
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലെ ഇടിവെട്ട് ഫിഫ്റ്റിയോടെ ചരിത്രം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍. വെറും 16 ബോളിലാണ് താരം ഫിഫ്റ്റിയടിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിക്ക് ഇഷാന്‍ അവകാശിയായി. നേരത്തേ മൂന്നുപേരായിരുന്നു അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് പങ്കിട്ടത്. ഇക്കൂട്ടത്തില്‍ ഇഷാനുമുണ്ടായിരുന്നു. കരെണ്‍ പൊള്ളാര്‍ഡ് (രണ്ടു തവണ), ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരുന്നു ലിസ്റ്റിലെ മറ്റുള്ളവര്‍. ഇവരെല്ലാം 17 ബോളുകളിലായിരുന്നു അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതാണ് ഇഷാന്‍ തിരുത്തിയത്.ഈ ഇന്നിങ്‌സോടെ മറ്റൊരു നേട്ടത്തിനും ഇഷാന്‍ അര്‍ഹനായി. ഈ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു താരം നേടിയത്.
പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ഹൈദരാബാദിനെതിരേ 171 റണ്‍സ് മുകളില്‍ മാര്‍ജിനില്‍ മുംബൈയ്ക്കു ജയം അനിവാര്യമായിരുന്നു. ടോസ് മുംബൈയ്ക്കു അനുകൂലമായതോടെ പിന്നീട് വമ്പന്‍ സ്‌കോറായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. മുംബൈ ആഗ്രഹിച്ച തുടക്കമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ- ഇഷാന്‍ സഖ്യം നല്‍കിയത്. മുഹമ്മദ് നബിയെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ സിക്‌സറടിച്ച് ഇഷാന്‍ നയം വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ ഓവറില്‍ സിദ്ധാര്‍ഥ് കൗളിനെതിരേ ഇഷാന്‍ കത്തിക്കയറി. തുടര്‍ച്ചയായ നാലു ബൗണ്ടറികളാണ് ഓവറില്‍ താരം പറത്തിയത്. മൂന്നാം ഓവറില്‍ നബിക്കെതിരേ രണ്ടു ബൗണ്ടറികളും ഇഷാന്‍ കണ്ടെത്തി. ജാസണ്‍ ബോള്‍ഡര്‍ എറിഞ്ഞ നാലാം ഓവറില്‍ താരം ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. നാലാമത്തെ ബോളില്‍ സിക്‌സറടിച്ച ഇഷാന്‍ അഞ്ചും ആറും ബോളുകള്‍ ബൗണ്ടറിയിലേക്കു പായിച്ചായിരുന്നു ഫിഫ്റ്റിയിലെത്തിയത്.
ടീം സ്‌കോര്‍ 80ല്‍ വച്ച് രോഹിത് പുറത്തായെങ്കിലും ഇഷാന്‍ വെടിക്കെട്ട് തുടര്‍ന്നു. അവിശ്വസനീയ ഇന്നിങ്‌സ് ഇഷാന്‍ സെഞ്ച്വറിയിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് 16 റണ്‍സ് മാത്രമകലെ യുവ പേസര്‍ ഉമ്രാന്‍ മാലിക്ക് വിക്കറ്റ് പിഴുതത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ആഞ്ഞുവീശിയ ഇഷാന് പിഴച്ചു. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. വെറും 32 ബോളില്‍ 11 ബൗണ്ടറികളും നാലു സിക്‌സറുമടക്കം 84 റണ്‍സ് വാരിക്കൂട്ടിയാണ് താരം ക്രീസ് വിട്ടത്.
ഹൈദരാബാദിന് 236 റണ്‍സ് വിജയലക്ഷ്യം
236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുന്നത്. ഒമ്പതു വിക്കറ്റിന് 235 റണ്‍സാണ് നിശ്ചിത ഓവറില്‍ മുംബൈ വാരിക്കൂട്ടിയത്. ഇഷാനെക്കൂടാതെ സൂര്യകുമാര്‍ യാദവാണ് (82) മുംബൈ ബാറ്റിങ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മറ്റൊരു താരം. വെറും 40 ബോളിലാണ് 13 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം സൂര്യ 82 റണ്‍സ് അടിച്ചെടുത്തത്.
മറ്റാരും തന്നെ മുംബൈ നിരയില്‍ 20 പോലും തികച്ചില്ലെന്നതാണ് കൗതുകകരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), കരെണ്‍ പൊള്ളാര്‍ഡ് (13), ഹാര്‍ദിക് പാണ്ഡ്യ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. ഹൈദരാബാദിനു വേണ്ടി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റുകളെടുത്തു. നാലോവറില്‍ 52 റണ്‍സ് വഴങ്ങിയായിരുന്നു ഇത്. റാഷിദ് ഖാനും അഭിഷേക് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഭിഷേകൊഴികെ ഹൈദരാബാദ് നിരയില്‍ മറ്റു ബൗളര്‍മരെല്ലാം 10ന് മുകളില്‍ റണ്‍സാണ് വിട്ടുകൊടുത്തത്. അഭിഷേക് ഒരോവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങിയാണ് അടുത്തടുത്ത ബോളുകളില്‍ കരെണ്‍ പൊള്ളാര്‍ഡ്, ജിമ്മി നീഷാം എന്നിവരെ പുറത്താക്കിയത്.