IPL 2021: പാതിവഴിയില്‍ തൊപ്പി തെറിച്ചു, ക്യാപ്റ്റന്‍മാരില്‍ ഇനി വാര്‍ണറും- തുടക്കമിട്ടത് സങ്കക്കാര

ഐപിഎല്ലിന്റെ പാതിവഴിയില്‍ വച്ച് വീണ്ടുമൊരു ക്യാപ്റ്റനു കൂടി പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനാണ് ഈ സീസണില്‍ സ്ഥാനം നഷ്ടമായിരിക്കുന്നത്. എസ്ആര്‍എച്ചിന്റെ മോശം പ്രകടനം തന്നെയാണ് കാരണം. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് അവര്‍.
വാര്‍ണര്‍ക്കു പകരം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെയാണ് ശേഷിക്കുന്ന മല്‍സരങ്ങളില്‍ എസ്ആര്‍എച്ച് നായകസ്ഥാനമേല്‍പ്പിച്ചിരിക്കുന്നത്. ടീമിന്റെ നിരാശാജനകമായ പ്രകടനം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുകയോ സ്ഥാനമൊഴിയുകയോ ചെയ്ത അഞ്ചാമത്തെ പ്രമുഖ താരമാണ് വാര്‍ണര്‍. മറ്റുള്ള നായകര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ദിനേശ് കാര്‍ത്തിക് (കെകെആര്‍, 2020)
യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ നായകസ്ഥാനം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക് ഒഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള നിര്‍ണായക മല്‍സത്തിനു മുമ്പായിരുന്നു കാര്‍ത്തിക് നായകസ്ഥാനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ഒയ്ന്‍ മോര്‍ഗനെ ഏല്‍പ്പിച്ചത്. ട്വിറ്ററിലൂടെയാണ് കെകെആര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റിങിലും ഫ്‌ളോപ്പായതോടെയാണ് കാര്‍ത്തിക് രാജിവചച്ചത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 108 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

ശിഖര്‍ ധവാന്‍ (എസ്ആര്‍എച്ച്, 2014)
2014ലെ ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമിക്കായിരുന്നു ചുമതല ലഭിച്ചത്. ക്യാപ്റ്റന്‍സി ഭാരം എടുത്തു കളഞ്ഞ് ധവാനെ ബാറ്റിങില്‍ കൂടുതല്‍ ഫ്രീയായി കളിക്കാന്‍ അനുവദിക്കുകയായിരുന്നു എസ്ആര്‍എച്ചിന്റെ ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയില്‍ എസ്ആര്‍എച്ചിനെ 10 മല്‍സരങ്ങളിലാണ് ധധവാന്‍ നയിച്ചത്. ഇവയില്‍ 215 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

റിക്കി പോണ്ടിങ് ( മുംബൈ ഇന്ത്യന്‍സ്, 2013)
2013ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ മൂന്നിലും അവര്‍ തോറ്റത്തോടെ നായകന്‍ റിക്കി പോണ്ടിങ് രാജി വയ്ക്കുകയായിരുന്നു. ബാറ്റിങിലും അദ്ദേഹം റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാനൊഴിഞ്ഞ പോണ്ടിങ് പകരം രോഹിത് ശര്‍മയെ ദൗത്യമേല്‍പ്പിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ക്യാപ്റ്റനായി അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം. രോഹിത്തിനു കീഴില്‍ ആദ്യ സീസണില്‍ തന്നെ മുംബൈയ്ക്കു ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞു. അവരുടെ കന്നിക്കിരീടം കൂടിയായിരുന്നു ഇത്. പിന്നീട് നാലു തവണ കൂടി മുംബൈയ്ക്കു ട്രോഫി സമ്മാനിച്ച രോഹിത് ഇപ്പോഴും ഈ റോളില്‍ തുടരുകയാണ്.

കുമാര്‍ സങ്കക്കാര (ഡെക്കാന്‍ ചാര്‍ജേഴ്‌സ്, 2011)
ഐപിഎല്ലിന്റെ ഭാഗമായിരുന്ന മുന്‍ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ നായകസ്ഥാനത്തു നിന്നും 2011ല്‍ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കുമാര്‍ സങ്കക്കാര രാജിവച്ചിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് നായകസ്ഥാനമൊഴിയുക മാത്രമല്ല ഒപ്പം പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹം മാറിനിന്നു. സങ്കക്കാരയ്ക്കു പകരം ഓസീസ് ഓള്‍റൗണ്ടര്‍ കാമറോണ്‍ വൈറ്റാണ് നായകസ്ഥാനത്തേക്കു വന്നത്. പക്ഷെ വൈറ്റിനു കീഴിലും ഡെക്കാന് മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications