ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തുപറയാന്‍ ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോര്‍ഡിന് അവകാശിയായി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ക്വാളിഫയര്‍ വണ്ണില്‍ പൂജ്യത്തിനു പുറത്തായതോടെയാണിത്. ഡോള്‍ഡന്‍ ഡെക്കായാണ് ഹിറ്റ്മാന്‍ പുറത്തായത്. ഡല്‍ഹിയുടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ബൗളിങില്‍ രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

ഈ കളിയില്‍ ഡെക്കായതോടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത്തിനെ തേടിയെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇതു 13ാം തവണയാണ് അദ്ദേഹം റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇതോടെ കൂടുതല്‍ തവണ ഐപിഎല്ലില്‍ ഡെക്കായ താരമെന്ന ചെന്നൈ സൂപ്പര്‍കിങ്‌സ് ഹര്‍ഭജന്‍ സിങ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം രോഹിത്തുമെത്തി.
പിന്‍തുടഞെരമ്പിനേറ്റ പരിക്കു കാരണം ഐപിഎല്ലിലെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായ രോഹിത് ലീഗില്‍ അവസാന റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിനെതിരേയാണ് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയത്. ഈ കളിയിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായില്ല. ഏഴു പന്തില്‍ നാലു റണ്‍സെടുത്ത രോഹിത്തിനെ പേസര്‍ സന്ദീപ് ശര്‍മ ഔട്ടാക്കുകയായിരുന്നു.
ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിക്കെതിരേ രോഹിത്തിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും അത് മുംബൈയ്ക്കു തിരിച്ചടിയായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ മുംബൈ അഞ്ചു വിക്കറ്റിന് 200 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഇഷാന്‍ കിഷന്‍ (55*), സൂര്യകുമാര്‍ യാദവ് (51) എന്നിവരുടെ ഫിഫ്റ്റികളും ക്വിന്റണ്‍ ഡികോക്ക് (40), ഹാര്‍ദിക് പാണ്ഡ്യ (37*) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് മുംബൈയെ ശക്തമായ നിലയിലെത്തിച്ചത്.
30 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ്‍ ഇഷാന്‍ ടീമിന്റെ ടോപ്്‌സ്‌കോററായത്. യാദവ് 38 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ഹാര്‍ദിക് വെറും 14 പന്തിലാണ് അഞ്ചു കൂറ്റന്‍ സിക്‌സറുകളുടെ അകമ്പടിയോടെ 37 റണ്‍സ് വാരിക്കൂട്ടിയത്. ഡികോക്ക് 25 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.