IPL 2020: തുടരെ ആറു തോല്‍വികള്‍, ഒടുവില്‍ യുഎഇയില്‍ മുംബൈ അക്കൗണ്ട് തുറന്നു!
അബുദാബി: ഒടുവില്‍ യുഎഇയില്‍ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം തീര്‍ന്നു. അറബ് മണ്ണില്‍ തുടര്‍ച്ചയായ പരാജയ പരമ്പരയ്ക്കാണ് രോഹിത് ശര്‍മയും സംഘവും ഇപ്പോള്‍ അന്ത്യ കുറിച്ചിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ 49 റണ്‍സിന്റെ മിന്നുന്ന ജയത്തോടെ വലിയൊരു നാണക്കേടിന് അറുതിയിട്ടതിന്റെ ആശ്വാസത്തിലാണ് ഹിറ്റ്മാന്റെ ടീം.

ഇവിടെ ഇതിനു മുമ്പ് കളിച്ച ആറു മല്‍സരങ്ങളിലും മുംബൈ പരാജയമേറ്റുവാങ്ങിയിരുന്നു. ഡബിള്‍ ഹാട്രിക്ക് തോല്‍വികളെന്ന നാണക്കേട് ഒടുവില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈ അവസാനിപ്പിക്കുകയായിരുന്നു. ഈ സീസണിലെ ഉദ്ഘാടന മല്‍സരമടക്കമാണ് ആറു കളികളില്‍ മുംബൈ തകര്‍ന്നടിഞ്ഞത്. ശേഷിച്ച അഞ്ചു തോല്‍വികളും 2014ലെ ഐപിഎല്ലിലായിരുന്നു. അന്നു ടൂര്‍ണമെന്റിലെ ആദ്യ പാദ മല്‍സരങ്ങള്‍ക്കായിരുന്നു യുഎഇ ആതിഥേയത്വം വഹിച്ചത്.
അതേസമയം, കൊല്‍ക്കത്തയുടെ വിജയക്കുതിപ്പാണ് മറുഭാഗത്ത് അവസാനിച്ചത്. 2013നു ശേഷം ഐപിഎല്ലില്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ തോറ്റിട്ടില്ലെന്ന കെകെആറിന്റെ റെക്കോര്‍ഡാണ് ഇത്തവണ തിരുത്തപ്പെട്ടത്. 2013നു ശേഷം കളിച്ച എല്ലാ സീസണുകളിലും കെകെആര്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷമാണ് കെകെആറിനു കന്നിയങ്കത്തില്‍ കാലിടറിയത്.
ഐപിഎല്ലില്‍ കെകെആറിനെതിരേയുള്ള റെക്കോര്‍ഡ് ഈ മല്‍സരത്തിലെ വിജയത്തോടെ മുംബൈ ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു. കെകെആറിനെതിരേ മുംബൈയുടെ 20ാം വിജയമായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഒരു ടീമും എതിരാളിക്കെതിരേ ഇത്രയും മല്‍സരങ്ങളില്‍ വിജയിച്ചിട്ടില്ല. 17 മല്‍സരങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച കെകെആറാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications