
ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ പേസ് കണ്ടുപിടുത്തമായി മാറിയിരിക്കുകയാണ് ഈ സീസണില്‍ ടീമിലേക്കു വന്ന ഹര്‍ഷല്‍ പട്ടേല്‍. നാലു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി നിലവില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയാണ് അദ്ദേഹം. 7.25 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് ഹര്‍ഷല്‍ 12 വിക്കറ്റുകളെടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകളുമായാണ് താരം വരവറിയിച്ചത്.

മോയിന്‍ അലി (സിഎസ്‌കെ)
ഏഴു കോടി രൂപയ്ക്കു ഈ സീസണില്‍ ടീമിലേക്കു കൊണ്ടു വന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ്. മൂന്നാം നമ്പറിലേക്കു ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം നാലു മല്‍സരങ്ങളില്‍ നിന്നും 133 റണ്‍സ് നേടിക്കഴിഞ്ഞു. സിഎസ്‌കെയെ മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് അലിയുടെ അതിവേഗ ഇന്നിങ്‌സുകളായിരുന്നു. നാലു വിക്കറ്റുകളുമായി ബൗളിങിലും അദ്ദേഹം നിര്‍ണായക സംഭാവനയാണ് നല്‍കിയത്.

അവേശ് ഖാന്‍ (ഡിസി)
ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ അവേശ് ഖാന്‍ ടീമിന്റെ അപ്രതീക്ഷിത താരോദയമായി മാറിയിരിക്കുകയാണ്. ഇഷാന്ത് ശര്‍മയ്ക്കു പരിക്കേറ്റതു കാരണം ടീമിലെത്തിയ അവേശ് അവസരം പരമാവധി മുതലെടുത്തിരിക്കുകയാണ്. നാലു കളികളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 7.35 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് മധ്യപ്രദേശുകാരനായ അവേശ് ബൗള്‍ ചെയ്യുന്നത്.

രാഹുല്‍ ചഹല്‍ (എംഐ)
യുവ സ്പിന്നര്‍ രാഹുല്‍ ചഹറിനെ ഈ സീസണില്‍ നിലനിര്‍ത്താനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം തെറ്റിയില്ലെന്നു ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 6.85 ശരാശരിയില്‍ ഒമ്പതു വിക്കറ്റുകള്‍ ലെഗ് സ്പിന്നര്‍ നേടിക്കഴിഞ്ഞു. സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും രാഹുലാണ്. കഴിഞ്ഞ സീസണിലെ ശ്രദ്ധേയമായ പ്രകടനത്തെ തുടര്‍ന്നാണ് ഇത്തവണയും താരത്തെ മുംബൈ നിലനിര്‍ത്തിയത്.

ജോണി ബെയര്‍സ്‌റ്റോ (എസ്ആര്‍എച്ച്)
സീസണിന്റെ തുടക്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണിങ് സ്ഥാനം ജോണി ബെയര്‍സ്‌റ്റോയ്ക്ക് ഉറപ്പില്ലായിരുന്നു. വൃധിമാന്‍ സാഹ ഫ്‌ളോപ്പായതോടെയാണ് ബെയര്‍സ്‌റ്റോ നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപ്പണിങിലേക്കു വന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ളള സീസണിലെ മൂന്നാമത്തെ കളിയിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്യുന്നത്. ഇതിനകം നാലു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ 173 റണ്‍സ് ബെയര്‍സ്റ്റോ നേടിക്കഴിഞ്ഞു. ടീമിനായി കൂടുതല്‍ റണ്‍സ് നേടിയതും അദ്ദേഹമാണ്.

നിതീഷ് റാണ (കെകെആര്‍)
സീസണിനു തൊട്ടുമുമ്പ് കൊവിഡ് ബാധിതനായെങ്കിലും അതിനെ അതിജീവിച്ചു മടങ്ങിയെത്തിയ ശേഷം മികച്ച പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ നിതീഷ് റാണ കാഴ്ചവയ്ക്കുന്നത്. കെകെആറിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം ഒരു ഘട്ടത്തില്‍ ഓറഞ്ച് ക്യാപ്പിന് അവകാശി കൂടിയായിരുന്നു.
നാലു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളോടെ 164 റണ്‍സ് റാണ നേടിക്കഴിഞ്ഞു. കൊവിഡിനെ തോല്‍പ്പിച്ച് ടീമിനൊപ്പം ചേര്‍ന്ന ശേഷം ആദ്യ കളിയില്‍ തന്നെ റാണ കസറിയിരുന്നു. എസ്ആര്‍എച്ചിനെതിരേ 56 ബോളില്‍ 80 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

ദീപക് ഹൂഡ (പിബികെഎസ്)
പഞ്ചാബ് കിങ്‌സിന്റെ നിര്‍ണായക താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ദീപക് ഹൂഡ. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 109 റണ്‍സ് താരം നേടിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള ആദ്യ മല്‍സരത്തില്‍ നേടിയ 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനായ ഹൂഡയെ മധ്യനിരയില്‍ പാര്‍ട്ട് ടൈം ബൗളറായും പഞ്ചാബിന് ഉപയോഗിക്കാം. ഒരു വിക്കറ്റ് അദ്ദേഹം നേടിയിട്ടുമുണ്ട്.

ചേതന്‍ സക്കരിയ (ആര്‍ആര്‍)
ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഇടംകൈയന്‍ പേസര്‍ ചേതന്‍ സക്കരിയ. സൗരാഷ്ട്രയില്‍ നിന്നുള്ള ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെ ശ്രദ്ധേയമായ പ്രകടനം താരത്തിന്റെ മൂല്യമുയര്‍ത്തുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും 8.43 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ ചേതന്‍ വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാനു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്.


Click it and Unblock the Notifications