
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ഫോം തുടരുകയാണ്. ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും അദ്ദേഹം ഫിഫ്റ്റി തികച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ദുബായില്‍ നടന്ന കളിയില്‍ ആര്‍സിബിക്കു ഏഴു വിക്കറ്റിന്റെ വമ്പന്‍ ജയം സമ്മാനിച്ചത് മാക്‌സി ഷോയായിരുന്നു. 30 ബോളില്‍ അദ്ദേഹം പുറത്താവാതെ 50 റണ്‍സെടുത്തു. ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയാണിത്.
ഈ ഇന്നിങ്‌സോടെ ഒരു വമ്പന്‍ നാഴികക്കല്ലും മാക്‌സി പിന്നിട്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ ഓസ്‌ട്രേലിയന്‍ താരമായി അദ്ദേഹം മാറി. ഈ മാജിക്കല്‍ സംഖ്യയിലെത്താന്‍ റോല്‍സിനെതിരായ കളിയില്‍ 26 റണ്‍സായിരുന്നു മാക്‌സ്വെല്ലിനു വേണ്ടിയിരുന്നത്. എന്നാല്‍ ഫിഫ്റ്റിയോടെ താരം എലൈറ്റ് ക്ലബ്ബിലേക്കുള്ള പ്രവേശനം ആഘോഷിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ തൊട്ടുമുമ്പത്തെ കളിയിലും മാക്‌സി ഫിഫ്റ്റിയടിച്ചിരുന്നു.
ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡ് ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 10,019 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഓസീസിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചാണ് 9845 റണ്‍സുമായി രണ്ടാംസ്ഥാനത്ത്. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ (8821), ബ്രാഡ് ഹോഡ്ജ് (7406) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 2010 മുതലുള്ള കരിയറെടുത്താല്‍ 316 മല്‍സരങ്ങളില്‍ നിന്നാണ് മാക്‌സ്വെല്‍ 7000 റണ്‍സിലെത്തിയിരിക്കുന്നത്. 151.70 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെയാണിത്. മൂന്നു സെഞ്ച്വറികളും 41 ഫിഫ്റ്റികളും നേിക്കഴിഞ്ഞ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 145 റണ്‍സാണ്.

മാക്‌സ്വെല്ലിന്റെ ഈ സീസണിലെ ഐപിഎല്‍ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ 11 മല്‍സരങ്ങളില്‍ നിന്നും 350 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ആര്‍സിബിയുടെ ടോപ്‌സ്‌കോററും ഓസീസ് താരം തന്നെയാണ്.
38.88 ശരാശരിയില്‍ 141.70 സ്‌ട്രൈക്ക് റേറ്റോടെ നാലു ഫിഫ്റ്റികളടക്കമാണ് മാക്‌സി 350 ലെത്തിയിരിക്കുന്നത്. 33 ബൗണ്ടറികളും 15 സിക്‌സറുകളും അദ്ദേഹം അടിച്ചുകൂട്ടി. കൂടാതെ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
മാക്‌സിയുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ സീസണ്‍ കൂടിയായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. ഇതിനു മുമ്പ് രണ്ടു തവണ മാത്രമേ അദ്ദേഹം 300ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 2014 സീസണില്‍ 552 റണ്‍സെടുത്തതാണ് മാക്‌സിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം. 2017ല്‍ 310 റണ്‍സും അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിലെ വന്‍ ഫ്‌ളോപ്പായിരുന്ന മാക്‌സി അദ്ഭുതകരമായ തിരിച്ചുവരവാണ് ആര്‍സിബിയേക്കു മാറിയതോടെ നടത്തിയിരിക്കുന്നത്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ 13 മല്‍സങ്ങളില്‍ നിന്നു 15.42 ശരാശരിയില്‍ 101.88 സ്‌ട്രൈക്ക് റേറ്റോടെ വെറും 108 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.
ബാംഗ്ലൂരിന് ആധികാരിക വിജയം
മാക്‌സ്വെല്‍ അപരാജിത ഫിഫ്റ്റിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ റോയല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഈ ജയത്തോടെ 14 പോയിന്റുമായി മൂന്നാംസ്ഥാനം ഭദ്രമാക്കിയ ആര്‍സിബി പ്ലേഓഫിന് തൊട്ടരികിലെത്തുകയും ചെയ്തു. 150 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു റോയല്‍സ് നല്‍കിയത്. വെറും 17.1 ഓവറില്‍ തന്നെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബാംഗ്ലൂര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. മാക്‌സിയെക്കൂടാതെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തായിരുന്നു (44) ആര്‍സിബിയുടെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. 35 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. ക്യാപ്റ്റന്‍ വിരാക് കോലി 25 റണ്‍സിനും ദേവ്ദത്ത് പടിക്കല്‍ 22 റണ്‍സിനും പുറത്തായി.