ദുബായ്: മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ന് കാണുന്ന തരത്തിലുള്ള മാറ്റം മറ്റൊരു രീതിയില്‍ ഉണ്ടായതാണെന്ന് ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. കരിയറിന്റെ തുടക്കത്തില്‍ ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഏതൊരു ബൗളറെയും തുടക്കത്തില്‍ തന്നെ ആക്രമിക്കുന്നതായിരുന്നു ധോണിയുടെ ശൈലി. തുടക്കം മുതല്‍ ആക്രമിച്ച് വലിയ സ്കോര്‍ നേടാനും ധോണി ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ധോണി ഈ കഴിവിനെ ഉപേക്ഷിക്കുന്നതാണ് കണ്ടത്. അത് എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഫോറും സിക്സറിനും പകരം സിംഗിളുകളിലും ഡബിളുകളിലും ധോണി കൂടുതല്‍ ശ്രദ്ധിച്ചെന്നും ബാംഗര്‍ പറഞ്ഞു.
എല്ലാ പന്തുകളിലും സിക്സറുകളും ഫോറും അടിക്കുന്നതിന് പകരം ആ സ്റ്റൈല്‍ തന്നെ ധോണി മാറ്റുന്നതാണ് കണ്ടത്. ഇത് ലോകത്തെല്ലായിടത്തും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു. വളരെ യൂണിക്കായിട്ടുള്ള ധോണിയുടെ ശൈലിയായിരുന്നു. മത്സരത്തെ ഏറ്റവും അടുത്തെത്തിക്കുന്നതും ഫിനിഷ് ചെയ്യുന്നതും ഈ സ്റ്റൈലിലൂടെയാണ് വന്നത്. നേരത്തെ എല്ലാ പന്തുകളെയും അടിച്ചുപറത്തിയിരുന്ന ധോണി, പിന്നീട് അങ്ങനെ എല്ലാ പന്തിലും അടിക്കാന്‍ ശ്രമിച്ചില്ല. അത് ഔട്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ടീമിന്റെ തോല്‍വിക്ക് അത് കാരണമാകും. വിക്കറ്റ് നഷ്ടപ്പെടാതെ കളിയെ പരമാവധി ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന തന്ത്രപരമായ സമീപനമായിരുന്നു ്ത്.
ധോണിയുടെ ആ സ്റ്റൈലിനെ കുറിച്ചാണ് ഞാന്‍ ഈ അടുത്താണ് അറിഞ്ഞത്. ധോണി തന്റെ തൈ പാഡില്‍ എന്താണ് ചെയ്യേണ്ടതെന്ന് എഴുതി വെക്കാറുണ്ടായിരുന്നു. ഒന്ന്, രണ്ട് റണ്‍സ് എടുക്കുക. പിന്നീട് നാല് റണ്‍സിനും ആറ് റണ്‍സിനും ശ്രമിക്കുക ഇതായിരുന്നു ധോണി സ്വീകരിച്ച ഫോര്‍മുല. മൂന്ന് പന്തുകള്‍ മിസ്സാകുന്നതിന് പകരം ആ മൂന്ന് പന്തില്‍ മൂന്ന് ഡബിളെടുത്താല്‍ ആറ് റണ്‍സ് നേടാന്‍ സാധിക്കും. ധോണിക്ക് വമ്പടിക്ക് സാധിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ അതിന് കൂടുതല്‍ റിസ്കുണ്ടായിരുന്നു. ആ നൈസര്‍ഗികമായ കഴിവിനെയാണ് ധോണി ഉപേക്ഷിച്ചത്. എല്ലാ കളിയിലും ധോണി ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ ആ തൈ പാഡിലേക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നു.
ഓരോ തവണയും അദ്ദേഹത്തിന് എന്താണ് ചെയ്യേണ്ടതെന്ന് അതിലൂടെ വ്യക്തമാകും. ധോണി മഹാനായ ഫിനിഷറായി മാറിയത് ആ തന്ത്രത്തിലൂടെയാണെന്നും ബാംഗര്‍ പറഞ്ഞു. ലോകത്തിലെ ഏതൊരു ഫിനിഷറും ഒരു ഘട്ടത്തില്‍ ഈ രീതി മനസ്സിലാക്കിയിട്ടുണ്ടാവും. തുടക്കത്തില്‍ തന്നെ ബൗളര്‍മാരെ കടന്നാക്രമിക്കുന്നതല്ല ബാറ്റിംഗ് ശൈലി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്കോര്‍ ബോര്‍ഡില്‍ റണ്സെത്തിക്കുന്നതാണ് പ്രധാനം. സിംഗിളും ഡബിളുകളും വളരെ പ്രധാനമാണ്. മൈക്കല്‍ ബെവനെയും എംഎസ് ധോണിയെയും ശ്രദ്ധിച്ചാല്‍ ഇക്കാര്യം അറിയാം. കളി ജയിക്കുന്നതിലാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ധോണിക്ക് ഇപ്പോള്‍ ബാറ്റിംഗ് പൊസിഷനിലുള്ള പ്രശ്നങ്ങളാണ് ഫോമിന് തടസ്സമാകുന്നതെന്നും ബാംഗര്‍ പറഞ്ഞു.