
ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലവിലെ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മെഗാ ലേലത്തില്‍ ശിഖര്‍ ധവാനെ വാങ്ങാന്‍ സാധ്യതയില്ലാത്ത ടീമുകളിലൊന്ന്. പ്രായമാണ് അദ്ദേഹത്തിനു വിനയാവുന്ന ഘടകം. 36 കാരനായ ധവാനെ ലേലത്തില്‍ വാങ്ങാന്‍ സിഎസ്‌കെ തയ്യാറായേക്കില്ല.
സാധാരണയായി വെറ്ററന്‍ താരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാറുള്ള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. യുവത്വത്തേക്കാള്‍ പരിചയസമ്പത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കാറുള്ളത്. അതുകൊണ്ടു തന്നെ ഡാഡീസ് ആര്‍മിയെന്നു അവരെ പലരും പരിഹസിക്കാറുമുണ്ട്. പക്ഷെ വരാനിരിക്കുന്ന സീസണില്‍ യുവനിരയെ വാര്‍ത്തെടുക്കാനായിരിക്കും സിഎസ്‌കെ ശ്രമിച്ചേക്കുക. ദീര്‍ഘകാലത്തേക്കുള്ള ടീമിനെ മുന്നില്‍ കണ്ട് വലിയൊരു അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് സിഎസ്‌കെ.
യുവ ബാറ്റിങ് സെന്‍സേഷന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ഓപ്പണിങ് പങ്കാളിയായി ധവാന്‍ വരുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും. കാരണം മിന്നുന്ന ഫോമിലുള്ള റുതുരാജിനൊപ്പം ധവാന്‍ കൂടി ചേരുന്നതോടെ അത് മാരക ഓപ്പണിങ് കോമ്പിനേഷനായി മാറും. പക്ഷെ 36ാം വയസ്സിലെത്തി നില്‍ക്കുന്ന ധവാനു മുന്നില്‍ കരിയര്‍ ഇനി അധികമില്ലെന്നു സിഎസ്‌കെയ്ക്കു ബോധ്യമുണ്ടാവും. അതിനാല്‍ തന്നെ ലേലത്തില്‍ അദ്ദേഹത്തിനായി അവര്‍ താല്‍പ്പര്യം കാണിച്ചേക്കില്ല.

രാജസ്ഥാന്‍ റോയല്‍സ്
പ്രഥമ സീസണിലെ ജേതാക്കളും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ഫ്രാഞ്ചൈസിയുമായ രാജസ്ഥാന്‍ റോയല്‍സും ശിഖര്‍ ധവാനെ ലേലത്തില്‍ വാങ്ങാന്‍ സാധ്യതയില്ല. പുതിയ സീസണിനു മുന്നോടിയായി സഞ്ജുവിനെക്കൂടാതെ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയിട്ടുള്ളത്. അടുത്ത സീസണില്‍ റോയല്‍സിന്റെ ഓപ്പണിങ് ജോടികള്‍ ബട്‌ലറും ജയ്‌സ്വാളും തന്നെയായിരിക്കും. അതിനാല്‍ തന്നെ വെറ്ററന്‍ ഓപ്പണര്‍ ധവാനു വേണ്ടി റോയല്‍സ് ശ്രമിച്ചേക്കില്ല.
കഴിഞ്ഞ സീസണില്‍ ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ള ബട്‌ലര്‍, ജയ്‌സ്വാള്‍ എന്നിവരെ അവരുടെ ഫേവറിറ്റ് പൊസിഷനുകളില്‍ നിന്നും മാറ്റി പകരം ധവാനെ ടീമില്‍ കുത്തിത്തിരുകാന്‍ റോയല്‍സ് ശ്രമിക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ റോയല്‍സ് നോട്ടമിടുന്ന കളിക്കാരുടെ നിരയില്‍ അദ്ദേഹം ഉണ്ടാവാനുമിടയില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഐപിഎല്ലില്‍ ഇനിയും കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ശിഖര്‍ ധവാനു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയില്ലാത്ത മറ്റൊരു ഫ്രാഞ്ചൈസി. യുവത്വത്തിന് എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് ആര്‍സിബി. വിരാട് കോലി, യുസ്വേന്ദ്ര ചഹല്‍ പോലെയുള്ള കളിക്കാരെ വളര്‍ത്തിക്കൊണ്ടുവന്ന ടീം കൂടിയാണ് അവര്‍. വളരെ ചെറുപ്പത്തില്‍ തന്നെ ഇരുവരെയും ആര്‍സിബി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരുന്നു.
പുതിയ സീസണില്‍ ഓപ്പണിങ് ജോടിയെ ആര്‍സിബിക്കു കണ്ടെത്തേണ്ടതുണ്ട്. എങ്കിലും 36കാരനായ ധവാനെ ഈ റോളിലേക്കു അവര്‍ പരിഗണിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ സീസണില്‍ കോലിയും യുവ താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്നായിരുന്നു ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ രണ്ടു സീസണുകളിലും തകര്‍പ്പന്‍ പ്രകടനം നടത്താനും ദേവ്ദത്തിനായിരുന്നു. പുതിയ സീസണില്‍ കോലി ടീമിനൊപ്പമുണ്ടെങ്കിലും ദേവ്ദത്തിനെ അവര്‍ നിലനിര്‍ത്തിയിട്ടില്ല. എന്നാല്‍ മെഗാ ലേലത്തില്‍ താരത്തെ തിരികെ കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിച്ചേക്കും.


Click it and Unblock the Notifications