ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ണ്ണായക നീക്കവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന നിമിഷം പിന്മാറിയ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പകരം ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെയുള്ളുള്ള ജേസന്‍ ബെഹറന്‍ഡോര്‍ഫിനെയാണ് സിഎസ്‌കെ ടീമിലെത്തിച്ചത്. ഇത്തവണ മികച്ച പേസര്‍മാരുടെ അഭാവം സിഎസ്‌കെയുള്ളതായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബെഹറന്‍ഡോര്‍ഫിന്റെ വരവ് ഹെയ്‌സല്‍വുഡിന്റെ അഭാവം നികത്തുമെന്ന് തന്നെയാണ് സിഎസ്‌കെ ആരാധകരുടെ പ്രതീക്ഷ.
ടി20 ഫോര്‍മാറ്റില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ബെഹറന്‍ഡോര്‍ഫ്. 30കാരനായ താരം ഓസ്‌ട്രേലിയക്കുവേണ്ടി 11 ഏകദിനത്തിലും 7 ടി20യിലും കളിച്ച് 16,7 എന്നിങ്ങനെ വിക്കറ്റും നേടിയിട്ടുണ്ട്. ഇടം കൈയന്‍ പേസര്‍ 2019 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് താരം മുംബൈക്കായി വീഴ്ത്തിയത്. 8.68 ആയിരുന്നു ഇക്കോണമി.
ബിബിഎല്ലിലടക്കം കളിച്ച് പരിചയസമ്പത്തുള്ള അദ്ദേഹം ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന താരമാണ്. അതിനാല്‍ സിഎസ്‌കെയ്ക്ക് പവര്‍പ്ലേയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ ധോണിയുടെ പദ്ധതികള്‍ എങ്ങനെയായിരിക്കുമെന്ന് കണ്ട് തന്നെ അറിയണം. ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് ധോണി കൂടുതല്‍ പരിഗണന നല്‍കാനാണ് സാധ്യത.

ദീപക് ചഹാര്‍, സാം കറാന്‍, ലൂങ്കി എന്‍ഗിഡി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പേസര്‍മാരായി നിലവില്‍ സിഎസ്‌കെയിലുണ്ട്. ഇവരെല്ലാം നേരത്തെ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുള്ള താരങ്ങളാണ്. അതിനാല്‍ത്തന്നെ സിഎസ്‌കെ മുഖ്യ പരിഗണന കൊടുക്കുന്നത് ഇവര്‍ക്കായിരിക്കും. പരിക്കിന്റെ പ്രശ്‌നമുണ്ടായാല്‍ അല്ലാതെ ബെഹറന്‍ഡോര്‍ഫിന് സിഎസ്‌കെയുടെ പ്ലേയിങ് 11ല്‍ അവസരം ലഭിക്കുമെന്ന് കരുതുന്നില്ല.
നേരത്തെ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ഹെയ്‌സല്‍വുഡ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. അവസാന സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന താരത്തിന് തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതിന്റെയും ക്വാറന്റെയ്ന്‍ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് കാരണമാണ് ഇത്തവണ വിട്ടുനില്‍ക്കുന്നത്. മൂന്ന് ഐപിഎല്ലില്‍ നിന്നായി 1 വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്.
നാളെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. മുംബൈയിലാണ് മത്സരം. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കാത്ത സിഎസ്‌കെ ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. സുരേഷ് റെയ്‌നയുടെ മടങ്ങിവരവ് ടീമിന് കരുത്ത് പകരും. ഇമ്രാന്‍ താഹിര്‍,രവീന്ദ്ര ജഡേജ,കരണ്‍ ശര്‍മ എന്നിവരുടെ സ്പിന്നില്‍ സിഎസ്‌കെ വളരെയധികം പ്രതീക്ഷ വെക്കുന്നു. മിച്ചല്‍ സാന്റ്‌നര്‍,മോയിന്‍ അലി,കൃഷ്ണപ്പ ഗൗതം എന്നിവരും ടീമിലുണ്ട്.