്‍സരത്തില്‍ വാര്‍ണര്‍ക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു. ന്യൂസിലാന്‍ഡ് നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണായിരുന്നു എസ്ആര്‍എച്ചിനെ നയിച്ചത്.

ബെയര്‍സ്റ്റോയുടെ സേവനം ലഭിച്ചില്ലെങ്കില്‍ വാര്‍ണറെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിക്കാന്‍ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ വില്ല്യംസണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. തന്നെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായിരുന്നുവെന്നു തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ വാര്‍ണര്‍ക്കു ലഭിക്കുക. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാള്‍ കൂടിയായ അദ്ദേഹം 148 മല്‍സരങ്ങളില്‍ നിന്നും 5447 റണ്‍സെടുത്തിട്ടുണ്ട്. നാലു സെഞ്ച്വറികളടക്കമാണിത്. 2017ലെ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ നേടിയ 126 റണ്‍സാണ് വാര്‍ണറുടെ ഉയര്‍ന്ന സ്‌കോര്‍. 42.22 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ട്.
അതേസമയം, ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് ഇന്ത്യയില്‍ നടന്ന ആദ്യഘട്ട മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍. ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ ആറെണ്ണത്തിലും തോല്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇനി യുഎഇയില്‍ നടക്കാനിരിക്കുന്ന രണ്ടാംഘട്ടത്തിലെ ശേഷിച്ച ഏഴു മല്‍സരങ്ങളും എസ്ആര്‍എച്ചിനു നിര്‍ണായകമാണ്. 22ന് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് അവരുടെ ആദ്യ മല്‍സരം.