ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ച് രാഹുല്‍ തെവാത്തിയ ടീമിന് അഞ്ചു വിക്കറ്റിന്റെ വിജയം സമ്മാനിച്ചിരുന്നു. ഹൈദരാബാദ് വിജയത്തിന്റെ വക്കില്‍ നില്‍ക്കെയായിരുന്നു അവസാന മൂന്നോവറില്‍ തെവാത്തിയയുടെ മിന്നല്‍ ബാറ്റിങ് കളി രാജസ്ഥാന്റെ ഭാഗത്തേക്കു മാറ്റിയത്. 28 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 45 റണ്‍സെടുത്ത അദ്ദേഹം മാന്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

159 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 78 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. അവിടെ നിന്നാണ് തെവാത്തിയയും റിയാന്‍ പരാഗും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ രാജസ്ഥാനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. അപരാജിതമായ ആറാം വിക്കറ്റില്‍ ഇരുവരും 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെറിഞ്ഞ 18ാം ഓവറില്‍ തെവാത്തിയ ഹാട്രിക്ക് ബൗണ്ടറികള്‍ നേടിയിരുന്നു. ഈ ഓവറില്‍ 14 റണ്‍സും രാജസ്ഥാന്‍ നേടി. എന്തുകൊണ്ടാണ് റാഷിദിനെതിരേ താന്‍ തുടരെ മൂന്നു ബൗണ്ടറികള്‍ നേടിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് തെവാത്തിയ.
വിക്കറ്റ് വീണു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ക്രീസിന്റെ ഒരു ഭാഗത്ത് പിടിച്ചുനില്‍ക്കാനും ബൗണ്ടറി ബോളുകള്‍ക്കാ കാത്തു നില്‍ക്കാനും തീരുമാനിക്കുകയായിരുന്നു. ആത്മവിശ്വാസത്തോടെ കളിച്ചാല്‍ അവസാനം വരെ ക്രീസില്‍ തുടരാനും ടീമിനെ ജയിപ്പിക്കാനും കഴിയുമെന്ന് അറിയാമായിരുന്നു. റാഷിദിനെതിരേ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള അവസരമുണ്ടെന്ന് തിരിച്ചറിഞ്ഞ താന്‍ അത് പ്രാവര്‍ത്തികമാക്കി ബൗണ്ടറികള്‍ നേടുകയായിരുന്നുവെന്ന് തെവാത്തിയ വിശദമാക്കി.
വിജയം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ് പേസര്‍ ഖലീല്‍ അഹമ്മദുമായുള്ള കൊമ്പുകോര്‍ക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് തെവാത്തിയയുടെ മറുപടി ഇങ്ങനെയായിരുന്നു- അതു വലിയ കാര്യമൊന്നുമല്ല. അപ്പോഴത്തെ ആ നിമിഷത്തിലെ ഒരു കൊമ്പുകോര്‍ക്കല്‍ മാത്രമായി ഇതിനെ കണ്ടാല്‍ മതി.