ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിറം മങ്ങിയ ടീം എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. 14 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനക്കാരായാണ് സിഎസ്‌കെ സീസണ്‍ അവസാനിപ്പിച്ചത്. വയസന്‍ പടയെന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും മൂന്ന് തവണ കപ്പടിച്ച് എതിരാളികളുടെ വായടപ്പിച്ച സിഎസ്‌കെയ്ക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു.
ഒത്തിണക്കമുള്ള പ്ലേയിങ് ഇലവനെ കണ്ടെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയി എന്നതാണ് വാസ്തവം. അവസാന മൂന്ന് മത്സരങ്ങളും വിജയിച്ച് പഞ്ചാബിന്റെയടക്കം പ്ലേ ഓഫിലേക്കുള്ള വഴിമുടക്കിയാണ് സിഎസ്‌കെ ഈ സീസണ്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ വരുന്ന സീസണില്‍ സിഎസ്‌കെയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി എന്തെന്ന് ടീമിന്റെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് വ്യക്തമാക്കിയിരിക്കുകയാണ്.

'അടുത്ത വര്‍ഷം ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നത് വലതും മനോഹരവുമായ വെല്ലുവിളിയാണ്. റുധുരാജ് ജയ്ഗ്‌വാദിനെപ്പോലെ മികച്ച യുവതാരങ്ങള്‍ യുവത്വവും സീനിയോരിറ്റിയും ഇടകലര്‍ന്നുള്ളവരാണ്. ശ്രീനിവാസനും സിഎസ്‌കെയും തിരഞ്ഞെടുത്ത അതേ ടീമുമായാണ് ഞങ്ങള്‍ മടങ്ങിപ്പോകുന്നത്. സ്ഥിരതയുള്ള ക്രിക്കറ്റ് കളിക്കുന്നതിനായി ചില കാര്യങ്ങള്‍ ചെയ്യണമെന്നാണ് ചിന്തിക്കുന്നത്. അതിനായുള്ള പദ്ധതിയിലാണ്. വലിയ ഉത്തരവാദിത്തമാണത്. ഇത്തരം മനോഹരമായ വെല്ലുവിളികളാണ് ഐപിഎല്ലിനെ മനോഹരമാക്കുന്നത്'-ഫ്‌ളമിങ് പറഞ്ഞു.
അടുത്ത സീസണില്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്ന സൂചനയാണ് ഫ്‌ളമിങ് നല്‍കുന്നത്. ഷെയ്ന്‍ വാട്‌സണ്‍ വിരമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കായിക ക്ഷമതയില്‍ വളരെ മോശം അവസ്ഥയിലുള്ള വാട്‌സണ്‍ അടുത്ത സീസണില്‍ ഉണ്ടായേക്കില്ല. നായകസ്ഥാനത്ത് എം എസ് ധോണി തുടരും. ഇക്കാര്യം നേരത്തെ ടീം സിഇഒയും പിന്നാലെ ധോണിയും വ്യക്തമാക്കിയിരുന്നു. അമ്പാട്ടി റായിഡു ഫഫ് ഡുപ്ലെസിസ് തുടങ്ങിയവരും ടീമിലെ സ്ഥാനം നിലനിര്‍ത്തിയേക്കും. കേദാര്‍ ജാദവ് ടീമില്‍ നിന്ന് പുറത്തുപോയേക്കും. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സിഎസ്‌കെ താരം കേദാര്‍ ജാദവാണ്. എന്നാല്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ മികച്ച റെക്കോഡുള്ള കേദാറിനെ സിഎസ്‌കെ നിലനിര്‍ത്തുമോയെന്ന് കണ്ടറിയണം.
വരുന്ന സീസണില്‍ ചില സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. സുരേഷ് റെയ്‌നയുടെ അഭാവം ടീമിനെ വല്ലാതെ ബാധിച്ചു. ഇനി സിഎസ്‌കെയിലേക്ക് റെയ്‌ന തിരിച്ചെത്തില്ല. അതിനാല്‍ത്തന്നെ മൂന്നാം നമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്തേണ്ടതുണ്ട്. പവര്‍ ഹിറ്റര്‍മാരായ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്. ഇത് നികത്താനുള്ള നടപടികളും ടീം സ്വീകരിച്ചേക്കും. പേസ് ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. എന്നാല്‍ സ്പിന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.