IPL 2020: ചാംപ്യന്‍മാരായി, ഒപ്പം അവസാന സ്ഥാനക്കാരും- കൈയടിയും കൂവലും നേരിട്ട ടീമുകള്‍
ഐപിഎല്ലിന്റെ ആവേശകരമായ മറ്റൊരു സീസണ്‍ കൂടി ക്ലൈമാക്‌സിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലീഗ് ഘട്ടം കഴിഞ്ഞതോടെ ഇനിയുള്ളത് പ്ലേഓഫ് മല്‍സരങ്ങളാണ്. ചാംപ്യന്‍മാരായ രണ്ടു ടീമുകളും കന്നിക്കിരീടം സ്വപ്‌നം കാണുന്ന രണ്ടു ടീമുകളുമാണ് ഇനി ട്രോഫിക്കായി രംഗത്തുള്ളത്.ടൂര്‍ണമെന്റിന്റെ നേരത്തേയുള്ള ഫോര്‍മാറ്റ് ഇങ്ങനെയായിരുന്നില്ല. അന്ന് പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ സെമി ഫൈനലാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് കൂടുതല്‍ ആവേശകരമായ ഫോര്‍മാറ്റിലേക്കു മാറിയിട്ടുണ്ട്. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ഒരു ടീമിന് ഒരൊറ്റ ജയം മാത്രം നേടി ഫൈനലിലെത്താം. എന്നാല്‍ മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു ഫൈനലിലെത്താന്‍ രണ്ടു മല്‍സരങ്ങളില്‍ ജയിക്കേണ്ടതുണ്ട്.
13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ആറു ടീമുകളാണ് കിരീടത്തിന് അവകാശികളായത്. എന്നാല്‍ ഒരു സീസണില്‍ ചാംപ്യന്‍മാരാവുകയും മറ്റൊരു സീസണിലെ ലീഗ് ഘട്ടത്തില്‍ അവസാന സ്ഥാനക്കാരായി മാറുകയും ചെയ്ത് നാണക്കേടുണ്ടാക്കിയ ചില ഫ്രാഞ്ചൈസികളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

രാജസ്ഥാന്‍ റോയല്‍സ് (2008 ചാംപ്യന്‍മാര്‍, 2020ല്‍ അവസാനസ്ഥാനം)
2008ലെ പ്രഥമ ഐപിഎല്‍ സീസണിലെ അപ്രതീക്ഷിത ജേതാക്കളായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. വമ്പന്‍ താരങ്ങളൊന്നുമില്ലാതിരുന്നിട്ടും ടീം ഗെയിമിലൂടെ അവര്‍ കിരീടമുയര്‍ത്തുകയായിരുന്നു. 14 ലീഗ് മല്‍സരങ്ങളില്‍ 11ലും ജയിച്ച രാജസ്ഥാന്‍ സെമി ഫൈനലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയായിരുന്നു രാജസ്ഥാന്റെ കിരീടധാരണം.
എന്നാല്‍ ഈ സീസണില്‍ സ്റ്റീവ് സ്മിത്ത് നയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് നാണംകെട്ടിരുന്നു. 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമേ രാജസ്ഥാനു ജയിക്കാനായുള്ളൂ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2012,14 ജേതാക്കള്‍, 2009ല്‍ അവസാന സ്ഥാനം)
രണ്ടു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സൗരവ് ഗാംഗുലി, ബ്രെന്‍ഡന്‍ മക്കുല്ലം, റിക്കി പോണ്ടിങ്, ഷുഐബ് അക്തര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ കളിച്ചിട്ടുള്ള ടീം കൂടിയാണ് കെകെആര്‍.
2008 മുതല്‍ 10 വരെയുള്ള സീസണില്‍ ടോപ്പ് ഫോറില്‍പ്പോലുമെത്താന്‍ അവര്‍ക്കായില്ല. 2009ലാവട്ടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു കെകെആര്‍. 14 മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് മൂന്നെണ്ണത്തില്‍ മാത്രമായിരുന്നു.
2011ലായിരുന്നു ഗൗതം ഗംഭീറിനു കീഴില്‍ കെകെആറിനെ അടിമുടി ഉടച്ചുവാര്‍ക്കുന്നത്. അടുത്ത നാലു വര്‍ഷത്തിനിടെ രണ്ടു കിരീടങ്ങളും അവരെ തേടിയെത്തി. 2012, 14 സീസണുകളിലായിരുന്നു ഇത്. രണ്ടു തവണ ഗംഭീര്‍ തന്നെയായിരുന്നു ക്യാപ്റ്റന്‍. ഈ സീസണില്‍ നെറ്റ് റണ്‍റേറ്റിന്റെ വ്യത്യാസത്തിലാണ് കെകെആറിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്.

ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2009ല്‍ ജേതാക്കള്‍, 2008ല്‍ അവസാന സ്ഥാനം)
നിലവില്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സാണ് ആദ്യമായി ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരും അതോടൊപ്പം അവസാനസ്ഥാനക്കാരുമായ ഫ്രാഞ്ചൈസി. 2008ലെ പ്രഥമ സീസണില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് നാണംകെട്ട ഡെക്കാന്‍ തൊട്ടടുത്ത സീസണില്‍ ചാംപ്യന്മാരായാണ് വിമര്‍ശകര്‍ക്കു മറുപടി നല്‍കിയത്.
ആദ്യ സീസണില്‍ വിവിഎസ് ലക്ഷ്മണായിരുന്നു ഡെക്കാന്‍ ക്യാപ്റ്റന്‍. ആദം ഗില്‍ക്രിസ്റ്റ്, രോഹിത് ശര്‍മ, ഷാഹിദ് അഫ്രീഡി, ആന്‍ഡ്രു സൈമണ്ട്‌സ് എന്നീ വമ്പന്‍ താരങ്ങളുടെ നിരയുണ്ടായിട്ടും ആദ്യ സീസണില്‍ ഡെക്കാന്‍ ഫ്‌ളോപ്പായി മാറി.
തൊട്ടടുത്ത സീസണില്‍ ഗില്‍ക്രിസ്റ്റിനു കീഴിലായിരുന്നു ഡെക്കാന്‍ കളിച്ചത്. ലീഗ് ഘട്ടത്തില്‍ ഏഴു മല്‍സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂവെങ്കിലും നോക്കൗട്ട് റൗണ്ടുകളില്‍ മികച്ച പ്രകടനം നടത്തി ഡെക്കാന്‍ ജേതാക്കളാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications