ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കന്നി ഫിഫ്റ്റി കുറിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയിലാണ് അലി ഫിഫ്റ്റി കണ്ടെത്തിയത്. ഈ നേട്ടത്തിലെത്താന്‍ 33 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

ഈ സീസണില്‍ സിഎസ്‌കെയിലെത്തിയ അലിക്കു നിര്‍ണായകമായ മൂന്നാം നമ്പര്‍ പൊസിഷനാണ് നായകന്‍ എംഎസ് ധോണി കാത്തുവച്ചത്. ഇംഗ്ലീഷ് ടീമില്‍പ്പോലും ഫിനിഷറായി ലോവര്‍ ഓര്‍ഡറില്‍ കളിക്കാറുള്ള അദ്ദേഹത്തിന് ഈ റോള്‍ നല്‍കിയപ്പോള്‍ പലരും സംശയിച്ചിരുന്നു. എന്നാല്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. മൂന്നാം നമ്പറില്‍ അലി തകര്‍ത്താടുകയായിരുന്നു. കളിച്ച മല്‍സരങ്ങളില്ലൊം വെടിക്കെട്ട് പ്രകടനം താരം നടത്തുകയും ചെയ്തു. ഒടുവില്‍ ആറാമത്തെ മല്‍സരത്തില്‍ കന്നി ഫിഫ്റ്റിയും അലി കുറിച്ചിരിക്കുകയാണ്. മുംബൈയ്‌ക്കെതിരേ 36 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 58 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്.
മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണ് അലി സിഎസ്‌കെയ്ക്കു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് വീശിയത്. 36 (24 ബോള്‍, സ്‌ട്രൈക്ക് റേറ്റ് 150), 46 (31 ബോള്‍, സ്‌ട്രൈക്ക് റേറ്റ് 148.39), 26 (20 ബോള്‍, സ്‌ട്രൈക്ക് റേറ്റ് 130), 25 (12 ബോള്‍, സ്‌ട്രൈക്ക് റേറ്റ് 208.33), 15 (8 ബോള്‍, സ്‌ട്രൈക്ക് റേറ്റ് 187.50) എന്നിങ്ങനെയാണ് ഈ സീസണിലെ മറ്റു മല്‍സരങ്ങളല്‍ അദ്ദേഹത്തിന്റെ പ്രകടനം.
മുംബൈയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട സിഎസ്‌കെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്മായി നാലു റണ്‍സെന്ന നിലയില്‍ പരുങ്ങവെയാണ് അലി ക്രീസിലെത്തുന്നത്. കളി മുംബൈയുടെ വരുതിയിലേക്കു നീങ്ങുമോയെന്നു സംശയിച്ച നിമിഷമായിരുന്നു ഇത്. പക്ഷെ അലി രണ്ടും കല്‍പ്പിച്ചായിരുന്നു ക്രീസിലെത്തിയത്. മുംബൈ ബൗളര്‍മാരെ അങ്ങോട്ട് കടന്നാക്രമിച്ച് അദ്ദേഹം നയം വ്യക്തമാക്കി. രണ്ടാം വിക്കറ്റില്‍ ഫഫ് ഡുപ്ലെസിക്കൊപ്പം 108 റണ്‍സാണ് അലി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ജസ്പ്രീത് ബുംറയ്ക്കായിരുന്നു അലിയുടെ വിക്കറ്റ്. ക്വിന്റണ്‍ ഡികോക്കിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.