IPL 2020: വീണ്ടും നാണംകെട്ട് സിഎസ്‌കെ, പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം ഫോം തുടരുന്നു. ഏഴ് മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ അഞ്ച് മത്സരത്തിലും തോറ്റിരിക്കുകയാണ്. ഇനി പ്ലേ ഓഫിലെത്താന്‍ ബാക്കിയുള്ള ഏഴ് മത്സരം മാത്രം ജയിച്ചാല്‍ പോര, മറ്റ് ടീമുകളുടെ ഫലവും ഇതിനെ സ്വാധീനിക്കും. എല്ലാ സീസണലും പ്ലേ ഓഫ് കളിച്ച ടീമെന്ന റെക്കോഡ് ഇത്തവണത്തോടെ സിഎസ്‌കെയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 37 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ സിഎസ്‌കെയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെയാണ്?

ഡെത്ത് ഓവറില്‍ തല്ലുവാങ്ങി
താരതമ്യേനെ അച്ചടക്കമുള്ള ബൗളിങ്ങായിരുന്നു സിഎസ്‌കെയുടേതെങ്കിലും ആര്‍സിബിക്കെതിരെ ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങി. വിരാട് കോലിയും ശിവം ദുബെയും കത്തിക്കയറിയതോടെ അവസാന നാല് ഓവറില്‍ ആര്‍സിബി അടിച്ചെടുത്തത് 66 റണ്‍സാണ്. ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ സാധിച്ചിരുന്നെങ്കില്‍ 150ല്‍ താഴെ ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു.
ഡ്വെയ്ന്‍ ബ്രാവോ താരതമ്യേനെ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ സാം കറാന്‍ അവസാന ഓവറുകളില്‍ തല്ലുവാങ്ങി. കറാന്റെ പിഴവ് എന്നതിലുപരിയായി വിരാട് കോലിയുടെ ബാറ്റിങ് മികവായിരുന്നു റണ്‍സ് ഉയരാന്‍ കാരണം. 4 ഓവറില്‍ 48 റണ്‍സാണ് കറാന്‍ വഴങ്ങിയത്. ശര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 40 റണ്‍സ് വിട്ടുകൊടുത്തു. സ്പിന്നര്‍മാര്‍ക്കും കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചില്ല. ഇതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.

പ്രതിരോധത്തിലൂന്നിയ ബാറ്റിങ്
ടി20 ഫോര്‍മാറ്റിന് ഉതകുന്ന ബാറ്റിങ് ശൈലിയുള്ള ആരും തന്നെ നിലവില്‍ സിഎസ്‌കെയിലില്ല. ആര്‍സിബിക്കെതിരേ ഓപ്പണര്‍മാര്‍ അമിതമായി പ്രതിരോധിച്ച് കളിച്ചത് ടീമിന് തിരിച്ചടിയായി. അനായാസമായി റണ്‍സുയര്‍ത്തേണ്ട പവര്‍പ്ലേ ഓവറുകളില്‍ ഇഴഞ്ഞ് നീങ്ങിയത് ടീമിനെയാകെ പ്രതിസന്ധിയിലാക്കി. 5.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ നേടിയത് വെറും 25 റണ്‍സാണ്. ഷെയ്ന്‍ വാട്‌സണ്‍ (18 പന്തില്‍ 14),ഫഫ് ഡുപ്ലെസിസ് (10 പന്തില്‍ 8),അമ്പാട്ടി റായിഡു (40 പന്തില്‍ 42),ജഗദീശന്‍ (28 പന്തില്‍ 33),ധോണി (6 പന്തില്‍ 10) തുടങ്ങിയവര്‍ക്കൊന്നും വിജയിക്കാന്‍ പ്രാപ്തമായ ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. ഇതേ ബാറ്റിങ് ശൈലിയും ഇനിയും മാറിയില്ലെങ്കില്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെയ്ക്ക് മടങ്ങേണ്ടി വരും.

സമ്മര്‍ദ്ദം നിറഞ്ഞ സിഎസ്‌കെ
ഐപിഎല്ലില്‍ മൂന്ന് തവണ കിരീടം നേടിയ ടീമാണ് സിഎസ്‌കെ. എല്ലാത്തവണയും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുന്ന മഞ്ഞപ്പടയില്‍ ഇത്തവണ സമ്മര്‍ദ്ദം താരങ്ങളെ കീഴ്‌പ്പെടുത്തിയിരുക്കുന്നു. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം താരങ്ങളുടെ ബാറ്റിങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്. ധോണിയുടെ മുഖത്തും സമ്മര്‍ദ്ദം പ്രകടമാകുന്നു. ഇത്രയും മോശം സീസണ്‍ സിഎസ്‌കെയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സീനിയര്‍ താരങ്ങളുടെ നീണ്ടനിര ടീമിന് ബാധ്യതയാവുകയാണ്. ഫഫ് ഡുപ്ലെസിസ് ഒഴികെ മറ്റുള്ള സീനിയര്‍ താരങ്ങളുടെ ഫീല്‍ഡിങ് പോലും നിരാശപ്പെടുത്തുന്നതാണ്. മിഡ് ട്രാന്‍സ്ഫറില്‍ സിഎസ്‌കെ ടീമില്‍ മാറ്റം വരുത്താനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications