ഐപിഎല്ലിന്റെ 14ാം സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു ഇനി പുതിയ അവകാശി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ് ഓറഞ്ച് ക്യാപ്പിന് അവകാശിയായിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നേടിയ 56 റണ്‍സ് അദ്ദേഹത്തെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കുയര്‍ത്തുകയായിരുന്നു. 38 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും ഡുപ്ലെസിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ദിവസങ്ങളോളം ഓറഞ്ച് ക്യാപ്പ് കൈവിടാാതെ കാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനില്‍ നിന്നും ഡുപ്ലെസി ഇതു തട്ടിയെടുക്കുകയായിരുന്നു. ആറു ഇന്നിങ്‌സുകളില്‍ നിന്നും 67.50 ശരാശരിയില്‍ 270 റണ്‍സോടെയാണ് ഡുപ്ലെസി ഇപ്പോള്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും 265 റണ്‍സോടെ ധവാന്‍ തൊട്ടുതാഴെയുണ്ട്. പഞ്ചാബ കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (240), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗ്ലെന്‍ മാക്‌സ്വെല്‍ (223), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോ (218) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
മൂന്നു ഫിഫ്റ്റികളോടെയാണ് ഡുപ്ലെസി ടൂര്‍ണമെന്റില്‍ 270 റണ്‍സെടുത്തിട്ടുള്ളത്. രണ്ടു തവണ നോട്ടൗട്ടായി നിന്ന അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 95 റണ്‍സാണ്. ധവാനാവട്ടെ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ആറ് ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 92 ആണ്. ബൗണ്ടറികളില്‍ മുന്നില്‍ ധവാനാണെങ്കില്‍ സിക്‌സറുകളില്‍ കേമന്‍ ഡുപ്ലെസിയാണ്. ധവാന്‍ 33 ബൗണ്ടറികളടിച്ചപ്പോള്‍ ഡുപ്ലെസി നേടിയത് 27 എണ്ണമാണ്. എന്നാല്‍ ഡുപ്ലെസി ഒമ്പത് സിക്‌സറുകള്‍ പറത്തിയെങ്കില്‍ ധവാന്റെ അക്കൗണ്ടിലുള്ളത് അഞ്ചെണ്ണമാണ്.
ടൂര്‍ണമെന്റിലെ ഹാട്രിക് ഫിഫ്റ്റി കൂടിയാണ് എസ്ആര്‍എച്ചിനെതിരേ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡുപ്ലെസി നേടിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 60 ബോളില്‍ പുറത്താവാതെ 95ഉം റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരേ 41 ബോളില്‍ 50ഉം റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
ഓറഞ്ച് ക്യാപ്പിന് അവകാശിയായതില്‍ സന്തോഷമുണ്ടെന്നു ഡുപ്ലെസി മല്‍സരശേഷം പ്രതികരിച്ചു. പക്ഷെ, അതോടെ വിജയിക്കാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ സന്തോഷമുണ്ട്. റുതുരാജിനൊപ്പമുള്ള എന്റെ കൂട്ടുകെട്ട് വളരെ മികച്ചതും ഫലവത്തായതുമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് പോസിറ്റീവ് സൂചനയാണിതെന്നും അദ്ദേഹം വിശദമാക്കി.