IPL 2021: സഞ്ജു പുറത്താവാതെ ക്രീസില്‍, എന്നിട്ടും റോയല്‍സ് ജയിച്ചില്ല, ഇതെങ്ങനെ?
ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു പരാജയപ്പെട്ടതിന്റെ നിരാശയിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ജയിച്ചിരുന്നെങ്കില്‍ ടോപ്പ് ഫോറിലേക്കു കയറാന്‍ അവര്‍ക്കു കഴിയുമായിരുന്നു. പക്ഷെ ബാറ്റിങ് നിര ക്ലിക്കാവാതിരുന്നതോടെ റോയല്‍സ് തോല്‍വിയിലേക്കു വീഴുകയായിരുന്നു. 33 റണ്‍സിനായിരുന്നു ഡിസിയുടെ വിജയം.
റണ്‍ചേസില്‍ ദുഷ്‌കരമായിരുന്നില്ല റോയല്‍സിന്റെ ലക്ഷ്യം. ജയിക്കാന്‍ അവര്‍ക്കു 155 റണ്‍സ് മതിയായിരുന്നു. പക്ഷെ ആറു വിക്കറ്റിന് 120 റണ്‍സെടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. സഞ്ജു പൊരുതിനോക്കിയെങ്കിലും ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒരാളില്‍ നിന്നെങ്കിലും മികച്ചൊരു പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു.

സഞ്ജു നോട്ടൗട്ട്, ടീം തോറ്റു
ഇന്നത്തെ മല്‍സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനു ഒരു പ്രത്യേകത കൂടിയുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് റണ്‍ചേസില്‍ സഞ്ജു പുറത്താവാതെ ക്രീസിലുണ്ടായിട്ടും ടീമിനു വിജയിക്കാനാവാതെ പോയത്. മുന്‍ റണ്‍ചേസുകളില്‍ സഞ്ജു പുറത്താവാതെ നിന്നപ്പോഴെല്ലാം ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. പക്ഷെ ഡല്‍ഹിക്കെതിരേ ഈ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു പുറത്താവാതെ 70 റണ്‍സാണ് നേടിയത്. 53 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ഡിസിയുടെ അച്ചടക്കത്തോടെയുള്ള ബൗളിങാണ് റോയല്‍സിനു റണ്‍ചേസ് ദുഷ്‌കരമാക്കി മാറ്റിയത്.

ടീമിന്റെ ടോപ്‌സ്‌കോറര്‍
ഈ സീസണില്‍ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും തിളങ്ങുകയാണ് സഞ്ജു. ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സെടുത്ത താരം അദ്ദേഹമാണ്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 50.14 എന്ന മികച്ച ശരാശരിയില്‍ 141.13 സ്‌ട്രൈക്ക് റേറ്റോടെ 351 രണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു.
അദ്ദേഹത്തിനു പിന്നിലുള്ളത് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലറാണ്. 254 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. ഇന്ത്യയിലെ ആദ്യപാദത്തില്‍ കളിച്ച അദ്ദേഹം പക്ഷെ യുഎഇയിലെ രണ്ടാംപാദത്തില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പിന്‍മാറുകയായിരുന്നു. ബട്‌ലര്‍ക്കു പിന്നിലായി മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് ശിവം ദുബെ (145 റണ്‍സ്), യശസ്വി ജയ്‌സ്വാള്‍ (120 റണ്‍സ്) എന്നിവരാണ്.

തകര്‍പ്പന്‍ സ്റ്റംപിങ്
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും സഞ്ജു മിന്നിയിരുന്നു. ഡിസിയുടെ ടോപ്‌സ്‌കോററും മുന്‍ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെ പുറത്താക്കിയത് സഞ്ജുവിന്റെ മിന്നല്‍ സ്റ്റംപിങായിരുന്നു. രാഹുല്‍ തെവാത്തിയയുടെ ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ ബോളില്‍ മുന്നോട്ടുകയറി ആഞ്ഞു വീശിയ ശ്രേയസിനു പിഴച്ചപ്പോള്‍ തൊട്ടുപിറകെ തക്കംപാര്‍ത്തുനിന്ന സഞ്ജു കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ സ്റ്റംപിങ് പൂര്‍ത്തിയാക്കിയിരുന്നു. 32 ബോളില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 43 റണ്‍സായിരുന്നു ശ്രേയസ് നേടിയത്.

ജയിക്കാനാവുമെന്നു കരുതിയെന്നു സഞ്ജു
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റണ്‍ചേസില്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നു മല്‍സരശേഷം സഞ്ജു പ്രതികരിച്ചു. ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാരുടെ കഴിവ് പരിഗണിക്കുമ്പോള്‍ 155 റണ്‍സെന്നത് ചേസ് ചെയ്യാവുന്ന ടോട്ടലായിരുന്നു. ഞങ്ങളുടെ ബാറ്റിങ് നിരയ്ക്കു പിന്തുടര്‍ന്നു ജയിക്കാവുന്ന സ്‌കോറായിരുന്നു ഇത്. അടുത്ത മല്‍സരത്തില്‍ ഞങ്ങള്‍ക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഇപ്പോഴും വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ്, നാളെ രാവിലെ ഇതേക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കും. പിച്ച് അത്ര വേഗം കുറഞ്ഞതായിരുന്നില്ല. കുറച്ചു വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ സ്‌കോര്‍ മറികടക്കുമായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
റോയല്‍സിന്റെ അടുത്ത മല്‍സരം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ കെയ്ന്‍ വില്ല്യംസണിന്റെ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേയാണ്. തിങ്കളാഴ്ച രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications