ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഒന്നോ, രണ്ടോ പുതിയ ടീമുകള്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ മാറ്റത്തെ സ്വാഗതം ചെയ്ത് ഇന്ത്യയുടെ മുന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. പുതിയ ടീമുകളെ ഐപിഎല്ലില്‍ അവതരിപ്പിക്കേണ്ട സമയമാണിതെന്നും കൂടുതല്‍ താരങ്ങള്‍ക്കു ഇതു അവസരമൊരുക്കുമെന്നും മുന്‍ ഇതിഹാസവും ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറുമായ ദ്രാവിഡ് ചൂണ്ടിക്കാട്ടി.

2021ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ ഒമ്പത് ടീമുകളുണ്ടായിരിക്കുമെന്നും ദീപാവലിക്കു ശേഷം ബിസിസിഐ പുതിയ ടീമുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല 2023ല്‍ 10 ടീമുകള്‍ ഐപിഎല്ലില്‍ വന്നേക്കുമെന്നുമുള്ള സൂചനയുമുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിസിഐ നീക്കത്തെ മുന്‍ ജൂനിയര്‍ ടീം കോച്ച് കൂടിയായ ദ്രാവിഡ് സ്വാഗം ചെയ്തിരിക്കുന്നത്.
പ്രതിഭയുടെ കാര്യത്തില്‍ ഐപിഎല്‍ വിപുലീകരണത്തിന് തയ്യാറാണെന്നു താന്‍ കരുതുന്നു. ഒരുപാട് പ്രതിഭാശാലികളായ താരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്. അവര്‍ക്കു അവസരം തുറന്നു കിട്ടണമെങ്കില്‍ ഐപിഎല്ലില്‍ ഇനിയും ടീമുകള്‍ വരേണ്ടതെന്നും ദ്രാവിഡ് വിശദമാക്കി.
കൂടുതല്‍ ടീമുകള്‍ വന്നാല്‍ പ്രതിഭയുള്ള കളിക്കാര്‍ ഈ ടീമുകളിലെല്ലാം ഇടം പിടിക്കും. ടീമുകകള്‍ വര്‍ധിക്കുന്നതു കൊണ്ട് കളിയുടെ നിലവാരം കുറയില്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമയായ മനോജ് ബദാലെയുടെ ഒരു പുതിയ ഇന്നിങ്‌സെന്ന പുസ്തകം ഓണ്‍ലൈനായി പ്രകാശനം ചെയ്തു സംസാരിക്കവെയായിരുന്നു ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. ബദാലെയും മുന്‍ ഇംഗ്ലണ്ട് താരം സൈണ്‍ ഹ്യൂസും ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്.
ഐപിഎല്ലിനെ വിപുലീകരിക്കുന്നതിനെ ബദാലെയും സ്വാഗതം ചെയ്തു. ബിസിസിഐ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. എന്തു സമീപനമാണ് െൈക്കാള്ളേണ്ടത് എന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. 2021ലെ ഐപിഎല്ലില്‍ ഒമ്പത് ടീമുകളെ അണിനിരത്തുകയെന്നത് പ്രാവര്‍ത്തികമാണ്. ഇതിന്റെ അനന്തര ഫലമായി ടൂര്‍ണമെന്റില്‍ ഉച്ചയ്ക്കു കൂടുതല്‍ മല്‍സരങ്ങളും നടത്തേണ്ടി വരും. അതോടൊപ്പം ടൂര്‍ണമെന്റിന്റെ നിലവാരവും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നു ബദാലെ കൂട്ടിച്ചേര്‍ത്തു.