താന്‍ സൂപ്പര്‍ഹീറോയല്ലെന്നും പിഴവുകള്‍ തനിക്കും സംഭവിക്കുമെന്നും തെളിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലാണ് സിംപിള്‍ ക്യാച്ച് ഒരിക്കലും വഴുതിപ്പോവില്ലെന്നു കരുതിയ ധോണിയുടെ കൈകളില്‍ നിന്നും തെന്നി മാറിയത്. പക്ഷെ അതുകൊണ്ട് തന്റെ ടീമിന് വലിയ തിരിച്ചടി നേരിട്ടില്ല എന്നതില്‍ അദ്ദേഹത്തിനു ആസ്വദിക്കാം.

എസ്ആര്‍എച്ച് ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളിലായിരുന്നു അവിശ്വസനീയ രംഗം. ദീപക് ചഹറായിരുന്നു ബൗളര്‍. ലെഗ് സൈഡിലേക്കു നീങ്ങിയ അപകടം വിതയ്ക്കാത്ത ഔട്ട് സ്വിങര്‍ ബെയര്‍സ്‌റ്റോയ്ക്ക് ഒഴിവാക്കമായിരുന്നു. എന്നാല്‍ ലെഗ് സൈഡിലേക്കു ഷോട്ടിനു ശ്രമിച്ച ബെയര്‍സ്‌റ്റോയുടെ ബാറ്റിന് അരികില്‍ തൊട്ടുരുമ്മിയ ബോള്‍ ധോണിയുടെ കൈകളിലേക്കാണ് വന്നത്. നിന്നയിടത്തു നിന്നും അതു കൈപ്പിടിയിലൊതുക്കുക മാത്രമേ അദ്ദേഹം ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ കൈക്കുള്ളിലൊതുങ്ങാതെ ബോള്‍ വഴുതി നിലത്തു വീണു. ഇതുകണ്ട ബൗളര്‍ ചഹര്‍ മാത്രമല്ല അവിശ്വസനീയതോടെ നിന്നത് ലോകമെമ്പാടും കളി കണ്ടുകൊണ്ടിരുന്ന ക്രിക്കറ്റ് പ്രേമികളെയും ഇത് ആശ്ചര്യപ്പെടുത്തി.
എസ്ആര്‍എച്ച് നിരയിലെ ഏറ്റവും അപകടകാരിയായ ബെയര്‍സ്‌റ്റോയ്ക്ക് ധോണി ജീവന്‍ നല്‍കിയതിന് സിഎസ്‌കെയ്ക്കു വലിയ വില നല്‍കേണ്ടി വരുമെന്ന് ആരാധകര്‍ ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല. നാലാം ഓവറില്‍ തന്നെ ബെയര്‍സ്‌റ്റോ ക്രീസ് വിട്ടു. അഞ്ചു ബോളില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത അദ്ദേഹത്തെ സാം കറെന്‍ പുറത്താക്കി. പുള്‍ ഷോട്ടിനു ശ്രമിച്ച ബെയര്‍സ്‌റ്റോയെ ലോങ് ലെഗില്‍ ചഹര്‍ റണ്ണിങ് ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു.