IPL 2020: ധോണിക്ക് സമയം നല്‍കൂ, അദ്ദേഹം തിരിച്ചുവരും; പിന്തുണയുമായി ഗാംഗുലി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്ന താരമാണ് സിഎസ്‌കെ നായകന്‍ എം എസ് ധോണി. ഇടവേളയ്ക്ക് ശേഷം ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ കാത്തിരുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. ആറാമനായും ഏഴാമനായും ബാറ്റിങ്ങിനിറങ്ങുന്ന ധോണിക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താനെ സാധിക്കുന്നില്ല. ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വി സിഎസ്‌കെയും വഴങ്ങിയതോടെ ധോണിക്കെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ധോണിക്ക് ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി പിന്തുണ അറിയിച്ചിരിക്കുകയാണ്. ധോണിക്ക് സമയം നല്‍കാനാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. 'നിലവിലെ സാഹചര്യത്തില്‍ ധോണിക്ക് പഴയ ഫോമിലേക്കെത്താന്‍ അല്‍പ്പംകൂടി സമയമെടുക്കും. ഒന്നര വര്‍ഷത്തോളം കളിക്കാതിരുന്ന ശേഷമാണ് ധോണി കളിക്കാനായി എത്തിയിരിക്കുന്നത്.

എത്രത്തോളം മികച്ചവനാണെങ്കിലും ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം തിളങ്ങുക എളുപ്പമല്ല. അതിന് അല്‍പ്പം സമയമെടുക്കും-സൗരവ് ഗാംഗുലി പറഞ്ഞു. സാധാരാണ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറങ്ങുന്ന ധോണി ഇത്തവണ ബാറ്റിങ് ഓഡറില്‍ ഏഴാമനായി എത്തുന്നതാണ് ആരാധകരെയടക്കം നിരാശപ്പെടുത്തുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വരെ ധോണിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ധോണി മുന്നില്‍ നിന്ന് നയിക്കണമെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്.

39കാരനായ ധോണി ഈ വര്‍ഷം ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ധോണിയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ ഐപിഎല്‍ ആയതിനാല്‍ത്തന്നെ ആരാധകര്‍ ഒരുപാട് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷ കാക്കാന്‍ ആദ്യ മത്സരങ്ങളില്‍ സാധിച്ചില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിക്ക് ശേഷം ടീമില്‍ നിന്ന് ഇടവേളയെടുത്ത ധോണി ഐപിഎല്ലിലാണ് പിന്നീട് കളിക്കാന്‍ എത്തുന്നത്. ഇന്ത്യന്‍ ടീമിലേക്ക് ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ധോണിയുടെ മോശം പ്രകടനത്തില്‍ നിരാശയില്ലെന്നും ധോണിക്ക് പിന്തുണ നല്‍കുന്നുവെന്നുമാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങും അഭിപ്രായപ്പെട്ടത്. ഏറെ നാളായി ക്രിക്കറ്റ് കളിക്കാത്തതിനാല്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ അല്‍പ്പം സമയമെടുക്കും. അതിനാലാണ് അദ്ദേഹം ഏഴാമനായി ബാറ്റിങ്ങിനിറങ്ങുന്നതെന്നും ഫ്‌ളമിങ് വിശദമാക്കിയിരുന്നു. എന്നാല്‍ ആരാധകര്‍ ധോണിയില്‍ നിന്ന് വളരെ പ്രതീക്ഷിക്കുന്നതിനാല്‍ ധോണി തിളങ്ങേണ്ടത് ടീമിനും അദ്ദേഹത്തിനും അത്യാവശ്യമാണ്.

മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ വയസന്‍ ബാറ്റിങ് നിര എല്ലാത്തവണത്തേതും പോലെ ഇത്തവണ ശോഭിക്കുന്നില്ല. ഫഫ് ഡുപ്ലെസിസ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. അമ്പാട്ടി റായിഡു,ഡ്വെയ്ന്‍ ബ്രാവോ,ഇമ്രാന്‍ താഹിര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. സ്പിന്‍ നിരയും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതും ടീമിനെ പ്രതിസന്ധിയിലാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications