അബുദാബി: ഐപിഎല്ലില്‍ അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം രണ്ടു റണ്‍സിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റതിനു പിന്നാലെ കോച്ച് അനില്‍ കുംബ്ലെയ്‌ക്കെതിരേ വാളോങ്ങി ആരാധകര്‍. രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ കുംബ്ലെ നേരിട്ടു കൊണ്ടിരിക്കുന്നത്. പലരും അദ്ദേഹത്തെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഇന്ത്യന്‍ കോച്ച് സ്ഥാനത്തു നിന്നും ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇടപെടല്‍ കാരണം കുംബ്ലെയെ നീക്കിയതിനെ ചിലര്‍ അഭിനന്ദിക്കുകയും ചെയ്തു.

ഈ സീസണില്‍ പഞ്ചാബിനു നേരിട്ട തുടര്‍ച്ചയായ ആറാമത്തെ തോല്‍വിയായിരുന്നു കെകെആറിനെതിരേയുള്ളത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാവുകയും ചെയ്തിരിക്കുകയാണ്. കെകെആറിനെതിരേ അവസാന രണ്ടോവറില്‍ പഞ്ചാബിന് ജയിക്കാന്‍ 20 റണ്‍സ് മാത്രം മതിയായിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ മികച്ച ഇന്നിങ്‌സുമായി അപ്പോള്‍ ക്രീസിലുമുണ്ടായിരുന്നു.
എന്നാല്‍ പ്രസിദ്ധ് കൃഷ്ണയുടെ 19ാം ഓവറില്‍ വെറും ആറു റണ്‍സാണ് പഞ്ചാബിന് നേടാനായത്. പ്രഭ്‌സിമ്രന്‍ സിങ്, രാഹുല്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. പരിചയ സമ്പന്നനായ ഗ്ലെന്‍ മാക്‌സ്വെല്ലിനും മുമ്പ് മല്‍സര പരിചയമില്ലാത്ത പ്രഭ്‌സിമ്രാനെ ബാറ്റിങിനായി ക്രീസിലേക്കയച്ച കുംബ്ലെയുടെ തീരുമാനത്തെ ആരാധകര്‍ ചോദ്യം ചെയ്തു. പഞ്ചാബിനു 16 പന്തില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു കുംബ്ലെയുടെ ഈ ചൂതാട്ടം.

സമ്മര്‍ദ്ദഘട്ടത്തില്‍ ബാറ്റിങിനിറങ്ങിയ താരത്തിന് ആദ്യത്തെ മൂന്നു പന്തിലും റണ്ണെടുക്കാനായില്ല. ഏഴു പന്തില്‍ നാലു റണ്‍സോടെ പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയ മാക്‌സ്വെല്‍ അഞ്ചു പന്തില്‍ രണ്ടു ബൗണ്ടറികള്‍ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. കളിയില്‍ പഞ്ചാബ് തോറ്റതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ കുംബ്ലെയോടുള്ള രോഷം തീര്‍ക്കുകയായിരുന്നു.
വീണ്ടും തോറ്റിരിക്കുന്നു.... 14 മല്‍സരങ്ങളില്‍ നിന്നും ഒരു ജയത്തിലേക്കു ടീമിനെ നയിക്കുന്നതിന് മുമ്പ് പ്രീതി സിന്‍ഡ ദയവ് ചെയ്ത് അനില്‍ കുംബ്ലെയെ പുറത്താക്കണം. 8-9 റണ്‍സ് അവസാനത്തെ കുറച്ച് ഓവറില്‍ വേണമെന്നിരിക്കെ ലോകത്ത് ആരെങ്കിലും മാക്‌സ്വെല്ലിനും മുമ്പ് പ്രഭ്‌സിമ്രനെ അയക്കുമോ? എന്തൊരു നാശമാണിതെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
കുംബ്ലെയെ പുറത്താക്കി വിരാട് കോലി ഏറ്റവും നല്ല കാര്യമാണ് ഇന്ത്യന്‍ ടീമിനു വേണ്ടി ചെയ്തതെന്നായിരുന്നു ഒരു പ്രതികരണം.
സിമ്രന്‍സിങാണ് കൂടുതല്‍ മികച്ച താരമെന്ന് തോന്നുന്നുണ്ടെങ്കില്‍ പിന്നെയെന്തിന് മാക്‌സ്വെല്ലിനെ കളിപ്പിക്കണം, ഉടനടി കുംബ്ലെയെ പുറത്താക്കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടു.
കുംബ്ലെ എന്തൊരു ചതിയനാണെന്നായിരുന്നു ട്വിറ്ററില്‍ ഒരു പരിഹാസം.
അനില്‍ കുംബ്ലെജി നിങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്. പഞ്ചാബിനെ ജയിക്കാമായിരുന്ന മല്‍സരങ്ങളില്‍പ്പോലും നിങ്ങള്‍ തോല്‍പ്പിക്കുകയാണ്. നാലു മല്‍സരങ്ങള്‍ പഞ്ചാബ് എളുപ്പത്തില്‍ വിജയിക്കേണ്ടതായിരുന്നു. പക്ഷെ ടീമിനെ നിങ്ങള്‍ നശിപ്പിച്ചു കളഞ്ഞുവെന്ന് ഒരാള്‍ രോഷം പ്രകടിപ്പിച്ചു.
വാക്കുകളില്ല, ഈ മനുഷ്യനെ കാണുമ്പോള്‍ വളരെ അസ്വസ്ഥത തോന്നുന്നു. വളരെ ദയനീയം. കുംബ്ലെയില്‍ നിന്നും മെച്ചപ്പെട്ടത് പ്രതീക്ഷിച്ചിരുന്നു. തീരുമാനങ്ങളിലെ പിഴവുകള്‍ കാരണം ആറു മല്‍സരങ്ങളില്‍ നാലിലും നമ്മള്‍ പരാജയപ്പെട്ടു. തലച്ചോറ് കുറച്ചെങ്കിലും ഉപയോഗിക്കുന്ന ആരെയെങ്കിലും കൊണ്ടു വരൂയെന്ന് ഒരാള്‍ ആവശ്യപ്പെട്ടു.