ഐപിഎല്ലില്‍ ആന്ദ്രെ റസ്സലിന്റെ ബാറ്റിങ് വിസ്‌ഫോടനമൊന്നും തന്റെ മുന്നില്‍ വിലപ്പോവില്ലെന്നു ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മല്‍സരത്തില്‍ റസ്സലിനെ നിലയുറപ്പിക്കാന്‍ മോറിസ് അനുവദിച്ചില്ല. ഏഴു ബോളുകള്‍ നേരിട്ട റസ്സല്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. ഒരു സിക്‌സര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ഐപിഎല്‍ ചരിത്രമെടുത്താല്‍ ഇതു നാലാം തവണയാണ് റസ്സലിനെ മോറിസ് പുറത്താക്കിയത്. നേരത്തേ മറ്റു ഫ്രാഞ്ചൈസികള്‍ക്കായി കളിക്കവെയും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ അദ്ദേഹം മടക്കിയിട്ടുണ്ട്. 24 ബോളുകളാണ് മോറിസിനെതിരേ ഐപിഎല്ലില്‍ റസ്സല്‍ കളിച്ചിട്ടുള്ളത്. നേടിയതാവട്ടെ 38 റണ്‍സുമാണ്. മൂന്നു സിക്‌സറുകള്‍ മാത്രമേ മോറിസിനെതിരേ റസ്സലിനു നേടാനായിട്ടുള്ളൂ. ശരാശരി 9.5 ഉം സ്‌ട്രൈക്ക് റേറ്റ് 158ഉം ആണ്.
കെകെആര്‍- രാജസ്ഥാന്‍ മല്‍സരത്തില്‍ 18ാം ഓവറിലാണ് റസ്സല്‍ പുറത്താവുന്നത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച റസ്സലിനെ ലോങ്ഓണില്‍ മികച്ചൊരു ക്യാച്ചിലൂടെ ഡേവിഡ് മില്ലര്‍ പുറത്താക്കുകയായിരുന്നു. മല്‍സരത്തില്‍ റസ്സലിന്റേതടക്കം നാലു വിക്കറ്റുകള്‍ മോറിസ് വീഴ്ത്തി. നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ മടക്കിയത്. ഇതോടെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിനൊപ്പം മോറിസ് എത്തുകയും ചെയ്തു. നേരത്തേ 2015ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തന്നെ രാജസ്ഥാനു വേണ്ടി കളിക്കവെ അദ്ദേഹം 23 റണ്‍സിനു നാലു വിക്കറ്റുകള്‍ കൊയ്തിരുന്നു.
റസ്സലിനെതിരേ ഒരുപാട് ഹോ വര്‍ക്ക് ചെയ്താണ് തങ്ങള്‍ ഇറങ്ങിയതെന്നു കെകെആറിന്റെ ഇന്നിങ്‌സിനു ശേഷം മോറിസ് പ്രതികരിച്ചു. തൊട്ടുമുമ്പത്തെ കളിയില്‍ റസ്സല്‍ 20 ബോളില്‍ ഫിഫ്റ്റിയടിച്ചിരുന്നു. അനായാസമാണ് റസ്സല്‍ ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നത്. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ പുറത്താക്കാന്‍ കഴിയൂ, ഇന്നു ഭാഗ്യം എനിക്കൊപ്പമായിരുന്നു. ചില സമയങ്ങളില്‍ റസ്സലിന്റെ ഷോട്ട് പിഴയ്ക്കണമെന്ന് പ്രതീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്നും മോറിസ് വിശദമാക്കി.