ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രക്ഷയില്ല. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് ഏഴ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണര്‍ നായകനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റത്. സീസണിലെ ടീമിന്റെ അഞ്ചാം തോല്‍വിയാണിത്. അതേ സമയം ഈ സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സിഎസ്‌കെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് നേടിയിരിക്കുന്നത്. സിഎസ്‌കെ ആധിപത്യ ജയം നേടിയ മത്സരത്തിലെ പ്രധാന കളിക്കണക്കുകളും റെക്കോഡുകളുമറിയാം.
ഈ സീസണില്‍ ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുന്ന ആദ്യ മത്സരമായിരുന്നു സിഎസ്‌കെയ്‌ക്കെതിരേ നടന്നത്. എന്നിട്ടും തുടര്‍തോല്‍വികള്‍ക്ക് ബ്രേക്കിടാന്‍ ഹൈദരാബാദിനായില്ല. ഇത്തവണ ഡേവിഡ് വാര്‍ണറുടെ മെല്ലപ്പോക്ക് തന്നെയാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണമായത്.
മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് വിമര്‍ശനം നേരിട്ടെങ്കിലും നിരവധി റെക്കോഡുകള്‍ വാര്‍ണര്‍ സ്വന്തം പേരിലാക്കി. 10,000 ടി20 റണ്‍സ് നേടുന്ന നാലാമത്തെ താരമാണ് വാര്‍ണര്‍. കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍, ഷുഹൈബ് മാലിക്ക് എന്നിവരാണ് ഇതിന് മുമ്പ് ഇൗ നേട്ടത്തിലെത്തിയത്. കൂടാതെ ഐപിഎല്ലില്‍ 200 സിക്‌സുകള്‍ നേടുന്ന എട്ടാമത്തെ താരവും നാലാമത്തെ വിദേശ താരവുമായി വാര്‍ണര്‍ മാറി. കൂടാതെ ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമായും അദ്ദേഹം മാറി. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്റെ പേരില്‍ 43 അര്‍ധ സെഞ്ച്വറിയാണുള്ളത്.

കൂടാതെ ഹൈദരാബാദിനായി 4000 റണ്‍സ് നേടുന്ന ആദ്യത്തെ താരമായും വാര്‍ണര്‍ മാറി. സിഎസ്‌കെയ്‌ക്കെതിരേ 50ാം പന്തിലാണ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണിത്. 2019ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 49 പന്തിലും അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസ് തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ 50ലധികം റണ്‍സ് നേടിയിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ സിഎസ്‌കെ താരമാണ് അദ്ദേഹം. ഇതിന് മുമ്പ് 2020ല്‍ റുതുരാജ് ജയഗ്വാദാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഈ സീസണില്‍ റാഷിദ് ഖാന്റെ ആദ്യ മൂന്ന് വിക്കറ്റ് പ്രകടനം സിഎസ്‌കെയ്‌ക്കെതിരേ നടത്തി. കൂടാതെ സിഎസ്‌കെയ്‌ക്കെതിരേ താരത്തിന്റെ ആദ്യ മൂന്ന് വിക്കറ്റ് പ്രകടനമാണിത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
സിഎസ്‌കെയ്‌ക്കെതിരേ ഹൈദരാബാദിന്റെ വിജയശതമാനം 26.6 മാത്രം. 11 തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ നാല് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്.