ഈ സീസണില്‍ ആരാധകര്‍ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പക്ഷെ താരത്തില്‍ നിന്നും എല്ലാവരും ആഗ്രഹിച്ചതു പോലെയൊരു ഇന്നിങ്‌സ് ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. ആക്രമിച്ചു ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പന്ത് പ്രതിരോധാത്മക ശൈലിയിലാണ് ഈ സീസണില്‍ ഇതുവരെ കളിച്ചത്. ഇതു കാരണം കാര്യമായ സംഭാവനയും പന്തില്‍ നിന്നും ടീമിനു ലഭിച്ചില്ല.

മുംബൈ ഇന്ത്യന്‍സിനെതിരേ ചൊവ്വാഴ്ച നടക്കുന്ന ഫൈനലിനു മുമ്പ് ഡല്‍ഹി കോച്ച് റിക്കി പോണ്ടിങിനോടു ഒരു അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കൂടുതല്‍ കരുതലോടെ കളിക്കാന്‍ പന്തിനോട് പോണ്ടിങ് നിര്‍ദേശിച്ചിട്ടുണ്ടാവുമെന്നാണ് താന്‍ കരുതുന്നത്. ഡല്‍ഹിയുടെ ഇന്നിങ്‌സിന്റെ അവസാനം വരെ അദ്ദേഹത്തോട് ബാറ്റ് ചെയ്യാന്‍ ശ്രമിക്കാനും കോച്ച് ആവശ്യപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടു തന്നെ കൂടുതല്‍ നോട്ടൗട്ടുകള്‍ ഈ സീസണില്‍ പന്തിന്റെ അക്കൗണ്ടില്‍ കാണാമെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
പന്ത് ശരിക്കുമൊരു ഒറ്റയാനെപ്പോലെയാണ്. അവന്‍ ആളുകളെ രസിപ്പിക്കുന്നയാളുമാണ്. ക്രീസിലെത്തിയാല്‍ എതിര്‍ ബൗളിങ് നിരയ്ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് പന്ത് ഇഷ്ടപ്പെടുന്നത്. അവനെ നിങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ പാടില്ല. കഴിഞ്ഞ കുറച്ചു പരമ്പരകള്‍ നോക്കൂ, പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 150നും മുകളിലാണ്. എതിര്‍ ടീമില്‍ നിന്നും കളി തട്ടിയെടുക്കാനുള്ള പ്രഹരശേഷി പന്തിനുണ്ടെന്നും ഹോഗ് വിലയിരുത്തി.

അടുത്ത മല്‍സരത്തിലെങ്കിലും പന്തിനു മേലുള്ള 'വിലങ്ങ്' അഴിച്ചു കൊടുക്കണം. ദയവു ചെയ്ത് ആളുകളെ രസിപ്പിക്കാന്‍ അവനെ നിങ്ങള്‍ അനുവദിക്കണം പോണ്ടിങ്. മികച്ച റിഷഭ് പന്തിനെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ ഡിസിക്കു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും 28.70 എന്ന മോശം ശരാശരിയില്‍ 109.12 എന്ന സ്‌ട്രൈക്ക് റേറ്റോടെ 287 റണ്‍സാണ് പന്ത് നേടിയത്.