IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത പ്രഹരം, സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് കളിക്കില്ല
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ പേസര്‍മാരിലൊരാളായ ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡ് ഈ സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണത്തെത്തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. ബയോ ബബിളിന്റെ പ്രശ്‌നത്തെത്തുടര്‍ന്ന് ഈ സീസണിനില്ലെന്ന് ഇന്നലെ മറ്റൊരു ഓസീസ് താരമായ മിച്ചല്‍ മാര്‍ഷ് തീരുമാനമെടുത്തതിന് പിന്നാലെയാണ് ഹെയ്‌സല്‍വുഡിനും സീസണ്‍ നഷ്ടമാവുന്നത്.
പ്രധാനമായും സ്പിന്നിനെ ആശ്രയിക്കുന്ന സിഎസ്‌കെയില്‍ മികച്ച പേസര്‍മാരുടെ അഭാവമുണ്ട്. അതിനാല്‍ത്തന്നെ ടീമിനൊപ്പം കളിച്ച് പരിചയസമ്പത്തുള്ള താരങ്ങള്‍ പോകുന്നത് ടീമിന് തിരിച്ചടിയായേക്കും. അതേ സമയം ഹെയ്‌സല്‍വുഡിന് പകരക്കാരനെ സിഎസ്‌കെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'വ്യത്യസ്തമായ സമയങ്ങളിലായി 10 മാസത്തോളം ബയോ ബബിളിലും ക്വാറന്റെയ്‌നും കഴിഞ്ഞു. ശാരീരികമായും മാനസികമായും വിശ്രമം എടുക്കണമെന്നും കുടുംബത്തോടൊപ്പം സമയം ചിലവിടണമെന്നും തീരുമാനിച്ചതിനാലാണ് ഇത്തവണ ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്'-ഹെയ്‌സല്‍വുഡ് ക്രിക്കറ്റ് ഡോട്ട് കോം ഡോട്ട് എയുവിനോട് പറഞ്ഞു.

2020ല്‍ മത്സരങ്ങളെല്ലാം കൊറോണ മഹാമാരിയില്‍ മുങ്ങിപ്പോയതിനാല്‍ 2021ല്‍ ടീമുകള്‍ക്കെല്ലാം തിരക്കിട്ട മത്സരക്രമമാണ്. കൊറോണ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ നിയന്ത്രണങ്ങളാണ് താരങ്ങള്‍ക്കുള്ളത്. ബയോ ബബിള്‍ സുരക്ഷ വിട്ട് പുറത്തുപോകാന്‍ അനുമതിയില്ല. കൂടാതെ ക്വാറന്റെയ്‌നും നോക്കേണ്ടി വരും. ഇതെല്ലാം താരങ്ങളെ മാനസികമായി വളരെയധികം ബാധിക്കുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകള്‍, ടി20 ലോകകപ്പ്, ആഷസ് തുടങ്ങിയ വമ്പന്‍ പരമ്പരകള്‍ ഓസ്‌ട്രേലിയക്ക് വരാനുണ്ട്. അതിനാല്‍ത്തന്നെ വിശ്രമം വേണമെന്ന നിലപാടാണ് ഹെയ്‌സല്‍വുഡിന്. അവസാന സീസണില്‍ സിഎസ്‌കെയിലെത്തിയ ഹെയ്‌സല്‍വുഡിന് മൂന്ന് മത്സരത്തിലാണ് അവസരം ലഭിച്ചത്. ഒരു വിക്കറ്റും സ്വന്തമാക്കി. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കുള്ള ബൗളറാണ് ഹെയ്‌സല്‍വുഡ്.
അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കാതിരുന്ന സിഎസ്‌കെ ഇത്തവണ നേരത്തെ തന്നെ പരിശീലന ക്യാംപ് ആരംഭിച്ചിരുന്നു. സുരേഷ് റെയ്‌ന, ചേതേശ്വര്‍ പുജാര, റോബിന്‍ ഉത്തപ്പ എന്നിവര്‍ ഈ സീസണില്‍ ടീമിലേക്ക് എത്തിയതോടെ ടീമിന്റെ കരുത്ത് ഉയര്‍ന്നിട്ടുണ്ട്. മുംബൈയിലാണ് സിഎസ്‌കെയുടെ ആദ്യ മത്സരങ്ങള്‍ വരുന്നത്. പേസിനെ തുണയ്ക്കുന്ന മുംബൈയില്‍ സിഎസ്‌കെയുടെ പ്രകടനം കണ്ടറിയണം. ദീപക് ചഹാര്‍, ലൂങ്കി എന്‍ഗിഡി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് ടീമിലെ പ്രധാന പേസര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications