IPL 2021: സിഎസ്‌കെ ഇറങ്ങുന്നു, എതിരാളി ഡല്‍ഹി, ക്യാപ്റ്റനായി റിഷഭിന് അരങ്ങേറ്റം, കണക്കുകളറിയാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന ആവേശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തുപോയതിന്റെ ക്ഷീണം മാറ്റാനുറച്ച് സിഎസ്‌കെ ഇറങ്ങുമ്പോള്‍ ഇത്തവണ കിരീടം ഉറപ്പിക്കാനുറച്ചാവും ഡല്‍ഹിയുടെ വരവ്. എംഎസ് ധോണിയെ വീണ്ടും കളത്തില്‍ കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍സി ലഭിച്ച റിഷഭിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരം കൂടിയാണിത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് മുംബൈയിലാണ് മത്സരം.

നേര്‍ക്കുനേര്‍ കണക്കുകള്‍
നേര്‍ക്കുനേര്‍ കണക്കുകളില്‍ ഡല്‍ഹി ക്കെതിരെ വ്യക്തമായ ആധിപത്യം സിഎസ്‌കെയ്ക്കുണ്ട്. 23 മത്സരങ്ങളില്‍ ഇതുവരെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം ധോണിപ്പടയ്‌ക്കൊപ്പമായിരുന്നു. എട്ട് മത്സരത്തിലാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹിയിലേക്ക് സ്റ്റീവ് സ്മിത്ത് കടന്നുവരുമ്പോള്‍ എന്ത് മാറ്റമാണുണ്ടാകുന്നതെന്ന് കണ്ടറിയാം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് സിഎസ്‌കെ നായകന്‍ ധോണിയുടെ പേരിലാണ്. 547 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്ത് സിഎസ്‌കെ ഉപനായകന്‍ സുരേഷ് റെയ്‌നയാണ്. 498 റണ്‍സാണ് അദ്ദേഹം നേടിയത്. മുന്‍ സിഎസ്‌കെ താരം മുരളി വിജയ് (346) മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡല്‍ഹി നിരയില്‍ മുന്നില്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് (302). അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധവാന്‍.
കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഡല്‍ഹിയുടെ ആര്‍ അശ്വിനാണ്. വ്യത്യസ്ത ടീമുകള്‍ക്കുവേണ്ടി 17 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് (14 വിക്കറ്റ്). ഇത്തവണയും ബ്രാവോ സിഎസ്‌കെ നിരയിലുണ്ട്. സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് (12 വിക്കറ്റ്) മൂന്നാം സ്ഥാനത്ത്. ഇവരെല്ലാം ഇത്തവണയും കളിക്കുന്നുണ്ട്.

പ്രതീക്ഷയോടെ സിഎസ്‌കെ
അവസാന സീസണില്‍ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെ ഇത്തവണ തിരിച്ചുവരവ് പ്രതീക്ഷയിലാണ്. സുരേഷ് റെയ്‌നയുടെ മടങ്ങിവരവാണ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര, കൃഷ്ണപ്പ ഗൗതം, മോയിന്‍ അലി എന്നിവരാണ് ഇത്തവണ ടീമിലേക്കെത്തിയ പ്രമുഖര്‍. ഇമ്രാന്‍ താഹിര്‍, കരണ്‍ ശര്‍മ, ജഡേജ, മോയിന്‍ അലി, മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയ മികച്ച സ്പിന്‍ നിരയാണ് സിഎസ്‌കെയുടെ കരുത്ത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പിന്മാറ്റവും ലൂങ്കി എന്‍ഗിഡിയുടെ ആദ്യ മത്സരത്തിലെ അഭാവവും ടീമിനെ ബാധിച്ചേക്കില്ല.

ആത്മവിശ്വാസത്തോടെ ഡല്‍ഹി
അവസാന സീസണിലെ ഒട്ടുമിക്ക താരങ്ങളും ഇത്തവണയും ഡല്‍ഹിക്കൊപ്പമുണ്ട്. ശിഖര്‍ ധവാന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, റിഷഭ് പന്ത്, ഹെറ്റ്‌മെയര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയ തകര്‍പ്പന്‍ ബാറ്റിങ് നിരയും കഗിസോ റബാദ, ആന്‍ റിച്ച് നോക്കിയേ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, അമിത് മിശ്ര തുടങ്ങിയ ബൗളിങ് നിരയും ഡല്‍ഹിയെ അതിശക്തരാക്കുന്നു. നായകന്‍ ശ്രേയസ് അയ്യരുടെ അഭാവം ടീമിനെ ബാധിക്കുമോയെന്ന് കണ്ടറിയാം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റബാദയും നോക്കിയേയും ആദ്യ മത്സരം കളിക്കാനില്ലാത്തത് ഡല്‍ഹിയെ ബാധിച്ചേക്കും.

സാധ്യതാ പ്ലേയിങ് 11
ഡല്‍ഹി ക്യാപിറ്റല്‍സ്- ശിഖര്‍ ധവാന്‍, പൃത്ഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അമിത് മിശ്ര, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ക്രിസ് വോക്‌സ്.
സിഎസ്‌കെ- ഫഫ് ഡുപ്ലെസിസ്, റിതുരാജ് ജയഗ്വാദ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, മോയിന്‍ അലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ഇമ്രാന്‍ താഹിര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications