IPL 2021: 'വാഴ്ത്തപ്പെടാത്ത ഹീറോ', വിക്കറ്റ് വേട്ടയില്‍ ഹര്‍ഷലിന് ചരിത്ര റെക്കോഡ്, ഇനി ബ്രാവോയോടൊപ്പം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ ഫൈനല്‍ ടിക്കറ്റെടുക്കാനാവാതെ ആര്‍സിബി പുറത്തായിരിക്കുകയാണ്. പ്ലേ ഓഫില്‍ കടന്നെങ്കിലും എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റാണ് ആര്‍സിബി പുറത്തായത്. ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആര്‍സിബിക്കായെങ്കിലും കിരീടത്തിലേക്കെത്താനായില്ല. ഇത്തവണത്തെ ആര്‍സിബിയുടെ കുതിപ്പില്‍ നിര്‍ണ്ണായകമായത് ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് പ്രകടനമാണ്. ഇന്ത്യയിലും യുഎഇയിലും ഒരുപോലെ തിളങ്ങാന്‍ ഹര്‍ഷലിന് സാധിച്ചു.
ഈ സീസണില്‍ 32 വിക്കറ്റാണ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്. ഇതോടെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ഹര്‍ഷല്‍ പട്ടേല്‍. 2013ല്‍ സിഎസ്‌കെയ്ക്കുവേണ്ടി 32 വിക്കറ്റുകള്‍ ബ്രാവോയും വീഴ്ത്തിയിരുന്നു. എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ 18 മത്സരങ്ങള്‍ ബ്രാവോക്ക് വേണ്ടിവന്നെങ്കില്‍ 15 മത്സരങ്ങളില്‍ നിന്നാണ് ഹര്‍ഷലിന്റെ നേട്ടം.
Also Read : IPL 2021: റെക്കോഡുകള്‍ നിരവധി, പക്ഷേ കിരീടമില്ല, ആര്‍സിബി നായകനായി കോലിയുടെ നേട്ടങ്ങളിതാ

30 കാരനായ ഹര്‍ഷല്‍ ഗംഭീര പ്രകടനം തന്നെയാണ് ഇത്തവണ കാഴ്ചവെച്ചത്. ഒരു ഇന്ത്യന്‍ ബൗളറുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഹര്‍ഷല്‍ പട്ടേലില്‍ നിന്ന് ഇത്രയും മികച്ച പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ ഹര്‍ഷല്‍ മൂന്ന് വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടര്‍ന്ന ശേഷമാണ് ആര്‍സിബിയിലേക്കെത്തിയത്. ഇതിന് മുമ്പ് 2015ല്‍ 17 വിക്കറ്റ് വീഴ്ത്തിയതായിരുന്നു അദ്ദേഹത്തിന്റെ മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാനായി.
ഈ സീസണില്‍ രവീന്ദ്ര ജഡേജ ഹര്‍ഷലിന്റെ ഒരോവറില്‍ 37 റണ്‍സ് നേടിയെങ്കിലും വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. സിഎസ്‌കെയ്‌ക്കെതിരേ 51 റണ്‍സ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റും സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനെതിരേ ഹാട്രിക്ക് നേടിയ ഹര്‍ഷല്‍ അഞ്ച് വിക്കറ്റ് പ്രകടനവും മുംബൈക്കെതിരേ നടത്തി. 8.14 ഇക്കോണമിയിലായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ പ്രകടനം. ഇതുവരെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ലാത്ത ഹര്‍ഷലിന് വരുന്ന സീസണിലെ താരലേലത്തില്‍ റെക്കോഡ് തുക ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇത്തവണ ആര്‍സിബി സജീവ കിരീട പ്രതീക്ഷയിലായിരുന്നെങ്കിലും എലിമിനേറ്ററില്‍ ടീമിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. കെകെആറിനോട് നാല് വിക്കറ്റിനാണ് ടീം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. വിരാട് കോലിയാണ് (33 പന്തില്‍ 39) ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ (21),ഗ്ലെന്‍ മാക്‌സ് വെല്‍ (15),എബി ഡിവില്ലിയേഴ്‌സ് (11) എന്നിവര്‍ക്കൊന്നും മികവിനൊത്ത് ഉയരാനായില്ല. നിര്‍ണ്ണായക മത്സരത്തില്‍ ബാറ്റിങ് നിര നിരാശപ്പെടുത്തിയതോടെ 138 എന്ന സ്‌കോറിലേക്ക് ടീമിന് ഒതുങ്ങേണ്ടി വന്നു. വിരാട് കോലി എന്ന നായകന് കീഴില്‍ ആര്‍സിബി കളിക്കുന്ന അവസാന സീസണായിരുന്നു ഇത്. അതിനാല്‍ കിരീട പ്രതീക്ഷയും വളരെ കൂടുതലായിരുന്നു. എന്നാല്‍ പാതിവഴിയില്‍ ടീമിന്റെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.

ബൗളര്‍മാര്‍ പരമാവധി ശ്രമിച്ച് നോക്കിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇത്ര തന്നെ റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ നേടി. യുസ് വേന്ദ്ര ചഹാല്‍ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷലിന്റെ തലയിലാണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അദ്ദേഹം തന്നെ സീസണിലെ കൂടുതല്‍ വിക്കറ്റുള്ള താരമാവും. രണ്ടാം സ്ഥാനത്തുള്ള ആവേഷ് ഖാന് 23 വിക്കറ്റാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications