
നിര്‍ണായക സമയത്തു ക്രീസില്‍ വന്ന ജാദവ് വരുണ്‍ ചക്രവര്‍ത്തിയെ പതിവിലേറെ ബഹുമാനിച്ചു. ഇദ്ദേഹത്തിന്റെ നാലാം പന്ത് മുന്നോട്ടാഞ്ഞ് ജാദവ് പ്രതിരോധിച്ചു. അഞ്ചാം പന്തും ആറാം പന്തും ടെസ്റ്റ് മത്സരത്തെ അനുസ്മരിപ്പിക്കുംവിധം താരം എതിരിട്ടു. ഫലമോ, റണ്‍സ് പിറക്കാതെ മൂന്നു പന്തുകള്‍ ചെന്നൈയ്ക്ക് വെറുതെ പാഴായി. ജാദവിന്റെ ഈ സമീപനം സാം കറന്റെ മേലാണ് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചത്. റസ്സലിന്റെ 18 ആം ഓവറിലെ ആദ്യ പന്തില്‍ വമ്പനടിക്ക് മുതിര്‍ന്ന സാം കറന്‍ (11 പന്തില്‍ 17) കവറില്‍ നിന്ന ഇയാന്‍ മോര്‍ഗന്റെ കൈകളില്‍ അവസാനിച്ചു.

തുടര്‍ന്ന് രവീന്ദ്ര ജഡേജ ബാറ്റു ചെയ്യാനെത്തി. റസ്സലിന്റെ ഓവറില്‍ കേവലം 3 റണ്‍സെടുക്കാന്‍ മാത്രമേ ജാദവ് - ജഡേജ സഖ്യത്തിന് കഴിഞ്ഞുള്ളൂ. സുനില്‍ നരെയ്‌ന്റെ 19 ആം ഓവറിലാകട്ടെ രണ്ടു ഫോറടക്കം 10 റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ അവസാന ഓവറില്‍ 26 റണ്‍സ് അടിക്കേണ്ട ഗതിയായി ചെന്നൈയ്ക്ക്. ഒരിക്കല്‍ക്കൂടി റസ്സലാണ് പന്തെടുത്തത്. സ്‌ട്രൈക്കില്‍ കേദാര്‍ ജാദവും. ആദ്യ രണ്ടു പന്തുകളില്‍ സിംഗിളെടുക്കാന്‍ പോലും ജാദവിന് കഴിഞ്ഞില്ല. മൂന്നാം പന്തില്‍ ഒരു റണ്‍ ഓടി ജഡേജയ്ക്ക് സ്‌ട്രൈക്ക് കിട്ടിയപ്പോഴേക്കും ചെന്നൈ തോറ്റിരുന്നു.

എന്തായാലും നാലാം പന്തിനെ ജഡേജ സിക്‌സറിന് പറത്തി. അഞ്ചാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തി. ആറാം പന്ത് ഒരുവട്ടം കൂടി അതിര്‍ത്തി കണ്ടു. 8 പന്തില്‍ 21 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. ജാദവെടുത്തത് 12 പന്തില്‍ 7 റണ്‍സും. ടീമില്‍ ബ്രാവോയും ജഡേജയുമുള്ളപ്പോള്‍ എന്തിന് കേദാര്‍ ജാദവിനെ ഇറക്കിവിട്ടു? ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനോടുള്ള ആരാധകരുടെ രോഷംനിറഞ്ഞ ചോദ്യമിതാണ്. എന്തായാലും സംഭവത്തില്‍ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് വിശദീകരണവുമായി രംഗത്തുവന്നത് കാണാം.

പ്ലേയിങ് ഇലവനില്‍ ബാറ്റ്‌സ്മാന്മാരുടെ കുറവുണ്ടോയെന്ന ചോദ്യത്തിനാണ് സ്റ്റീഫന്‍ ഫ്‌ളെമിങ് മറുപടി നല്‍കുന്നത്. 'ടീമില്‍ ബാറ്റ്‌സ്മാന്മര്‍ കുറവാണെന്ന അഭിപ്രായമില്ല. ടീമില്‍ ബാറ്റ്‌സ്മാന്മാര്‍ നിരവധിയാണ്. അതുകൊണ്ടാണ് ബ്രാവോയ്ക്ക് എട്ടാം നമ്പറില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത്', ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി.
Most Read: സിഎസ്‌കെയില്‍ അവന്റെ കളി മഹാമോശം, തോല്‍വി ഉറപ്പിച്ചു, ധോണി ദേഷ്യപ്പെടുമെന്ന് ചോപ്ര!!

'ഇന്ത്യയ്ക്ക് വേണ്ടി മധ്യനിരയിലും വാലറ്റത്തും ബാറ്റു ചെയ്യുന്ന താരമാണ് കേദാര്‍ ജാദവ്. മാത്രമല്ല കൊല്‍ക്കത്തയുടെ ഓഫ് സ്പിന്നര്‍മാരായ സ്പിന്നര്‍മാരായ നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും ആക്രമിച്ചു കളിക്കാന്‍ ജാദവിന് കഴിയുമെന്ന് മാനേജ്‌മെന്റ് കരുതി. ശേഷം ജഡേജയെത്തി ഫിനിഷ് ചെയ്യുമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്പിന്നര്‍മാരെ മികവോടെ നേരിടാന്‍ ജാദവിന് കഴിഞ്ഞില്ല', ഫ്‌ളെമിങ് വിശദീകരിച്ചു. ടീമില്‍ ബാറ്റ്‌സ്മാന്മാരുടെ ആധിക്യമുണ്ടെന്നാണ് ഫ്‌ളെമിങ്ങിന്റെ പക്ഷം. നിര്‍ണായക സമയത്ത് ഓപ്ഷനുകള്‍ ഒരുപാടുണ്ട്. എന്തായാലും കഴിഞ്ഞമത്സരത്തിലെ തോല്‍വിയുടെ ഘടകങ്ങള്‍ മാനേജ്‌മെന്റ് പുനഃപരിശോധിക്കുമെന്ന് ഫ്‌ളെമിങ് വ്യക്തമാക്കി.


Click it and Unblock the Notifications