IPL 2021: ലോകകപ്പ് ടീം-ചഹലില്ല, ശ്രേയസിനു പകരം ഇഷാന്‍? ഹാര്‍ദിക്കിനെ എന്തിനെടുത്തു?
ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. യുഎഇയിലെ രണ്ടാംഘട്ടത്തിലെ ഐപിഎല്ലില്‍ ലോകകപ്പ് ടീമിന്റെ ഭാഗമായ പലരും ഫോമിലായതോടെയാണ് സെലക്ഷന്‍ കമ്മിറ്റിക്കെതിരേ പലരും രംഗത്തു വന്നിരിക്കുന്നത്. സ്ഥാനം അര്‍ഹിച്ചിരുന്ന ചിലര്‍ തഴയപ്പെട്ടതായും ഫോം പരിഗണിക്കാതെ ചിലരെ ടീമിലെടുത്തതായും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നറും ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവുമായ ഹര്‍ഭജന്‍ സിങ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്രൊമോട്ടര്‍ പാര്‍ത്ത് ജിന്‍ഡല്‍ എന്നിവര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇരുവരും തുറന്നടിച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, രാഹുല്‍ ചാഹര്‍ എന്നിവരെ ഇന്ത്യയുടെ ലോകകപ്പ് ടീമിലെടുത്തതിനെയാണ് ഭാജിയും ജിന്‍ഡലും ചോദ്യം ചെയ്തത്. യുസ്വേന്ദ്ര ചഹല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിയതിനെ ഇവര്‍ വിമര്‍ശിക്കുകയും ചെയ്തു.

ചഹലിനെ എങ്ങനെ തഴയാനാവും?
ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടവരില്‍ മുന്‍നിരയിലുണ്ടായിരുന്നത് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു. ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ചഹല്‍ തീര്‍ച്ചയായും ലോകകപ്പ് ടീമിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രാഹുര്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരുന്നു. 2017നു ശേഷം ആദ്യമായാണ് അശ്വിന്‍ ടി20 ടീമില്‍ തിരിച്ചെത്തിയത്.
ലോകകപ്പ് ടീമിലെ അവഗണനയ്‌ക്കെതിരേ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനത്തിലൂടെയാണ് ചഹല്‍ മറുപടി നല്‍കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ താരം നാലോവറില്‍ 11 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ലോകകപ്പ് ടീമിനനെക്കുറിച്ച് തങ്ങളെടുത്ത ചില തീരുമാനങ്ങളില്‍ സെലക്ടര്‍മാര്‍ ആശ്ചര്യപ്പെടുന്നുണ്ടാവും. ഞങ്ങളുടെ മികച്ച താരങ്ങളിലൊരാളും ഇന്ത്യയുടെ മികച്ച ടി20 സ്പിന്നറും ടീമിലില്ല എന്നായിരുന്നു ജിന്‍ഡാലിന്റെ ട്വീറ്റ്. ശ്രേയസ് അയ്യര്‍, ചഹല്‍ എന്നിവരുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ശ്രേയസിനു പകരം ഇഷാനെ എടുത്തത് ശരിയോ?
മുംബൈ ഇന്ത്യന്‍സിന്റെ അറ്റാക്കിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ റണ്ണെടുക്കാനാവാതെ പതറുകയാണ്. ഇന്ത്യയിലെ ആദ്യപാദത്തില്‍ നിരാശപ്പെടുത്തിയ അദ്ദേഹത്തിന് യുഎഇയിലും ഇതു മെച്ചപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ നാല്- അഞ്ചു മാസത്തോളമായി ബാറ്റിങില്‍ ഇഷാന്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
മുംബൈയ്ക്കായി ഈ സീസണില്‍ എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 107 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ശരാശരി 13.37ഉം ഉര്‍ന്ന സ്‌കോര്‍ 28ഉം ആണ്.
നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം നാലാം നമ്പറുകാരനായിരുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിയാണ് ഇഷാനെ ലോകകപ്പ് ടീമിലെടുത്തത്. റിസര്‍വ് താരങ്ങളുടെ നിരയിലാണ് ശ്രേയസിന്റെ സ്ഥാനം. െൈകയ്‌ക്കേറ്റ പരിക്കു മാറി തിരിച്ചെത്തിയ ശ്രേയസ് ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഡിസിക്കു വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്. ഫിറ്റ്‌നസ്, ഫോം എന്നിവയിലെ സംശംയം കാരണമായിരുന്നു ശ്രേയസ് ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടത്. ഇവ രണ്ടും തനിക്കുണ്ടെന്നു താരം യുഎഇയില്‍ കാണിച്ചു തന്നിരിക്കുകയാണ്.

ഹാര്‍ദിക്ക് വലിയ ചോദ്യചിഹ്നം
ലോകകപ്പ് ടീമിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായിരിക്കുന്നത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിനു വേണ്ടി മോശം പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് മുംബൈയ്ക്കായി ഈ സീസണില്‍ ഇനിയും അദ്ദേഹം ബൗള്‍ ചെയ്തിട്ടില്ല. ബാറ്റിങിലാവട്ടെ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ചതിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഹാര്‍ദിക് പുറത്തിരുന്നിട്ടുണ്ടാവും.
യുഎഇയിലെ രണ്ടാംപാദത്തില്‍ ഫിറ്റ്‌നസില്ലായ്മയും ചില ശാരീരിക അസ്വസ്ഥതകളു കാരണം ആദ്യ രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക് കളിച്ചിരുന്നില്ല. ആര്‍സിബിക്കെതിരേ ഞായറാഴ്ച നടന്ന കളിയില്‍ ഹാര്‍ദിക് മുംബൈ ടീമില്‍ തിരിച്ചെത്തിയിരുന്നെങ്കിലും ബൗള്‍ ചെയ്തില്ല. ബാറ്റിങിലാവട്ടെ ആറു ബോളില്‍ വെറും മൂന്നു റണ്‍സാണ് നേടിയത്. ഈ സീസണിലെ ഐപിഎല്ലില്‍ എട്ടു മല്‍സരങ്ങളില്‍ മാത്രം കളിച്ച അദ്ദേഹത്തിനു നേടാനായത് വെറും 55 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications