ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് ബാധിച്ചതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിന്നുപോവുകയായിരുന്നു. രണ്ടാം പാദത്തിന് പിന്നാലെ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ പല താരങ്ങളും രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ആദ്യ പാദം കളിച്ച് തിളങ്ങിയ പല സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തിനില്ലെന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്. അത്തരത്തില്‍ രണ്ടാം പാദം കളിക്കാനില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
കെകെആറിന്റെ ഏറ്റവും വലിയ നഷ്ടം ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ്. രണ്ടാം പാദം കളിക്കാനില്ലെന്ന് കമ്മിന്‍സ് വ്യക്തമാക്കി കഴിഞ്ഞു. വമ്പന്‍ തുകയ്ക്ക് ടീമിലെത്തിച്ച കമ്മിന്‍സ് ടി20 ലോകകപ്പിന് വേണ്ടിയാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പിന്നാലെ ആഷസും വരുമെന്നതും അദ്ദേഹം രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണങ്ങളിലൊന്നാണ്.
Also Read : IPL 2021: 'ആരാധകര്‍ എങ്ങനെ മറക്കും', ആദ്യ പാദത്തിലെ മൂന്ന് വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിതാ
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ് രണ്ടാം പാദത്തിലുള്ളത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ടീമിലുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. മാനസിക വിശ്രമത്തിലുള്ള ബെന്‍ സ്‌റ്റോക്‌സ് രണ്ടാം പാദത്തിനുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ് സൂപ്പര്‍ പേസറും രണ്ടാം പാദം കളിക്കില്ല. ജോസ് ബട്‌ലറിന്റെ കാര്യത്തില്‍ രാജസ്ഥാന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ബട്‌ലറും പങ്കെടുത്തേക്കില്ല. ടി20 ലോകകപ്പിനും ആഷസ് ടെസ്റ്റിനും മുമ്പായി വിശ്രമം ആവിശ്യമുള്ളതിനാല്‍ ബട്‌ലര്‍ രണ്ടാം പാദത്തിനുണ്ടാകില്ലെന്നാണ് വിവരം.

ആര്‍സിബി നിരയില്‍ ആദം സാംബയാണ് ഇല്ലാത്തത്. ഓസീസ് താരത്തിന് പകരമായി ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയെ ആര്‍സിബി സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പ് മുന്നിലുള്ളതിനാലും ക്വാറന്റെയ്ന്‍ നോക്കേണ്ടി വരുമെന്നതിനാലുമാണ് സാംബ വിട്ടുനില്‍ക്കുന്നത്. ആര്‍സിബിയിലെ മറ്റൊരു ഓസീസ് താരമായ കെയ്ന്‍ റിച്ചാര്‍ഡ്‌സനും രണ്ടാം പാദം കളിക്കില്ല. ഡാനിയല്‍ സാംസും ഫിന്‍ അലനും ആര്‍സിബി നിരയിലില്ല.
പഞ്ചാബ് കിങ്‌സില്‍ റില്ലി മെറീഡിത്തില്ല. പകരക്കാരനായി നതാന്‍ ഇല്ലിസിനെയും പഞ്ചാബ് കിങ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ പാദത്തില്‍ നിരാശപ്പെടുത്തിയ പഞ്ചാബിന് രണ്ടാം പാദത്തില്‍ തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് മാറി യുഎഇയിലേക്കെത്തുമ്പോള്‍ ടീമുകളുടെ പോയിന്റ് നിലയും മാറി മറിയുമെന്നുറപ്പാണ്.