IPL 2020: സിഎസ്‌കെ X ഡല്‍ഹി- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഡല്‍ഹിക്കെതിരായ തോല്‍വി. നിലവില്‍ 9 മത്സരത്തില്‍ 6ലും തോറ്റ സിഎസ്‌കെ 6 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ മത്സരങ്ങളില്‍ വിജയിച്ചാലും ടീമിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള സിഎസ്‌കെ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തുപോയിട്ടില്ല. ഇത്തവണ ഈ അഭിമാന നേട്ടം കാത്തുസൂക്ഷിക്കാന്‍ ധോണിക്കും സംഘത്തിനും ആകുമോയെന്ന് കണ്ടറിയണം. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സിഎസ്‌കെ അവസാനംവരെ പൊരുതിനോക്കിയെങ്കിലും വിജയിക്കാനായില്ല. മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃത്ഥ്വി ഷാ (ഡല്‍ഹി)
അവസാന മൂന്ന് മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷാ പുറത്തെടുക്കുന്നത്. ബാറ്റിങ് ടെക്‌നിക്കുകളില്‍ നിരന്തരം യുവതാരത്തിന് പിഴയ്ക്കുന്നു. സിഎസ്‌കെയ്‌ക്കെതിരേ ദീപക് ചഹാറിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് പൃത്ഥ്വി മടങ്ങിയത്. പൃത്ഥ്വി പെട്ടെന്ന് മടങ്ങുന്നത് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിനെ കാര്യമായി ബാധിക്കുന്നു. പവര്‍പ്ലേയില്‍ പൃത്ഥ്വി പിടിച്ചുനില്‍ക്കാത്ത മത്സരങ്ങളില്‍ ടീമിന്റെ റണ്‍നിരക്ക് കുറയുന്ന അവസ്ഥയാണുള്ളത്. രാജസ്ഥാനെതിരെയും മുംബൈക്കെതിരെയുമെല്ലാം തന്റേതായ പിഴവുകള്‍ക്കൊണ്ട് നിരാശപ്പെടുത്തിയ പൃത്ഥ്വി വരും മത്സരങ്ങളിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ പുറത്തിരിക്കേണ്ടി വരും.

എം എസ് ധോണി (സിഎസ്‌കെ)
സിഎസ്‌കെ നായകന്‍ എം എസ് ധോണിക്ക് ഇന്നലെ ഭാഗ്യദിവസമായിരുന്നില്ല. ബാറ്റിങ്ങില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ ധോണി 5 പന്തില്‍ വെറും മൂന്ന് റണ്‍സാണ് നേടിയത്. ആന്റിച്ച് നോക്കിയോയെ വമ്പന്‍ ഷോട്ട് കളിക്കാനുള്ള ധോണിയുടെ ശ്രമം അലക്‌സ് ക്യാരിയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിച്ചു. സീസണില്‍ ബാറ്റുകൊണ്ട് ധോണി വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നു. ടൈമിങ് കണ്ടെത്താന്‍ ധോണി വളരെയധികം പ്രയാസപ്പെടുന്നതാണ് ഇത്തവണ കാണുന്നത്.

അജിന്‍ക്യ രഹാനെ (ഡല്‍ഹി)
അജിന്‍ക്യ രഹാനെയ്ക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്നില്ല. റിഷഭ് പന്തിന് പരിക്കേറ്റതോടെ പകരം അലക്‌സ് ക്യാരി കീപ്പറായെത്തി. ഇതോടെ വിദേശ താരം ഹെറ്റ്‌മെയറിനും പുറത്തിരിക്കേണ്ടി വന്നു. ഇതിന് പകരമെത്തിയ രഹാനെ മൂന്നാം നമ്പറില്‍ തുടരെ പരാജയപ്പെടുകയാണ്. സിഎസ്‌കെയ്‌ക്കെതിരേ 10 പന്തില്‍ 8 റണ്‍സാണ് രഹാനെ നേടിയത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ അലക്‌സ് ക്യാരി പുറത്തുപോവുകയും ഹെറ്റ്‌മെയര്‍ തിരിച്ചെത്തുകയും ചെയ്യും. ഇതോടെ രഹാനെയ്ക്കും സ്ഥാനം നഷ്ടപ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications