IPL 2020: കേദാറാണ് നാലാം നമ്പറില്‍, ധോണിക്ക് ഫിനിഷര്‍ റോള്‍- സിഎസ്‌കെ കോച്ച് ഫ്‌ളമിങ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ വിമര്‍ശനം ശക്തമാവുകയാണ്. മുംബൈക്കെതിരേ വിജയത്തോടെ തുടങ്ങിയ സിഎസ്‌കെ പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. ധോണിയുള്‍പ്പെടുന്ന ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് സിഎസ്‌കെയെ അലട്ടുന്നത്. ഹൈദരാബാദിനോട് ഏഴ് റണ്‍സിന് പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സിഎസ്‌കെയ്‌ക്കെതിരേ എത്തുന്നത്. ഇതില്‍ പ്രധാനം എം എസ് ധോണിയുടെ ബാറ്റിങ് ഓഡര്‍ സംബന്ധിച്ചത്.

ആദ്യ മത്സരങ്ങളില്‍ ഏഴാം നമ്പറിലും ആറാം നമ്പറിലും എത്തിയ ധോണി ഇന്നലെ അഞ്ചാം നമ്പറിലാണ് എത്തിയത്. എന്നാല്‍ ഹൈദരാബാദിനെതിരേ കേദാര്‍ ജാദവ് ഇറങ്ങിയ നാലാം നമ്പറില്‍ ധോണി എത്തണമെന്നായിരുന്നു ആരാധകര്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ടീമിന്റെ ബാറ്റിങ് ഓഡര്‍ വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്.

'കേദാര്‍ ജാദവാണ് നാലാം നമ്പറിലെ ഞങ്ങളുടെ താരം. എം എസ് ധോണി മധ്യനിരയിലെ അവസാന സ്ഥാനത്താണ് ഇറങ്ങുക. രണ്ട് റോളാണ് ജാദവിനുള്ളത്. മികച്ച തുടക്കം ലഭിച്ചാല്‍ ധോണിയുടെ സ്ഥാനത്തേക്ക് ജാദവ് മാറും. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെട്ടാല്‍ നാലാമനായി കേദാര്‍ എത്തും'-ഫ്‌ളമിങ് വ്യക്തമാക്കും. 7.4 കോടി രൂപക്ക് ടീമിലെത്തിച്ച കേദാര്‍ ഏറെ നാളായി ക്രിക്കറ്റ് കളിക്കാത്തതിനാല്‍ത്തന്നെ താളം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്.

മധ്യനിരയില്‍ തരക്കേടില്ലാത്ത റെക്കോഡുണ്ടെങ്കിലും ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. പാര്‍ട് ടൈം സ്പിന്നര്‍ക്കൂടിയാണ് കേദാര്‍ എങ്കിലും ഏറെ നാളായി പന്തെറിയാന്‍ അവസരം ലഭിക്കാറില്ല. ഹൈദരാബാദിനെതിരേ 10 പന്തില്‍ മൂന്ന് റണ്‍സാണ് ജാദവ് നേടിയത്. ഫഫ് ഡുപ്ലെസിസിനെ റണ്ണൗട്ടാക്കിയതും കേദാര്‍ ആണെന്നാണ് ആരാധക വിമര്‍ശനം. എന്തായാലും ജാദവിന്റെ പകരക്കാരനെ കണ്ടെത്തേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യ കാര്യമാണ്.

ജഡേജയുടെ ഇന്നിങ്‌സിനെ ഫ്‌ളമിങ് പുകഴ്ത്തി. 'ജഡേജ മികച്ച ഇന്നിങ്‌സാണ് പുറത്തെടുത്തത്. ഞങ്ങള്‍ പ്രതിസന്ധിയില്‍ ആയിരുന്നതിനാല്‍ ധോണിക്കും ജഡേജക്കും അല്‍പ്പം സമയം എടുക്കേണ്ടി വന്നു. വളരെ അടുത്തെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ധോണിയുടെ പ്രകടനം പ്രചോദനം നല്‍കുന്നതായിരുന്നു'-ഫ്‌ളമിങ് പറഞ്ഞു. ഇത്തവണത്തെ ഷെയ്ന്‍ വാട്‌സണിന്റെ പ്രകടനും വിമര്‍ശനത്തിന് വിധേയമാകുന്നു. മികച്ച റെക്കോഡുള്ള വാട്‌സണ്‍ നാല് മത്സരത്തിലും നിരാശപ്പെടുത്തി.

'ഫഫ് ഡുപ്ലെസിസ് മാത്രമാണ് ഫോമിലുള്ളത്. റായിഡു പരിക്കിന് ശേഷമാണ് തിരിച്ചെത്തിയത്. കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. വിജയിക്കണമെങ്കില്‍ ടോപ് ഓഡറിലെ നാല് ബാറ്റ്‌സ്മാന്‍ ശോഭിക്കേണ്ടത് അനിവാര്യമാണ്'-മത്സര ശേഷം ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു. ആദ്യ പവര്‍പ്ലേയില്‍ വലിയ സ്‌കോര്‍ നേടാനാകാത്തത് സിഎസ്‌കെയ്ക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ഹൈദരാബാദിനെതിരേ 14 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ വെറും 71 റണ്‍സ് മാത്രമായിരുന്നു സിഎസ്‌കെയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സിഎസ്‌കെ. പ്ലേ ഓഫിലെത്താന്‍ ഇനി തുടര്‍ ജയങ്ങള്‍ത്തന്നെ സിഎസ്‌കെയ്ക്ക് വേണ്ടിവരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications