ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് കളിക്കില്ലെന്നു വിവരം. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹം കെകെആര്‍ ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട മല്‍സരങ്ങളില്‍ താനുണ്ടാവില്ലെന്ന കാര്യത്തില്‍ കമ്മിന്‍സ് തീരുമാനമെടുത്തു കഴിഞ്ഞതായും എന്നാല്‍ ഇതിനു കാരണമെന്താണെന്ന് വ്യക്തമല്ലെന്നുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കുടുംബരപരമായ കാരണങ്ങളാല്‍ കമ്മിന്‍സിനും ഡേവിഡ് വാര്‍ണര്‍ക്കും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും വിശ്രമം നല്‍കിയേക്കും. ഒരു വര്‍ഷത്തിനിടെ പല ബയോ ബബ്‌ളുകളുടെ ഭാഗമായതിനാല്‍ പലരും അസ്വസ്ഥരാണ്. ഇതു കാരണം വേറെയും ചില താരങ്ങള്‍ വിട്ടുനില്‍ക്കാനുമിടയുണ്ട്. കെകെആറുമായി കമ്മിന്‍സിന് വമ്പന്‍ ഐപിഎല്‍ കരാറുണ്ടെങ്കിലും താന്‍ രണ്ടാം ഘട്ടത്തിലുണ്ടാവില്ലെന്നു അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ടെന്നും മോണിങ് ഹെറാള്‍ഡിന്റെ റിപ്പോട്ടില്‍ പറയുന്നു.
കമ്മിന്‍സിന്റെ അഭാവം കെകെആറിനെ സംബന്ധിച്ചു കനത്ത തിരിച്ചടി തന്നെയായിരിക്കും. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം ബൗളിങിലും ബാറ്റിങിലും അദ്ദേഹം കാഴ്ചവച്ചിരുന്നു. ക്യാപ്റ്റനും ഇംഗ്ലീഷ് താരവുമായ ഒയ്ന്‍ മോര്‍ഗനടക്കം പല വിദേശ താരങ്ങളുടെയും സേവനം യുഎഇയിലെ മല്‍സരങ്ങളില്‍ കെകെആറിനു ലഭിക്കാനിടയില്ല. അതിനിടെയാണ് കമ്മിന്‍സിന്റെ അപ്രതീക്ഷിത പിന്‍മാറ്റം.
2020ലെ ലേലത്തിലെ ഏറ്റവുമുയര്‍ന്ന തുകയ്ക്കായിരുന്നു കമ്മിന്‍സ് കെകെആറിലെത്തിയത്. പക്ഷെ ഈ മൂല്യത്തിനൊത്ത പ്രകടനം അദ്ദേഹത്തിനു കാഴ്ചവയ്ക്കാനായിരുന്നില്ല. യുഎഇയിലെ രണ്ടാംപാദ മല്‍സരങ്ങള്‍ക്കില്ലെന്നു അറിയിച്ചതോടെ കമ്മിന്‍സിനെ ഇനിയൊരു പക്ഷെ കെകെആര്‍ ജഴ്‌സിയില്‍ കണ്ടെന്നു വരില്ല. കാരണം ഈ സീസണിനു ശേഷം മെഗാ ലേലമാണ് വരാനിരിക്കുന്നത്. അതിനു മുമ്പ് മൂന്നു പേരെ മാത്രം നിലനിര്‍ത്തി മറ്റെല്ലാവരെയും കെകെആറിന് ഒഴിവാക്കേണ്ടി വരും. ഒഴിവാക്കപ്പെടാനിടയുള്ളവരുടെ കൂട്ടത്തില്‍ കമ്മിന്‍സുമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ ഇനി 31 മല്‍സരങ്ങളാണ് യുഎഇയില്‍ നടക്കാനിരിക്കുന്നത്. ഇന്ത്യയില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ കെകെആര്‍ ഏഴാംസ്ഥാനത്തായിരുന്നു.