
റായിഡുവും ബ്രാവോയും തിരിച്ചെത്തും
അമ്പാട്ടി റായിഡു,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്നത് സിഎസ്‌കെയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ റായിഡു പരിക്കേറ്റ് പുറത്തുപോവുകയായിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളും കളിക്കാന്‍ താരത്തിന് സാധിച്ചില്ല. റായിഡു നാലാം നമ്പറിലേക്കെത്തുന്നത് ടീമിന്റെ ബാറ്റിങ് കരുത്ത് ഉയര്‍ത്തും. അതേ സമയം കരീബിയന്‍ പ്രീമിയര്‍ ലീഗിന് ശേഷം യുഎഇയിലെത്തിയ ബ്രാവോ ഈ സീസണില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ബ്രാവോ തിരിച്ചെത്തുന്നതോടെ ടീമിന്റെ കരുത്ത് ഇരട്ടിക്കും. കാരണം മധ്യനിരയില്‍ ബാറ്റുകൊണ്ട് ഡെത്ത് ഓവറുകളില്‍ സ്ലോ ബോളുകൊണ്ടും വിസ്മയിപ്പിക്കാനുള്ള മിടുക്ക് ബ്രാവോയ്ക്കുണ്ട്. നിലവിലെ താരങ്ങളുടെ ഫോം ഔട്ട് സിഎസ്‌കെയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഫഫ് ഡുപ്ലെസിസ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ഓപ്പണര്‍മാരുടെ പ്രകടനം തീര്‍ത്തും പരാജയം. ഷെയ്ന്‍ വാട്‌സണും മുരളി വിജയിക്കും ഇതുവരെ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേദാര്‍ ജാദവ്, എം എസ് ധോണി എന്നിവരുടെ ബാറ്റിങ്ങും മോശം. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിഎസ്‌കെ ഇറങ്ങുന്നത്. അതിനാല്‍ത്തന്നെ ധോണി ഫോം വീണ്ടെടുത്ത് ബാറ്റിങ് ഓഡറില്‍ നേരത്തെ എത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ഒട്ടുമിക്ക ടീമിന്റെയും സ്പിന്നര്‍മാര്‍ തിളങ്ങുമ്പോള്‍ രവീന്ദ്ര ജഡേജയും പീയൂഷ് ചൗളയും സിഎസ്‌കെ നിരയില്‍ നിരാശപ്പെടുത്തുന്നു. മൂന്ന് മത്സരത്തിലും ഇവര്‍ നന്നായി തല്ലുവാങ്ങി. ഇമ്രാന്‍ താഹിറിന്റെ പരിക്ക് ഭേദമായില്ലെന്നാണ് റിപ്പോര്‍ട്ട്.

ജയം തുടരാന്‍ ഹൈദരാബാദ്
ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം ഹൈദരാബാദിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഡല്‍ഹിക്കെതിരേ കണ്ടത്. കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് നിരയിലേക്ക് എത്തിയതോടെ ടീമിന്റെ കരുത്ത് ഉയര്‍ന്നു. ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നാല്‍ ടീമിനത് വലിയ നേട്ടമാകും. ബൗളിങ് നിരയും മെച്ചപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനം റാഷിദ് ഖാന്റെ തിരിച്ചുവരവാണ്. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ റാഷിദ് ഡല്‍ഹിക്കെതിരേ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായിരുന്നു. യുഎഇയില്‍ സ്പിന്‍ ബൗളര്‍മാര്‍ ശോഭിക്കുമെന്നതിനാല്‍ റാഷിദിന്റെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍,ഖലീല്‍ അഹ്മദ് എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ മധ്യനിരയില്‍ മികച്ച താരത്തിന്റെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നു.

സാധ്യതാ ഇലവന്‍
സിഎസ്‌കെ: ഷെയ്ന്‍ വാട്‌സണ്‍, റിധുരാജ് ജയ്ഗ്‌വാദ്, ഫഫ് ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, സാം കറാന്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ഡ്വെയ്ന്‍ ബ്രാവോ, പീയൂഷ് ചൗള.
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഖലീല്‍ അഹ്മദ്.


Click it and Unblock the Notifications