IPL 2021: ചഹല്‍ ഇങ്ങനെ 'ചതിക്കുമെന്ന്' കരുതിയില്ല, തലയില്‍ കൈവച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മിന്നുന്ന പ്രകടനം കണ്ട് തലയില്ഡ കൈവച്ച് ഇരിക്കുകയാണ് ദേശീയ ടീമിന്റെ സെലക്ടര്‍മാര്‍. ഇങ്ങനെയൊരു 'ചതി' ചഹലിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് അവര്‍ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇന്ത്യയിലെ ആദ്യപാദത്തില്‍ താരത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചഹലിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. പകരം പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു ലോകകപ്പ് ടീമിലേക്കു നറുക്കുവീണത്.
രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബി ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്ത ഇന്നത്തെ മല്‍സരത്തിലും ചഹല്‍ നിരാശപ്പെടുത്തിയില്ല. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 4.5 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ വന്‍ സ്‌കോറിലേക്കു കുതിച്ച റോയല്‍സിനു കടിഞ്ഞാണിട്ടതും ചഹലിന്റെ ഈ മാജിക്കല്‍ സ്‌പെല്ലായിരുന്നു. വമ്പനടിക്കാരനായ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണിയെയും (6) മഹിപാല്‍ ലൊംറോറിനെയുമാണ് (3) അദ്ദേഹം പുറത്താക്കിയത്. ഈ പ്രകടനം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും ചഹലിനെ അവകാശിയാക്കിയിരുന്നു.
സ്പിന്നര്‍മാര്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ടി20 ലോകകപ്പിനായി സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തതെങ്കിലും തികച്ചും അപ്രതീക്ഷിതമായി ചഹല്‍ തഴയപ്പെടുകയായിരുന്നു. രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് അശ്വിനെക്കൂടാതെ ടീമിലെ മറ്റു പ്രധാന സ്പിന്നര്‍മാര്‍.

ഇവരില്‍ വരുണൊഴികെയുള്ളവര്‍ ഐപില്ലില്‍ മോശം പ്രകടനം തുടരുമ്പോള്‍ ചഹല്‍ ആര്‍സിബിക്കു വേണ്ടി ഉജ്ജ്വല പ്രകടനം ആവര്‍ത്തിക്കുകയാണ്. യുഎഇയിലെ രണ്ടാപാദത്തില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നായി ഏഴു വിക്കറ്റുകള്‍ ചഹല്‍ നേടിക്കഴിഞ്ഞു. ഈ സീസണില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുളള (7.24) ബൗളര്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 21 വിക്കറ്റുകള്‍ ചഹല്‍ കൊയ്തിരുന്നു. ഈ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് ചഹലിന്റെ സമ്പാദ്യം. 11 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
അതേസമയം, ചഹലിന്റെയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും ചിറകിലേറി ആര്‍സിബി ആധികാരിക വിജയമാണ് റോയല്‍സിനെതിരേ സ്വന്തമാക്കിയത്. ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന് ആര്‍സിബി റോയല്‍സിനെ കെട്ടുകെട്ടിക്കുകയായിരുന്നു. റോയല്‍സ് നല്‍കിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 17.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications