IPL 2021: പ്ലേ ഓഫ് ഉറപ്പിക്കാന്‍ സിഎസ്‌കെ, 'വില്ലനാവാന്‍' വില്യംസണും സംഘവും
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (30-9-2021) നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം നടക്കുന്നത്. സിഎസ്‌കെ തോല്‍വി അറിയാതെ കുതിക്കുമ്പോള്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദിന്റെ വരവ്. ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ത്തന്നെ സിഎസ്‌കെയ്ക്ക് വിലങ്ങുതടിയാവുക എന്ന ലക്ഷ്യത്തോടെ തന്നെയാവും കെയ്ന്‍ വില്യംസണും സംഘവും ഇറങ്ങുക.
10 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള സിഎസ്‌കെയ്ക്ക് ഒരു മത്സരം കൂടി ജയിക്കാനായാല്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം. മികച്ച നെറ്റ് റണ്‍റേറ്റും ടീമിനുണ്ട്. 10 മത്സരത്തില്‍ രണ്ട് ജയം മാത്രം നേടിയ ഹൈദരാബാദ് ശേഷിക്കുന്ന മത്സരം ജയിച്ച് അഭിമാനത്തോടെ സീസണ്‍ അവസാനിപ്പിക്കാനുറച്ചാവും ഇറങ്ങുക.

നേര്‍ക്കുനേര്‍ കണക്ക്
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരേ സിഎസ്‌കെയ്ക്ക് വ്യക്തമായ ആധിപത്യം പറയാനാവും. 15 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 തവണയും ധോണിയും സംഘവുമാണ് വിജയം നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാനായത് നാല് മത്സരങ്ങളില്‍ മാത്രം. ഈ കണക്കുകള്‍ സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിഎസ്‌കെയുടെ ഉയര്‍ന്ന സ്‌കോര്‍ 223 റണ്‍സും ഹൈദരാബാദിന്റെ സ്‌കോര്‍ 192 റണ്‍സുമാണ്. സുരേഷ് റെയ്‌ന (432), ഡേവിഡ് വാര്‍ണര്‍ (405) എന്നിവരുടെ പേരിലാണ് ഉയര്‍ന്ന സ്‌കോര്‍. വാര്‍ണര്‍ നിലവില്‍ ഹൈദരാബാദ് പ്ലേയിങ് 11ന് പുറത്താണ്. കൂടുതല്‍ വിക്കറ്റ് ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലാണ് (17). ഹൈദരാബാദ് നിരയില്‍ റാഷിദ് ഖാനാണ് (9) കേമന്‍. 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിന്റെ പേരിലാണ് മികച്ച ബൗളിങ് പ്രകടനമുള്ളത്.

സിഎസ്‌കെയ്ക്ക് ബാറ്റിങ്ങില്‍ മെച്ചപ്പെടണം
ബാറ്റിങ് നിരയിലെ സീനിയര്‍ താരങ്ങളുടെ പ്രകടനമാണ് ടീമിന്റെ പ്രധാന ആശങ്ക. പ്രധാനമായും നായകന്‍ എംഎസ് ധോണിക്ക് താളം കണ്ടെത്താനാവുന്നില്ല. കഠിന പരിശീലനങ്ങള്‍ ധോണി നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇതിന്റെ മികവൊന്നും ബാറ്റിങ്ങില്‍ കാട്ടാന്‍ ധോണിക്കാവുന്നില്ല. സുരേഷ് റെയ്‌ന,അമ്പാട്ടി റായിഡു,മോയിന്‍ അലി എന്നിവരും ഫോമിലേക്കുയരേണ്ടതായുണ്ട്. ഓപ്പണിങ്ങിലെ ഗെയ്ക് വാദ്-ഡുപ്ലെസിസ് കൂട്ടുകെട്ടിന്റെ പ്രകടനവും വളരെ പ്രധാനപ്പെട്ടതാണ്.
ധോണിയുടെ നായകമികവ് തന്നെയാണ് ശക്തി. സാം കറാന്‍ തല്ലുവാങ്ങുന്നതിനാല്‍ ഡ്വെയ്ന്‍ ബ്രാവോ തന്നെ പ്ലേയിങ് 11 തിരിച്ചെത്തിയേക്കും. ഫിനിഷര്‍ റോളില്‍ രവീന്ദ്ര ജഡേജ മികവ് കാട്ടുന്നതും ടീമിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.

ബൗളിങ്ങില്‍ പ്രതീക്ഷവെച്ച് ഹൈദരാബാദ്
മികച്ച ബൗളിങ് നിരയാണ് ഹൈദരാബാദിന്റെ ശക്തി. ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ക്കൊപ്പം റാഷിദ് ഖാന്റെ ബൗളിങ് മികവ് കൂടി ചേരുമ്പോള്‍ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓപ്പണിങ്ങില്‍ വാര്‍ണര്‍ക്ക് പകരക്കാരനായെത്തിയ ജേസന്‍ റോയ് മികച്ച ഫോമിലാണ്. നായകന്‍ കെയ്ന്‍ വില്യംസണും ഫോം വീണ്ടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീമിന് പ്രതീക്ഷകളേറെ. യുവതാരങ്ങളും ഫോമിലേക്കുയര്‍ന്നാല്‍ പലരുടെയും വഴിമുടക്കികളാവാന്‍ ഹൈദരാബാദിന് സാധിക്കും. ബാറ്റിങ്ങില്‍ ടോപ് ഓഡറിനെ ടീം വളരെ അധികം ആശ്രയിക്കുന്നു. അതിനാല്‍ത്തന്നെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിര്‍ണ്ണായകം.

സാധ്യതാ 11
ഹൈദരാബാദ്: ജേസന്‍ റോയ്, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ.
സിഎസ്‌കെ: റുതുരാജ് ഗെയ്ക്‌വാദ്, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ലൂങ്കി എന്‍ഗിഡി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications