അബുദാബി: ഐപിഎല്ലിലെ അറുപിശുക്കനെന്ന റെക്കോര്‍ഡ് ഇനി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന് സ്വന്തം. ഈ സീസണില്‍ എസ്ആര്‍എച്ചിനായി നടത്തിയ മാന്ത്രിക പ്രകടനത്തോടെ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് റാഷിദ്. ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് സ്പിന്നര്‍ വീഴ്ത്തിയത്. ഏഴു റണ്‍സിന് മൂന്നു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവും കുറഞ്ഞ ഇക്കോണമി റേറ്റില്‍ 20ഉം അതില്‍ കൂടുതലും വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡാണ് റാഷിദിനെ തേടിയെത്തിയത്. വെറും 5.37 ഇക്കോണമി റേറ്റിലാണ് താരം 20 വിക്കറ്റുകള്‍ കൊയ്തത്. അതായത് 64 ഓവറുകളെറിഞ്ഞ റാഷിദ് വഴങ്ങിയത് 344 റണ്‍സ് മാത്രമാണ്. ഒരു മെയ്ഡനും ഇതിലുള്‍പ്പെടുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് റാഷിദ് പഴങ്കഥയാക്കിയിരിക്കുന്നത്. 2013ലെ ഐപിഎല്ലില്‍ 5.47 ഇക്കോണമി റേറ്റില്‍ നരെയ്ന്‍ 22 വിക്കറ്റുകളെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് ഈ സീസണില്‍ 5.37 എന്ന ഇക്കോണമി റേറ്റാക്കി റാഷിദ് തിരുത്തിയിരിക്കുന്നത്.
ഏറ്റവും മികച്ച മൂന്നാമത്തെ ഇക്കോണമി റേറ്റും നരെയ്‌ന് അവകാശപ്പെട്ടതാണ്. 2012ലെ ഐപിഎല്ലില്‍ 5.48 ഇക്കോണമി റേറ്റില്‍ അദ്ദേഹം 24 വിക്കറ്റുകള്‍ കൊയ്തിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക (5.95, 28 വിക്കറ്റ്, 2011), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അനില്‍ കുംബ്ലെ (5.86, 21 വിക്കറ്റ്, 2009) എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള മറ്റു ബൗളറര്‍മാര്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ രണ്ടില്‍ റാഷിദ് നാലോവറില്‍ 26 റണ്‍സിനു ഒരു വിക്കറ്റെടുത്തിരുന്നു. ഇതോടെയാണ് അദ്ദേഹം 20 വിക്കറ്റുകള്‍ തികയ്ക്കുകയും പുതിയ റെക്കോര്‍ഡിന് ഉടമയാവുകയും ചെയ്തത്. മല്‍സരത്തില്‍ എസ്ആര്‍എച്ചിനായി ഏറ്റവും കുറച്ചു റണ്‍സ് വഴങ്ങിയതും റാഷിദായിരുന്നു. പക്ഷെ കളിയില്‍ റാഷിദിന്റെ ടീമിനു വിജയിക്കാനായില്ല. എസ്ആര്‍എച്ചിനെ 17 റണ്‍സിനു തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ചൊവ്വാഴ്ചത്തെ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് അവരുടെ എതിരാളികള്‍.