IPL 2021: സ്റ്റോക്‌സിന് പകരം രാജസ്ഥാനില്‍ ആരെത്തും? അറിയാം സാധ്യതകള്‍- നാലും കിവീസ് താരങ്ങള്‍
ഐപിഎല്ലില്‍ സീസണിലെ ആദ്യ കളിയില്‍ കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതിന്റെ നിരാശ മായുംമുമ്പ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തേടി മറ്റൊരു ദുഖ വാര്‍ത്തയെത്തിയിരുന്നു. ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അപ്രതീക്ഷിത പിന്‍മാറ്റമായിരുന്നു ഇത്. 12ന് പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ കൈവിരലിനു പൊട്ടലേറ്റതാണ് സ്റ്റോക്‌സിന്റെ സീസണ്‍ അവസാനിച്ചത്. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ പരിക്കു കാരണം നേരത്തേ രാജസ്ഥാനു നഷ്ടമായിരുന്നു. ഇപ്പോഴിതാ മറ്റൊരു തുറുപ്പുചീട്ടായ സ്റ്റോക്‌സും മടങ്ങുന്നത് സഞ്ജുവിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ സ്‌റ്റോക്‌സിനു പകരം രാജസ്ഥാന്‍ ആരെ കളിപ്പിക്കും? അഭാവം പൂര്‍ണമായി നികത്താന്‍ ശേഷിയുള്ള മറ്റൊരു താരം ഇല്ലെന്നു പറയുന്നതാവും നല്ലത്. എങ്കിലും ഒരു പകരക്കാരനെ രാജസ്ഥാന്‍ കൊണ്ടു വരാന്‍ സാധ്യത കൂടുതലാണ്. ഇതിനായി അവര്‍ക്കു മുന്നിലുള്ള ഓപ്ഷനുകള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

കോറി ആന്‍ഡേഴ്‌സന്‍ (ന്യൂസിലാന്‍ഡ്)
വമ്പനടികള്‍ക്കു പേരുകേട്ട ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനാണ് രാജസ്ഥാനു നോട്ടമിടാവുന്ന ഒരു താരം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നുണ്ട്. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗുമായി ആന്‍ഡേഴ്‌സന്‍ മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

ഡെവന്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്)
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് ന്യൂസിലാന്‍ഡിനായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഡെവന്‍ കോണ്‍വേ. കിവീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായി അദ്ദേഹം മാറിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിലെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അടുത്തിടെ കോണ്‍വേയെ തേടിയെത്തിയിരുന്നു.
നിലവില്‍ ഐസിസി ടി20 റാങ്കിങിലെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. കിവീസിനായി മൂന്നു ഏകദിനങ്ങളും 14 ടി20കളുമാണ് 29കാരനായ കോണ്‍വേ കളിച്ചിട്ടുള്ളത്.

ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)
കുറച്ചു വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഗ്ലെന്‍ ഫിലിപ്‌സ്. വമ്പനടിക്കാരനായ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ 24 കാരന്‍ അടുത്തിടെ ബൗളിങിലും ഒരുകൈ നോക്കിയിരുന്നു. ഒരു കംപ്ലീറ്റ് പാക്കേജെന്നു വിശേഷിപ്പിക്കാവുന്ന താരം കൂടിയാണ് ഫിലിപ്‌സ്.

ഇഷ് സോധി (ന്യൂസിലാന്‍ഡ്)
ഇന്ത്യന്‍ വംശജനായ സ്പിന്നറും ന്യൂസിലാന്‍ഡിന്റെ പരിചയ സമ്പന്നനായ താരവുമായ ഇഷ് സോധിയാണ് രാജസ്ഥാന്റെ മറ്റൊരു ഓപ്ഷന്‍. നിലവില്‍ രാജസ്ഥാന്‍ ടീമിന്റെ പരിശീലകസംഘത്തില്‍ സോധിയുണ്ട്. അതുകൊണ്ടു തന്നെ സ്‌റ്റോക്‌സിനു പകരം വളരെ പെട്ടെന്നു രാജസ്ഥാനു കളിപ്പിക്കാന്‍ കഴിയുന്ന താരം കൂടിയാണ് സോധി.
നിലവില്‍ രാജസ്ഥാന്റെ സ്പിന്നര്‍മാരായ രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ക്കു അനുഭവസമ്പത്ത് കുറവായതിനാലും റണ്‍സ് ഏറെ വഴങ്ങുന്നതിനാലും സോധിയെ സാന്നിധ്യം ടീമിനു തുണയാവും.

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (ദക്ഷിണാഫ്രിക്ക)
നിലവില്‍ 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍. നിലവില്‍ ദേശീയ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു രാജസ്ഥാന്റെ മുന്‍നിരയില്ലും നല്ല ബാറ്റിങ് കാഴ്ചവയ്ക്കാനാവും.
18 ടി20 മല്‍സരങ്ങളില്‍ നിന്നും 38.7 ശരാശരിയില്‍ 574 റണ്‍സ് വാന്‍ഡര്‍ ഡ്യുസെന്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications