ഐപിഎല്ലില്‍ വ്യാഴാഴ്ച നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ നടക്കാനിരിക്കുന്ന ക്വാളിഫയര്‍ വണ്‍ പോരാട്ടത്തില്‍ ജയിച്ച് ഫൈനലിലേക്കു മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറും ടോപ്‌സ്‌കോററുമായ ശിഖര്‍ ധവാന്‍. പരിക്ക് ഭേദമായി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചൊവ്വാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മല്‍സരത്തിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വെറും നാലു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

പിന്‍തുട ഞെരമ്പിനേറ്റ പരിക്കുകാരണം രണ്ടാഴ്ചയോളം വിശ്രമത്തിലായിരുന്നു രോഹിത്. ഐപിഎല്ലില്‍ ഇനി കളിക്കുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി എസ്ആര്‍എച്ചിനെതിരേ അദ്ദേഹം മുംബൈയെ നയിക്കാന്‍ ഇറങ്ങിയത്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും പരിക്ക് ചൂണ്ടിക്കാട്ടി രോഹിത്തിനെ ഒഴിവാക്കിയിരുന്നു.
രോഹിത് വളരെ മികച്ച താരമാണ്. എന്നാല്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കാത്തതിനാല്‍ അദ്ദേഹം യഥാര്‍ഥ ഫോമിലാണോയെന്ന കാര്യം സംശയമാണ്. അതിനര്‍ഥം ഞങ്ങള്‍ക്കു തീര്‍ച്ചയായും ഇത് മുതലെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണെന്നും ക്വാളിഫയര്‍ വണ്‍ മല്‍സരത്തിനു മുന്നോടിയായി ധവാന്‍ വ്യക്തമാക്കി. രോഹിത്തിന് എല്ലാ വിധ ആശംസകളും. എന്നാല്‍ എതിര്‍ ടീമിലായതിനാല്‍ ഞങ്ങള്‍ രോഹിത്തിന്റെ ഫോമില്ലായ്മ പരമാവധി മുതലെടുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക. ഇതിന് അനുസരിച്ച് ഗെയിം പ്ലാന്‍ തയ്യാറാക്കുമെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ധവാന്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഡിസിക്കുവേണ്ടി 500ന് മുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഈ ഫോം വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും തുടരാനാണ് തന്റെ ശ്രമമെന്നു അദ്ദേഹം പറയുന്നു. നല്ല സ്‌കോറുകള്‍ നേടാനായാല്‍ അടുത്ത പരമ്പരയിലും ഇത് ആവര്‍ത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക. ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണത്. മികച്ച പിച്ചുകളാണ് അവിടുത്തേത്, ഓസീസിന്റെ ബൗളിങും ഇഷ്ടമാണെന്ന് ധവാന്‍ വ്യക്തമാക്കി. 14 ഇന്നിങ്‌സുകളില്‍ നിന്നും തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളടക്കം 525 റണ്‍സ് ഡിസിക്കു വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം വലിയ ഇടവേളയ്ക്കു ശേഷം കളിക്കുന്ന പരമ്പരയാണിത്. അതുകൊണ്ടു തന്നെ വളരെ സ്‌പെഷ്യല്‍ കൂടിയാണ് ഓസീസ് പര്യടനം. എന്റെ ക്ലാസ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു. ഓസീസിനെതിരേ കളിച്ച അവസാനത്തെ അഞ്ച് ഏകദിനങ്ങളില്‍ രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം നേടിയിരുന്നു.