IPL 2020: ധോണി അടുത്ത സീസണില്‍ കളിക്കുമോ? സിഎസ്‌കെയില്‍ ക്യാപ്റ്റന്‍ കൂളിന് പകരക്കാര്‍ ഇവര്‍!!
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടര്‍ തോല്‍വികളോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. എന്നാല്‍ അടുത്ത സീസണിലേക്ക് അവര്‍ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തിലാണ് സസ്‌പെന്‍സ് ബാക്കിയുള്ളത്. സിഎസ്‌കെ മാനേജ്‌മെന്റ് ധോണിയുടെ പ്രകടനത്തില്‍ സംതൃപ്തരല്ല. ടീമിലെ പല താരങ്ങളെയും ധോണി സ്വന്തം താല്‍പര്യത്തിലാണ് നിലനിര്‍ത്തിയത്. ഫോമില്ലെന്ന് കണ്ടിട്ടും വയസ്സായ താരങ്ങളെ മാറ്റാന്‍ തയ്യാറാവാത്തതാണ് സിഎസ്‌കെയുടെ ദയനീയ പ്രകടനത്തിന് കാരണമായത്.
ഇതോടെ ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്ന സംശയം ശക്തമാണ്. എന്തായാലും ടീമില്‍ ക്യാപ്റ്റന്‍മാര്‍ റെഡിയാണ്. ധോണിയായത് കൊണ്ട് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് പോലെയുള്ള തീരുമാനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. ടീം പൊളിച്ചെഴുതുന്ന സാഹചര്യത്തില്‍ മൂന്ന് താരങ്ങള്‍ക്കാണ് ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന് അര്‍ഹതയുള്ളത്.

വാട്‌സണ്‍ മുന്‍നിരയില്‍
ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചാല്‍ ഏറ്റവും മികച്ച സാധ്യത ഷെയ്ന്‍ വാട്‌സണാണ്. എന്നാല്‍ ഇത്തവണ അദ്ദേഹം നല്ല രീതിയില്‍ കളിച്ചിട്ടില്ല. പക്ഷേ ഇതുവരെ 285 റണ്‍സ് അടിച്ചിട്ടുണ്ട് അദ്ദേഹം. ഡുപ്ലെസിയും അമ്പാട്ടി റായിഡുവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതും വാട്‌സണാണ്. വാട്‌സണ് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം കിരീടം നേടിയതിന്റെ മികവുണ്ട്. ധോണിയുടെ തന്ത്രങ്ങള്‍ നന്നായി മനസ്സിലാക്കുകയും ചെയ്യാം. വാട്‌സണാണ് ഏറ്റവുമധികം സാധ്യതയുള്ളത്. യുവതാരങ്ങളെ പരിഗണിച്ചാല്‍ സാം കറനാണ് യോഗ്യതയുള്ളത്. ഇംഗ്ലണ്ട് ടീമിനൊപ്പം വമ്പന്‍ മത്സരങ്ങളില്‍ കളിച്ച് ജയിച്ച പരിചയം സാം കറനുണ്ട്.

യോഗ്യനായ താരം
സിഎസ്‌കെയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ താരമാണ് ഫാഫ് ഡുപ്ലെസി. ഈ സീസണില്‍ 401 റണ്‍സ് നേടി മുന്‍നിരയിലുണ്ട് ഡുപ്ലെസി. ദക്ഷിണാഫ്രിക്കയെ നയിച്ചതിന്റെ മികവും അദ്ദേഹത്തിനുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 2218 റണ്‍സ് ഡുപ്ലെസി നേടിയിട്ടുണ്ട്. സമ്മര്‍ഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ കഴിവുള്ള താരം കൂടിയാണ് അദ്ദേഹം. ധോണിയുടെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കിയ ശീലവും ഡുപ്ലെസിക്കുണ്ട്. ധോണി സിഎസ്‌കെ മാനേജ്‌മെന്റിനോട് നിര്‍ദേശിക്കാന്‍ സാധ്യതയുള്ള താരവും ഡുപ്ലെസിയാണ്. ഓപ്പണറായി തിളങ്ങുകയും ചെയ്യുന്നതിനാല്‍ സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാരന്‍ കൂടിയാണ് ഡുപ്ലെസി.

റായിഡുവിന്റെ സാധ്യത
അമ്പാട്ടി റായിഡുവും ധോണിക്ക് പകരം ക്യാപ്റ്റനായി പരിഗണിക്കാവുന്ന താരമാണ്. എന്നാല്‍ റായിഡുവിന്റെ സ്ഥിരതയില്ലായ്മാണ് ഏറ്റവും വലിയ പ്രശ്‌നം. ഈ സീസണില്‍ 291 റണ്‍സാണ് റായിഡു അടിച്ചത്. ഡുപ്ലെസി കഴിഞ്ഞാല്‍ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതും റായിഡു തന്നെയാണ്. മധ്യനിരയില്‍ മികച്ച രീതിയില്‍ കളിക്കാനും താരത്തിന് ശേഷിയുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി റായിഡുവിനെ തേടിയെത്തിയതാണ്. അതുകൊണ്ട് ക്യാപ്റ്റന്‍സി മോശമാകുമോ എന്ന ആശങ്ക സിഎസ്‌കെയ്ക്ക് ഉണ്ടാവില്ല. എന്നാല്‍ റായിഡു ബാറ്റിംഗ് ഫോം സ്ഥിരപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ധോണിയുടെ റോള്‍
ധോണി കളി അവസാനിപ്പിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പോലും ധോണിക്ക് പഴയ വേഗത്തിലെത്താന്‍ സാധിക്കുന്നില്ല. ബാറ്റിംഗില്‍ കരിയറില്‍ ആദ്യമായി ധോണി അവശനായി കാണപ്പെട്ടു. ഇതെല്ലാം അദ്ദേഹത്തിന് വിരമിക്കാന്‍ ആയെന്ന സൂചനയാണ് നല്‍കുന്നത്. ധോണിയും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹം പൊരുതി നോക്കാന്‍ പോലും ശ്രമിക്കുന്നില്ല. അതേസമയം അടുത്ത സീസണില്‍ സിഎസ്‌കെയുടെ മെന്‍ഡോര്‍ റോളില്‍ അദ്ദേഹം എത്തിയേക്കും. അങ്ങനെയെങ്കില്‍ ധോണി പറയുന്ന താരം തന്നെയാവും ടീമിന്റെ ക്യാപ്റ്റനാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications