ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ തികച്ചിരിക്കുകയാണ് ആരാധകരുടെ സ്വന്തം ചിന്നത്തല. ഇതോടെ എലൈറ്റ് ക്ലബ്ബിലെത്തിയ നാലാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് നേരത്തേ 200 സിക്‌സറുകളടിച്ചിട്ടുള്ള മറ്റു ഇന്ത്യന് താരങ്ങള്‍. 222 സിക്‌സറുകളുമായി ഹിറ്റ്മാനാണ് ഒന്നാമന്‍. ധോണി 217ഉം കോലി 204ഉം സിക്‌സറുകള്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ തികച്ച ഏഴാമത്തെ താരമായും റെയ്‌ന മാറി. പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്ല്‍ (354 സിക്‌സര്‍), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ് (240), രോഹിത് ശര്‍മ (222), എംഎസ് ധോണി (217), മുംബൈ ഇന്ത്യന്‍സിന്റെ കരെണ്‍ പൊള്ളാര്‍ഡ് (204), വിരാട് കോലി (202) എന്നിവരാണ് നേരത്തേ ടൂര്‍ണമെന്റില്‍ 200 സിക്‌സറുകളിലെത്തിയിട്ടുള്ള മറ്റു കളിക്കാര്‍.
അതേസമയം, ആര്‍സിബിക്കെതിരേ വാംഖഡെയില്‍ റെയ്‌ന 24 റണ്‍സെടുത്ത് പുറത്തായി. 18 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറ്റൊരു വമ്പന്‍ ഷോട്ടിനായുള്ള ശ്രമമാണ് റെയ്‌നയ്ക്കു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഈ സീസണില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. 14ാം ഓവറിലാണ് റെയ്‌നയെ അദ്ദേഹം പുറത്താക്കിയത്. ഡീപ്പ് മിഡ് വിക്കറ്റില്‍ ദേവ്ദത്ത് പടിക്കലാണ് റെയ്‌നയുടെ ക്യാച്ചെടുത്തത്.