അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏകപക്ഷീയമായ തോല്‍വിയേറ്റു വാങ്ങിയിരുന്നു. 57 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും സ്റ്റീവ് സ്മിത്തിന്റെ ടീമിനെ കെട്ടുകെട്ടിച്ചത്. ഈ മല്‍സരത്തിലെ തോല്‍വിയുടെ ആഘാതം മാറും മുമ്പ് സ്മിത്തിന് അടുത്ത പ്രഹരമേറ്റിരിക്കുകയാണ്. 12 ലക്ഷം രൂപ താരത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്നാണിത്. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണിത്.

രാജസ്ഥാന്‍ ടീമിന് അവര്‍ക്കു നല്‍കിയ നിശ്ചിത സമയത്തിനുള്ള 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സീസണില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ ടീമിന് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. ഇതേ തുടര്‍ന്ന് 12 ലക്ഷം രൂപ പിഴയടയ്ക്കാന്‍ സ്മിത്തിനോടു ആവശ്യപ്പെടുകയായിരുന്നു.
അബുദാബിയില്‍ നടന്ന കളിയില്‍ രാജസ്ഥാനെതിരേ ആധികാരിക വിജയമായിരുന്നു മുംബൈ സ്വന്തമാക്കിയത്. സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ജയിച്ചു കൊണ്ട് തുടങ്ങിയ രാജസ്ഥാന് ഹാട്രിക് തോല്‍വിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. ബാറ്റിങിലും ബൗളിങിലും ആദ്യ രണ്ടു കളികളിലെ മിടുക്ക് പിന്നീട് അവര്‍ക്കു ആവര്‍ത്തിക്കാനായിട്ടില്ല.
കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാനെതിരേ ടോസ് ലഭിച്ച മുംബൈ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (79) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ മുംബൈ നാലു വിക്കറ്റിന് 193 റണ്‍സ് അടിച്ചെടുത്തു. യാദവിനെക്കുടാതെ നായകന്‍ രോഹിത് (35), ഹാര്‍ദിക് പാണ്ഡ്യ (30*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
മറുപടിയില്‍ റണ്‍ചേസില്‍ രാജസ്ഥാന്‍ അമ്പെ പാളി. 18.1 ഓവറില്‍ 136 റണ്‍സിനു അവരുടെ പോരാട്ടം അവസാനിച്ചു. ഓപ്പണര്‍ ജോസ് ബട്‌ലറുടെ (70) ഇന്നിങ്‌സാണ് അവരെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ജോഫ്ര ആര്‍ച്ചര്‍ 24 റണ്‍സെടുത്തു. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. നാലോവറില്‍ 20 റണ്‍സിന് നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് രാജസ്ഥാന്റെ കഥ കഴിച്ചത്. ട്രെന്റ് ബോള്‍ട്ടിനും ജെയിംസ് പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.