
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുറുപ്പുചീട്ടെന്ന അലങ്കാരം ഇനി സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു മാത്രം അവകാശപ്പെട്ടതല്ല. മറ്റൊരു താരം കൂടി ഇത് ഇപ്പോള്‍ പങ്കിടുകയാണ്. ആര്‍സിബിയുടെ മലയാളി ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കലാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ ആര്‍സിബി ബാറ്റിങിന്റെ നെടുംതൂണായിരുന്നു ദേവ്ദത്ത്. 70 റണ്‍സോടെ താരം ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങിയതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്.
ഈ ഇന്നിങ്‌സാണ് എബിഡിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കാന്‍ ദേവ്ദത്തിനെ സഹായിച്ചത്. 2020നു ശേഷം ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ താരമെന്ന എബിഡിയുടെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിത്. ഏഴു തവണ വീതമാണ് രണ്ടു പേരും ടീമിനു വേണ്ടി ഫിഫ്റ്റി പ്ലസ് കുറിച്ചിട്ടുള്ളത്. ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുമാണ്. കോലി അഞ്ചു തവണയും മാക്‌സ്വെല്‍ രണ്ടു തവണയുമാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ഐപിഎല്‍ കരിയറിലെ ആറാമത്തെ ഫിഫ്റ്റിലാണ് സിഎസ്‌കെയ്‌ക്കെതിരേ ദേവ്ദത്ത് നേടിയത്. ഇതുവരെ 23 മല്‍സരങ്ങളിലായി 22 ഇന്നിങ്‌സുകളിലാണ് ഐപിഎല്ലില്‍ അദ്ദേഹം ആര്‍സിബിക്കു വേണ്ടി കളിച്ചിട്ടുള്ളത്. 34.54 ശരാശരിയില്‍ 760 റണ്‍സ് ദേവ്ദത്ത് നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കമാണ് ദേവ്ദത്ത് 750ന് മുകളില്‍ നേടിയത്. ഇതുവരെ 81 ബൗണ്ടറികളും 20 സിക്‌സറുകളും താരം പായിക്കുകയും ചെയ്തു.
2019ലെ ഐപിഎല്ലിനു മുമ്പായിരുന്നു കര്‍ണാടകയുടെ റണ്‍മെഷീനായ ദേവ്ദത്ത് ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായത്. പക്ഷെ ആദ്യ സീസണില്‍ താരത്തിനു അവസരങ്ങളൊന്നുമ ലഭിച്ചില്ല. എങ്കിലും കര്‍ണാടകയ്ക്കു വേണ്ടി ദേവ്ദത്ത് റണ്‍വേട്ട തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ 2020ല്‍ അദ്ദേഹത്തിന്റെ സമയവും തെളിഞ്ഞു. ആദ്യ മല്‍സരം മുതല്‍ ദേവ്ദത്തിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിയില്ല. ആദ്യത്തെ നാലു ഇന്നിങ്‌സുകളില്‍ മൂന്നിലും ദേവ്ദത്ത് ഫിഫ്റ്റി കുറിച്ചു. സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 31.53 ശരാശരിയില്‍ 473 റണ്‍സ് താരം വാരിക്കൂട്ടി.
ഈ സീസണിലും ദേവ്ദത്ത് നിരാശപ്പെടുത്തിയിട്ടില്ല. ഇതിനകം എട്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 287 റണ്‍സ് താരം നേടിക്കഴിഞ്ഞു. വരാനിരിക്കുന്ന മല്‍സരങ്ങളിലും മികവ് തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ നേടിയ 473 റണ്‍സ് മറികടക്കുകയാവും ദേവ്ദത്തിന്റെ ലക്ഷ്യം. ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനം ഇന്ത്യന്‍ ടീമിലേക്കും അടുത്തിടെ താരത്തിനു വഴി തുറന്നിരുന്നു. ഇന്ത്യന്‍ ടീം ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോള്‍ ദേവ്ദത്തും സംഘത്തിലുണ്ടായിരുന്നു.
ആര്‍സിബിക്കു തോല്‍വി
ദേവ്ദത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനു പക്ഷെ ആര്‍സിബിയെ മല്‍സരത്തില്‍ രക്ഷിക്കാനായില്ല. ആറു വിക്കറ്റിന്റെ കനത്ത പരാജയമാണ് കോലിയും സംഘവും ഏറ്റുവാങ്ങിയത്. യുഎഇയിലെത്തിയ ശേഷം ആര്‍സിബിക്കു നേരിട്ട രണ്ടാം തോല്‍വിയാണിത്. തൊട്ടുമുമ്പത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആര്‍സിബി ഒമ്പതു വിക്കറ്റിനു തകര്‍ന്നടിഞ്ഞിരുന്നു.
ആര്‍സിബി നല്‍കിയ 157 റണ്‍സെന്‍ വിജയലക്ഷ്യം കാര്യമായ ബുദ്ധിമുട്ടില്ലാതെയാണ് സിഎസ്‌കെ മറികടന്നത്. 18.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. ഒപ്പം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. 38 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്ക്വാദാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോററായി മാറിയത്. അമ്പാട്ടി റായുഡു 32ഉം ഫഫ് ഡുപ്ലെസി 31ഉം റണ്‍സെടുത്തു. മോയിന്‍ അലി 23 റണ്‍സിനു പുറത്തായി.