ദുബായ്: പരിക്കിനെ തുടര്‍ന്നു ഐപിഎല്ലിന്റെ 13ാം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നു പിന്‍മാറിയ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രഖ്യാപിച്ചു. പൃഥ്വിരാജ് യാറയായിരിക്കും ഭുവിക്കു പകരം ടീമിലെത്തുകയെന്ന് ഹൈദരാബാദ് ട്വിറ്ററിലൂടെ അറിയിച്ചു. പരിക്കു കാരണം ഭുവനേശ്വര്‍ കുമാര്‍ ഡ്രീം 11 ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരിക്കുന്നു. അദ്ദേഹത്തിന് എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാവട്ടെയെന്നു ആശംസിക്കുന്നു. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഭുവിക്കു പകരക്കാരനായി പൃഥ്വിരാജ് യാറയെത്തുമെന്നായിരുന്നു ഹൈദരാബാദ് ടീമിന്റെ ട്വീറ്റ്.

22 കാരനായ യാറ 11 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും ഒമ്പത് ലിസ്റ്റ് എ മല്‍സരങ്ങളിലും മൂന്നു ടി20 മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് കരിയിറില്‍ 39 വിക്കറ്റുകളാണ് ഇടംകൈയന്‍ മീഡിയം പേസറായ താരം നേടിയത്. ടി20 ക്രിക്കറ്റില്‍ നാലു വിക്കറ്റുകളും വീഴ്ത്തി.
ഈ മാസം രണ്ടിനു ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് ഭുവിയുടെ അരക്കെട്ടിന്നു പരിക്കുപറ്റിയത്. തുടര്‍ന്നു ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പാടുപെടുന്ന ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ ഹൈദരാബാദിന് ഭുവിയുടെ പിന്‍മാറ്റം ഷോക്കായി മാറിയിരുന്നു.

ചെന്നൈയ്‌ക്കെതിരേ നടന്ന മല്‍സരത്തിന്റെ 19ാമത്തെ ഓവറിലായിരുന്നു ഭുവിക്കു പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ഇന്നിങ്‌സ് അവസാനിക്കുന്നതിനു മുമ്പ് തന്നെ ഗ്രൗണ്ടില്‍ നിന്നു തിരികെ പോവുകയും ചെയ്തിരുന്നു. ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും രണ്ടു തവണ ഇത് പൂര്‍ത്തിയാക്കാനാവാതെ ഭുവി ഗ്രൗണ്ടിലിരുന്നു. തുടര്‍ന്ന് ഫിസിയോ ഗ്രൗണ്ടിലെത്തുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍മാറുകയുമായിരുന്നു. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ ഭുവി ഹൈദരാബാദ് നിരയില്‍ ഇല്ലായിരുന്നു. ഡിസംബറില്‍ നടക്കാനിരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് പരിക്കില്‍ നിന്നും മുക്തനായി ക്രിക്കറ്റിലേക്കു മടങ്ങിവരികയാവും ഇനി ഭുവിയുടെ ലക്ഷ്യം.