അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. 41കാരനായ താരം പ്രായം തളര്‍ത്താത്ത പോരാളിയായി ലീഗ് ക്രിക്കറ്റുകളില്‍ ഇപ്പോഴും സജീവമാണ്. ഐപിഎല്ലിന്റെ 14ാം സീസണിലും താഹിറിനെ സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. ഇപ്പോഴിതാ എം എസ് ധോണിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് താഹിര്‍. ധോണിയെ മഹാനായ മനുഷ്യന്‍ എന്നാണ് താഹിര്‍ വിശേഷിപ്പിച്ചത്.
'ധോണിക്കൊപ്പം കളിക്കുക എന്നത് എപ്പോഴും വലിയ അംഗീകാരമാണ്. അവസാന മൂന്ന് വര്‍ഷമായി ധോണിക്കൊപ്പം കളിക്കുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹം മഹാനായ മനുഷ്യനാണ്. എല്ലാവരെയും മനസിലാക്കാനും ബഹുമാനിക്കും സ്‌നേഹിക്കാനും ധോണിക്ക് സാധിക്കുന്നുണ്ട്. എല്ലാത്തിനെക്കുറിച്ചും വലിയ അറിവുള്ളയാളാണ്. ധോണിയോട് ഒന്നും പറയേണ്ട ആവിശ്യമില്ല. നമുക്ക് വേണ്ടിയുള്ള ഫീല്‍ഡ് എങ്ങനെ സെറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. വരിക പന്തെറിയുക എന്നത് മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്'-താഹിര്‍ പറഞ്ഞു.

2018ലാണ് താഹിറിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. എന്നാല്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ള ആദ്യ സീസണില്‍ ആറ് മത്സരത്തില്‍ മാത്രമാണ് താഹിറിന് അവസരം ലഭിച്ചത്. ആറ് വിക്കറ്റും അദ്ദേഹം വീഴ്ത്തി. എന്നാല്‍ 2019 സീസണില്‍ താഹിര്‍ തന്റേതാക്കി മാറ്റി. 17 മത്സരത്തില്‍ നിന്ന് 26 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് താഹിറിനായിരുന്നു. യുഎഇയില്‍ നടന്ന അവസാന സീസണിലെ ഐപിഎല്ലില്‍ താഹിറിന് ബെഞ്ചിലിരിക്കേണ്ടി വന്നു. എന്നാല്‍ 14ാം സീസണിലും താരത്തെ നിലനിര്‍ത്താന്‍ സിഎസ്‌കെ തീരുമാനിക്കുകയായിരുന്നു.
'ധോണിക്ക് ക്രിക്കറ്റിനെക്കുറിച്ച് നന്നായി അറിയാം. നമ്മള്‍ നിശ്ബദരായി ഇരുന്നാല്‍ മാത്രം മതി. അവസാന സീസണില്‍ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കാത്തത് തീര്‍ച്ചയായു നിരാശയുണ്ടാക്കി. എന്നാല്‍ എപ്പോഴും അത് സാധ്യമാകണമെന്നില്ല. ടീമിന്റെ സംസ്‌കാരമാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്. മികച്ചൊരു സീസണാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കഠിനാധ്വാനം ചെയ്ത് പുതിയ പദ്ധതികളുമായി ഞങ്ങള്‍ എത്തും'-താഹിര്‍ കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ താരങ്ങളെയെല്ലാം ഇത്തവണയും സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. അവസാന സീസണില്‍ ധോണി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു. ആഭ്യന്തര മത്സരം കളിക്കാന്‍ തയ്യാറാകാത്ത ധോണിയുടെ ഇത്തവണത്തെ പ്രകടനം കണ്ടറിയണം. ഈ വര്‍ഷത്തോടെ ധോണി ക്യാപ്റ്റനെന്ന നിലയില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കും. ദേശീയ ടീമില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.