മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന മത്സരം ഇന്ന്. സിഎസ്‌കെയും ആര്‍സിബിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഐപിഎല്‍ എല്‍ക്ലാസികോയെന്ന് തന്നെ മത്സരത്തെ വിശേഷിപ്പിക്കാം. വിരാട് കോലി-എംഎസ് ധോണി എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് മത്സരത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്.
സീസണില്‍ കളിച്ച നാല് മത്സരവും ജയിച്ച് മിന്നും ഫോമില്‍ ആര്‍സിബി എത്തുമ്പോള്‍ സിഎസ്‌കെ മൂന്ന് ജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങിയാണ് പോരാട്ടത്തിനിറങ്ങുന്നത്. മുംബൈയിലാണ് മത്സരമെന്നതിനാല്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സിഎസ്‌കെയുടെ സുരേഷ് റെയ്‌ന 1 സിക്‌സര്‍ കൂടി നേടിയാല്‍ 200 സിക്‌സര്‍ ക്ലബ്ബിന്റെ ഭാഗമാവും. അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ റെയ്‌നക്ക് അവസരം ലഭിച്ചിരുന്നില്ല. ഈ നേട്ടം സ്വന്തമാക്കിയാല്‍ രോഹിത്, കോലി, ധോണി എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമായി റെയ്‌ന മാറും.

ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബിലെത്താന്‍ എബി ഡിവില്ലിയേഴ്‌സിന് വേണ്ടത് 26 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമായി എബിഡി മാറും. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന എബിഡി അനായാസമായിത്തന്നെ ഇന്നത്തെ മത്സരത്തിലൂടെ ഈ നേട്ടത്തിലെത്തിയേക്കും.
29 റണ്‍സ് കൂടി നേടിയാല്‍ മുംബൈയില്‍ 1000 ടി20 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി റായിഡു മാറും.രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് നിലവില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങള്‍. 2010-2017വരെ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു അമ്പാട്ടി റായിഡു.
ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയ സിഎസ്‌കെ താരം എംഎസ് ധോണിയാണ്. 823 റണ്‍സാണ് ധോണി കോലിപ്പടയ്‌ക്കെതിരേ നേടിയത്. 41.15 ആണ് അദ്ദേഹത്തിന്റെ ശരാശരി. 141.90 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ധോണിക്കുണ്ട്.
ആര്‍സിബിക്കെതിരേ 43 സിക്‌സുകള്‍ ധോണി നേടിയിട്ടുണ്ട്. ഒരു ടീമിനെതിരേ കൂടുതല്‍ സിക്‌സ് ധോണിയുടെ പേരിലാണ്. രണ്ടാം സ്ഥാനത്ത് ഹൈദരാബാദിന്റെ വാര്‍ണറാണ് (33).
154.49 സ്‌ട്രൈക്കറേറ്റില്‍ 516 റണ്‍സാണ് എബി ഡിവില്ലിയേഴ്‌സ് സിഎസ്‌കെയ്‌ക്കെതിരേ നേടിയത്. 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ സിഎസ്‌കെയ്‌ക്കെതിരേ 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള ഏക താരമാണ് എബിഡി.