മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെ അവസാന രണ്ട് മത്സരവും ജയിച്ച് ആരാധക പ്രതീക്ഷ കാത്തെങ്കിലും എംഎസ് ധോണിയുടെ ബാറ്റിങ് ഓഡര്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. വലിയ ആരാധക പിന്തുണയുള്ള ധോണിയുടെ വെടിക്കെട്ട് പ്രകടനം ആരാധകര്‍ ഇന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ബാറ്റിങ് ഓഡറില്‍ ഏഴാം സ്ഥാനം കൊണ്ട് ഒതുങ്ങുകയാണ് ധോണി. നിലവില്‍ മികച്ച ബാറ്റിങ് കരുത്ത് സിഎസ്‌കെയ്ക്കുള്ളതിനാലാണ് ധോണിയുടെ ബാറ്റിങ് ഓഡര്‍ നീണ്ടുപോകുന്നത്.
ഇപ്പോഴിതാ സിഎസ്‌കെയ്ക്ക് മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ധോണിക്ക് വിശ്രമിക്കാം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. 'ധോണിയോട് ബാറ്റിങ്ങില്‍ വലിയ സംഭാവന ചെയ്യണമെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഗ്ലൗസ് അണിഞ്ഞ് ക്യാച്ചുകളെടുക്കാനും സ്റ്റംപ് ചെയ്യാനും അവന് സാധിക്കുന്നുണ്ട്.
സിഎസ്‌കെയുടെ ബാറ്റിങ് ഓഡര്‍ വളരെ നീണ്ടതാണെന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ ധോണിക്ക് വിശ്രമമെടുക്കാം. ധോണി ഫോമിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഫോമിലേക്കെത്തിയാല്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഫോമിലുള്ള താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. സാം കറാനെ നോക്കുക. വരുന്നു ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നു. മികച്ച ഫോമിലാണവന്‍'-ലാറ പറഞ്ഞു.

സിഎസ്‌കെയുടെ അവസാന രണ്ട് ബാറ്റ്‌സ്മാന്‍മാരായ ശര്‍ദുല്‍ ഠാക്കൂരും ദീപക് ചഹാറും ഐപിഎല്ലിലടക്കം ബാറ്റിങ് മികവ് തെളിയിച്ചവരാണ്. ഡ്വെയ്ന്‍ ബ്രാവോ എട്ടാമനായാണ് ക്രീസിലെത്തുന്നത് എന്നത് തന്നെ സിഎസ്‌കെയുടെ ബാറ്റിങ് കരുത്ത് വ്യക്തമാക്കുന്നു. ജയഗ്വാദ്,ഡുപ്ലെസിസ്,റെയ്‌ന,റായിഡു,ജഡേജ,കറാന്‍ എന്നിങ്ങനെ നീളുന്നു ടീമിന്റെ ബാറ്റിങ് പ്രതീക്ഷകള്‍.
ഇത്തവണ നാലാം കിരീടം സിഎസ്‌കെ നേടാനുള്ള സാധ്യതകളും ലാറ പങ്കുവെച്ചു. വളരെ മികച്ചൊരു ടീമിനെ ഇത്തവണ സിഎസ്‌കെയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു നല്ല നായകന്‍ സഹതാരങ്ങള്‍ക്ക് പ്രചോദനമാവുകയാണ് ചെയ്യേണ്ടത്. ഓരോ വ്യക്തിഗത പ്രകടനത്തിന് പിന്നിലും അതുണ്ടാവുമെന്നും ലാറ പറഞ്ഞു. ധോണിയുടെ ബാറ്റിങ് മികവിനേക്കാളേറെ നായകനെന്ന നിലയിലെ ബുദ്ധിക്കാണ് സിഎസ്‌കെ പ്രാധാന്യം നല്‍കുന്നത്. ഈ സീസണില്‍ തുടര്‍ച്ചയായി രണ്ട് മത്സരം ജയിച്ച സിഎസ്‌കെയുടെ അടുത്ത എതിരാളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ബൗളിങ്ങിലൂന്നിയാണ് സിഎസ്‌കെ ഇത്തവണയും കുതിപ്പ് തുടരുന്നത്. റോബിന്‍ ഉത്തപ്പ,കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്കൊന്നും ആദ്യ മൂന്ന് മത്സരത്തില്‍ സിഎസ്‌കെ അവസരം നല്‍കിയിട്ടില്ല.