IPL 2021: ഇത്തവണ നായകന്മാര്‍, എന്നാല്‍ അടുത്ത വര്‍ഷം ഈ പദവി ഉണ്ടായേക്കില്ല, നാല് താരങ്ങളിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആവേശം ഫൈനലിലേക്ക് അടുക്കുകയാണ്. സിഎസ്‌കെ ഇതിനോടകം ഫൈനല്‍ സീറ്റുറപ്പിച്ചപ്പോള്‍ കലാശപ്പോരാട്ടത്തിലെ എതിരാളിയാരെന്ന് ഇന്നറിയാം. ഡല്‍ഹി ക്യാപിറ്റല്‍സ്-കെകെആര്‍ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമാവും ഫൈനലില്‍ സിഎസ്‌കെയെ നേരിടുക. ഈ മാസം 15നാണ് ഫൈനല്‍. സിഎസ്‌കെ നാലാം കിരീടം അക്കൗണ്ടില്‍ ചേര്‍ക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കുന്നുണ്ട്. പുതിയ രണ്ട് ടീമുകളും ഐപിഎല്ലിലേക്കെത്തുന്നതോടെ അടിമുടി മാറ്റങ്ങള്‍തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരങ്ങളുടെ എണ്ണം ഉയരുന്നതോടൊപ്പം ആവേശവും ഉയരും. പരമാവധി നാല് താരങ്ങളെയാവും മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ സാധിക്കുകയെന്നാണ് സൂചന പുറത്തുവരുന്നത്. എന്തായാലും ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്ന സീസണില്‍ ഉണ്ടാകുമെന്നുറപ്പ്.
ഇത്തവണ ടീമിന്റെ നായകന്മാരായ ചില താരങ്ങള്‍ക്ക് അടുത്ത സീസണില്‍ നായകസ്ഥാനം നഷ്ടമായേക്കും. പ്രകടനം മോശമായതും മറ്റ് പല കാരണങ്ങള്‍ക്കൊണ്ടും വരുന്ന സീസണില്‍ നായകസ്ഥാനം ലഭിക്കാതെ പോകാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read : IPL 2021: എബിഡിയെ നിലനിര്‍ത്തേണ്ട, ആര്‍സിബി ഒഴിവാക്കണം- കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറ

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി തെറ്റിപ്പിരിഞ്ഞ ഡേവിഡ് വാര്‍ണര്‍ക്ക് അടുത്ത സീസണില്‍ നായകസ്ഥാനം ഉണ്ടാവാന്‍ സാധ്യത കുറവാണ്. പുതിയ ടീമിലേക്ക് വാര്‍ണര്‍ എത്തിയേക്കും. കാരണം വെടിക്കെട്ട് ഓപ്പണറായ വാര്‍ണറെ ഓപ്പണറെന്ന നിലയില്‍ പരിഗണിക്കാന്‍ ടീമുകള്‍ ശ്രമിച്ചേക്കും. എന്നാല്‍ നായകസ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇത്തവണ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വാര്‍ണറെ പ്ലേയിങ് 11 നിന്നുപോലും ഹൈദരാബാദ് തഴഞ്ഞിരുന്നു. എന്നാല്‍ തന്നെ ഒഴിവാക്കിയതിന്റെ കാരണം പോലും ഹൈദരാബാദ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ലെന്ന് വാര്‍ണര്‍ വെളിപ്പെടുത്തുകയും ഇന്‍സ്റ്റഗ്രാമിലൂടെ ഹൈദരാബാദ് വിടുകയാണെന്ന് അറിയിക്കുകയും ചെയ്തു.
2016ല്‍ ഹൈദരാബാദിനെ കിരീടത്തിലെത്തിച്ച നായകനാണ് വാര്‍ണര്‍. ടൂര്‍ണമെന്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള വിദേശ താരം കൂടിയാണ് വാര്‍ണര്‍. പുതിയ രണ്ട് ടീമുകള്‍ വരുന്നുണ്ടെങ്കിലും നായകനെന്ന നിലയില്‍ വാര്‍ണറെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. എന്തായാലും അടുത്ത സീസണിലും സജീവ താരമായി വാര്‍ണര്‍ ടീമിനൊപ്പം ഉണ്ടായേക്കും.

ഓയിന്‍ മോര്‍ഗന്‍
കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനും അടുത്ത സീസണില്‍ നായകസ്ഥാനം ലഭിച്ചേക്കില്ല. ഇത്തവണ കെകെആറിനെ രണ്ടാം ക്വാളിഫയറിലേക്കെത്തിക്കാന്‍ മോര്‍ഗന് സാധിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വിജയിപ്പിച്ചാല്‍ ടീമിനെ ഫൈനലിലേക്കെത്തിക്കാനും മോര്‍ഗനാവും. ടീം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അതിന് മോര്‍ഗന് കൈയടിക്കേണ്ട ആവിശ്യമില്ലെന്ന് തന്നെ പറയാം. ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന മോര്‍ഗന്‍ അടുത്ത സീസണില്‍ താരമായിപ്പോലും തുടരുമോയെന്നത് കണ്ടറിയണം. ഇംഗ്ലണ്ട് ടീം നായകന്‍ കൂടിയായ മോര്‍ഗന്റെ ഈ സീസണിലെ ബാറ്റിങ് പ്രകടനം വളരെ മോശമായിരുന്നു.

എംഎസ് ധോണി
സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഇനിയൊരു സീസണ്‍കൂടി നായകനായി തുടര്‍ന്നേക്കില്ല. ഇൗ സീസണോടുകൂടി വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണിയെന്നാണ് വിവരം. വിരമിച്ചാലും സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി തുടര്‍ന്നേക്കും. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ബാറ്റിങ്ങില്‍ ബാധിച്ചുതുടങ്ങിയ ധോണി ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുന്നുണ്ട്.

കെ എല്‍ രാഹുല്‍
പഞ്ചാബ് കിങ്‌സ് നായകസ്ഥാനത്ത് നിന്ന് കെ എല്‍ രാഹുലിനെ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ താരം ടീം മാറാനുള്ള സാധ്യതയും കൂടുതലാണ്. 2018 മുതല്‍ കളിച്ച എല്ലാ സീസണിലും 500 പ്ലസ് റണ്‍സെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഫോം കണ്ടെത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല. അടുത്ത സീസണില്‍ നായകനായി രാഹുലിനെ ആരും പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ താരമെന്ന നിലയില്‍ മികച്ച റെക്കോഡുമായി രാഹുല്‍ തുടരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications